കൊച്ചി: പനമ്പള്ളിനഗറിലെ തെരുവോരഭക്ഷണ കച്ചവടക്കാർക്കായി ടൗൺ വെൻഡിംഗ് കമ്മിറ്റി നിയോഗിച്ച പുതിയ വ്യാപാരമേഖലയിലേയ്ക്ക് മാറാൻ കച്ചവടക്കാർക്ക് താത്പര്യമില്ല. നഗരമദ്ധ്യത്തിൽ നിന്ന് അകലെയാണെന്നതും സ്ഥിരം ഉപഭോക്താക്കളെ നഷ്ടമാകുമോയെന്ന ആശങ്കയുമാണ് കാരണം. മാറിയേ തീരൂവെന്ന നിലപാടിലാണ് കോർപ്പറേഷൻ.
സെന്റർ ഫോർ പബ്ളിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ) യൂത്ത് ലീഡർഷിപ്പ് ഫെലോഷിപ്പിന്റെ ഭാഗമായി ദീപപ്രഭ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.പനമ്പിള്ളിനഗറിൽ രണ്ട് വെൻഡിംഗ് സോണുകൾ നഗരസഭ തിരഞ്ഞെടുത്തിട്ടുണ്ട്. പനമ്പിള്ളി ട്രയാങ്കിളിന് സമീപം 30 മീറ്റർ നീളമുള്ള പ്രത്യേക വെൻഡിംഗ് സോൺ, ധരംബീർ എൻക്ലേവിന് സമീപത്തായി 12 മീറ്റർ നീളത്തിൽ മറ്റൊരു സോണുമാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് വെൻഡിംഗ് സോണുകളും പനമ്പിള്ളിനഗറിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്. പനമ്പിള്ളിനഗറിലെ എല്ലാ തെരുവോര ഭക്ഷണ കച്ചവടക്കാരെയും മാറ്റി പാർപ്പിക്കാൻ മതിയായ സ്ഥലസൗകര്യം നിർദ്ദിഷ്ട വെൻഡിംഗ് സോണുകളിലില്ല. പാർക്കിംഗിന് സ്ഥലവുമില്ല.
വെൻഡിംഗ് സോണുകളെ നിർണയിക്കാൻ നഗര, തദ്ദേശ സ്ഥാപനങ്ങളെ നിർദ്ദേശിച്ച് പാർലമെന്റ് നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി വെൻഡിംഗ് സോണുകളായി നിർണയിക്കണമെന്ന റിപ്പോർട്ടിലെ നിർദ്ദേശം പാലിക്കാനാണ് കൊച്ചിയിലും സ്ഥലം നിശ്ചയിച്ചത്.