North Korean Nuclear Ambitions: A Study
October 29, 2020
CPPR Webinar on ‘US Presidential Election 2020: Charting the Future of US-India Ties’
November 2, 2020

കേരള കോൺഗ്രസ്(എം)ന്‍റെ മുന്നണിമാറ്റം എൽഡിഎഫിന് ഗുണകരമാകുമോ?

by ഡി. ധനുരാജ് & ഗൗതം കെ.എ.

അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ കേരള കോൺഗ്രസ്(എം) തങ്ങളുടെ ഏറ്റവും പുതിയ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചിരിക്കുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇടതുപക്ഷത്തേക്ക്. 2016 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങിയ അഞ്ചുവർഷം നീണ്ട രാഷ്ട്രീയനാടകത്തിന് ഒരു  പരിസമാപ്തിയും. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്(എം)ന്‍റെ മുന്നണി പ്രവേശനത്തോടുകൂടി  മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ഭൂപടത്തിൽ മികച്ച മുന്നേറ്റങ്ങൾ സാധ്യമാകുമെന്ന വാദങ്ങളുമായി സിപിഐഎം നേതൃത്വവും, അണികളില്ലാത്ത, നേതാക്കളുടെ മാത്രം പാർട്ടിയായി കേരള കോൺഗ്രസ്(എം) മാറുമെന്ന  മറുവാദവുമായി യുഡിഎഫ് നേതാക്കളും കളം നിറയുമ്പോൾ കേരളത്തിന്‍റെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തെ പറ്റിയും അതിന്‍റെ പരിണതഫലങ്ങളെ പറ്റിയും ഒരു അവലോകനം ആവശ്യമാണ്.

മധ്യകേരളത്തിൽ യുഡിഎഫിനുള്ള മേൽകയ്യിൽ കേരള കോൺഗ്രസ്(എം)ന്‍റെ  പങ്ക് ഒഴിച്ചുകൂടാനാകാത്തത് തന്നെയായിരുന്നു. എന്നിരുന്നാലും, കെ.എം മാണി എന്ന രാഷ്ട്രീയ അതികായൻ ഒഴിച്ചിട്ടുപോയ നേതൃസ്ഥാനത്തിന് അദ്ദേഹത്തിന്‍റെ പുത്രനായ ജോസ് കെ. മാണി എത്രത്തോളം യോഗ്യനാണെന്നും അദ്ദേഹത്തിന്‍റെ ജനസമ്മതി എത്രത്തോളമുണ്ടെന്നും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. മാണിയുടെ മരണശേഷം നടന്ന ആദ്യ ബൈ ഇലക്ഷനിൽ തന്നെ പാലാ സീറ്റ് നഷ്ടമായതിന് പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ കാരണമായിട്ടുണ്ടെങ്കിൽകൂടിയും അത് കെ.എം മാണിയുടെ മരണം വരുത്തിയ വിടവ് എത്രത്തോളം വലുതാണെന്ന സൂചനയാണ് നൽകുന്നത്. താൻ പൊരുതി നേടിയ പാലാ സീറ്റ് വിട്ടുകൊടുത്തുകൊണ്ട് ഒരു ധാരണക്കും നിൽക്കില്ലെന്ന് മാണി സി. കാപ്പൻ (എൻസിപി) പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി ഒരു ഉറച്ച സീറ്റ് എന്ന ചോദ്യം ജോസ് കെ. മാണിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാവണം.

എടുത്തുപറയത്തക്ക ഒരു പ്രത്യയശാസ്ത്രം ഇല്ലാത്തതും, ചുരുക്കം ചില  നേതാക്കൾക്ക് ചുറ്റും വട്ടംകറങ്ങുന്നതുമായ ഒരു രാഷ്ട്രീയ സ്വഭാവമാണ് കേരള കോൺഗ്രസിന്‍റെ എല്ലാ ഘടകങ്ങളും തുടക്കകാലം തൊട്ട് പിന്തുടർന്ന് പോന്നിട്ടുള്ളത്. അതിലുപരി, വലതുപക്ഷ രാഷ്ട്രീയ ചായ്‌വുള്ളവരാണ് പൊതുവെ കേരള കോൺഗ്രസിന്‍റെ അണികൾ എന്നതും തള്ളിക്കളയാൻ പറ്റാത്ത ഒരു വസ്തുതയാണ്. കെ.എം. മാണിയെ പോലെ ഒരു നേതാവിന്‍റെ ചട്ടക്കൂടിലേക്ക് കടക്കാൻ ജോസ് കെ. മാണിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ളതും, സ്വതവേ യുഡിഎഫ് അനുഭാവികളായ സ്വന്തം അണികളെ പുതിയ രാഷ്ട്രീയനിലപാടുകൾക്ക് അനുസരിച്ച് മാറ്റിയെടുക്കുവാൻ കഴിയുമോ എന്നതും കണ്ടറിയേണ്ടതാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ നാൾവഴികൾ പരിശോധിച്ചാൽ ഇടതുപക്ഷത്തോടൊപ്പം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുള്ള ഏതൊരു കേരള കോൺഗ്രസ് ഘടകത്തിനും പറയത്തക്ക നേട്ടമൊന്നും ഉണ്ടായതായി കാണുവാൻ കഴിയില്ല. 2001ൽ തൊടുപുഴ പി.ജെ. ജോസഫിനെ കയ്യൊഴിഞ്ഞതും, കടുത്തുരുത്തിയിൽ മോൻസ് ജോസഫ് തോൽവി അറിഞ്ഞതുമെല്ലാം കേരള കോൺഗ്രസ് ജോസഫ് പക്ഷം എൽഡിഎഫിൽ ആയിരുന്നപ്പോൾ ആണെന്ന് ചേർത്തുവായിക്കാവുന്നതാണ്. അതോടുകൂടിതന്നെ വിവിധ സഭാനേതൃത്വങ്ങൾക്കും, എൻഎസ്എസിനും ജോസഫ് പക്ഷത്തോടുള്ള നിലപാടും പ്രാധാന്യമർഹിക്കുന്നതുതന്നെയാണ്.

കേരള കോൺഗ്രസ്(എം)ന് സ്വാധീനമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട  എന്നീ ജില്ലകളിലെ മലയോരമേഖല മണ്ഡലങ്ങളിലേക്ക് ഒരു കടന്നുകയറ്റമായിരിക്കണം കേരള കോൺഗ്രസ് (എം)ലൂടെ  എൽഡിഎഫ്  പ്രതീക്ഷിക്കുന്നത്. ജോസഫിന്‍റെ ശക്തികേന്ദ്രങ്ങൾ അല്ലാത്ത മണ്ഡലങ്ങളിലെ ഫലത്തെ സ്വാധീനിക്കാമെന്നും എൽഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു. യുഡിഎഫുമായി തട്ടിച്ചുനോക്കുമ്പോൾ ശക്തമായ ഒരു നേതൃത്വം എൽഡിഎഫിന് ഉണ്ടെന്നുള്ളത് ഒരു അനുകൂല ഘടകമാണ്.      നേതാക്കൾക്കപ്പുറം അണികളെയും വിശ്വാസത്തിലെടുക്കാൻ കഴിയുന്നപക്ഷം മധ്യകേരളത്തിലെ ചില കീഴ്വഴക്കങ്ങൾ തെറ്റിക്കാൻ എൽഡിഎഫിന്  കഴിഞ്ഞേക്കും. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ഈ കൂറുമാറ്റത്തിന്‍റെ പ്രതിധ്വനികൾ പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പറ്റിയോ, പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ അതിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെ പറ്റിയോ ആറു മാസങ്ങൾക്ക് ഇപ്പുറം ഒരു പ്രവചനം അനൗചിത്യവുമാണ്. ഇടതുപക്ഷത്തിന്‍റെയും ഘടകകക്ഷികളുടെയും വിജയസാധ്യതകൾ സിപിഐഎംന്‍റെ തിരഞ്ഞെടുപ്പ്  പ്രകടനത്തിന് ആസ്പദമായിരിക്കുമെന്നതും, അത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കോലാഹലങ്ങളുടെ  ഭാവിക്കനുസരിച്ചായിരിക്കും എന്നുള്ളതുമാണ് വസ്തുത.

ജോസ് പക്ഷത്തിന്‍റെ ഈ മുന്നണിമാറ്റം എൽഡിഎഫിനെ എങ്ങനെ  സ്വാധീനിക്കുമെന്നതും, എൽഡിഎഫിലെ സിപിഐഎം ഘടകകക്ഷികളുടെ നിലപാടുകളിൽ ഇത് എന്തൊക്കെ മാറ്റം വരുത്തും എന്നുള്ളതും വരും നാളുകളിൽ നമുക്ക് കാണാം. പാലാ  സീറ്റ് വിട്ടുകൊടുത്ത് ഒരു ഒത്തുതീർപ്പിന് എൻസിപിയും, ചങ്ങനാശ്ശേരി ഉപേക്ഷിക്കാൻ സിപിഐയും തയ്യാറാകാത്തപക്ഷം എൽഡിഎഫിൽ ഉടലെടുത്തേക്കാവുന്ന അസ്വാരസ്യങ്ങളും പ്രസക്തമായ ചോദ്യങ്ങളാവും. അതേസമയം, മധ്യകേരളത്തിൽ ഇന്ന് കോൺഗ്രസ് നേരിടുന്ന ശക്തമായ ഒരു നേതൃത്വത്തിന്‍റെ അഭാവവും രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ഒന്നാണ്. ഈ ചോദ്യങ്ങൾ തൽക്കാലം മുന്നണി നേതൃത്വങ്ങൾക്കും ബാക്കി ജനങ്ങൾക്കും വിട്ടുകൊടുക്കാം.

Dr D Dhanuraj is Chairman and Goutham KA is Project Associate at Centre for Public Policy Research. Views expressed are personal and need not reflect or represent the views of Centre for Public Policy Research.

Featured Image source: OnManorama

Avatar photo
+ posts

Leave a Reply

Your email address will not be published. Required fields are marked *