കേരളത്തിലെ വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ച് സിറിൽ സെബാസ്റ്റ്യൻ നടത്തിയ സിപിപിആറിൻ്റെ പഠനം നയനീതി പോളിസി കളക്ടീവിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം കയ്യകലത്തിൽ ലഭ്യമാവുന്ന ഒരു നാളെയെക്കുറിച്ച് സങ്കൽപ്പിക്കുക. ചരിത്രപരമായി വിദ്യാഭ്യാസത്തിലെ കോർപ്പറേറ്റ് നിക്ഷേപത്തെ ജാഗ്രതാപൂർവം നോക്കിക്കണ്ട നമ്മുടെ സംസ്ഥാനം വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറക്കുന്നതിലൂടെ ഈ സങ്കൽപം യാഥാർത്ഥ്യമാവുകയാണ്. 2024ലെ സംസ്ഥാന ബജറ്റിൽ, കേരളത്തിൽ വിദേശ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ സർക്കാർ തേടുകയാണെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനെ തുടർന്ന് വിവിധ മേഖലകളിൽ നിന്നും വിമർശനങ്ങളും ഉയർന്നുവന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത നയത്തിൻറെ വിവിധ വശങ്ങൾ ഞങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസം – കേരളത്തിലെ സംവിധാനം
കേരളത്തിൽ താരതമ്യേന ഉയർന്ന സാക്ഷരതാ നിരക്കും, വിദ്യാഭ്യാസം കരസ്ഥമാക്കിയ ജനവിഭാഗവും ഇന്നുണ്ട്. പക്ഷെ, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല സ്കൂൾ വിദ്യാഭ്യാസത്തിനു തത്തുല്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടില്ല എന്നതാണ് വാസ്തവം. നിതി ആയോഗ് പുറത്തിറക്കിയ 2019 ലെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക പ്രകാരം ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ NIRF റാങ്കിംഗിൽ കേരളത്തിലെ നാല് സ്ഥാപനങ്ങൾ മാത്രമാണ് രാജ്യത്തെ മികച്ച 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം നേടിയത്. നമ്മുടെ ഉന്നത വിദ്യാഭയസ മേഖലയെ പിന്നോട്ട് വലിക്കുന്നത് എന്താണ്?
കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസത്തെ വിലയിരുത്തുന്ന പല പഠനങ്ങളും താഴെ പറയുന്ന ചില ന്യൂനതകളെ ചൂണ്ടിക്കാണിക്കുന്നു:
കൂടാതെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമിത കേന്ദ്രീകരണം, അമിത നിയന്ത്രണം, അപര്യാപ്തമായ ഗവേഷണസാഹചര്യം എന്നിവയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രശ്നങ്ങളാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണനിലവാരക്കുറവ് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിലേക്കും നയിക്കുന്നു.
പട്ടിക – കോളേജുകളിലെ കോഴ്സുകളും ഒഴിഞ്ഞ സീറ്റുകളും
വർധിക്കുന്ന വിദേശ കുടിയേറ്റം
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പോരായ്മകൾ വിദ്യാർത്ഥികളുടെ കുടിയേറ്റത്തിലും പ്രകടമാണ്. കേരളീയ ജനത ചരിത്രപരമായി തൊഴിൽ അവസരങ്ങൾ തേടി കുടിയേറിപ്പോയവരാണ്, സമീപകാല പഠനങ്ങൾ വിദ്യാഭ്യാസ കുടിയേറ്റത്തിലാണ് ഗണ്യമായ വർദ്ധനവ് കാണിക്കുന്നത്. 2018ൽ കേരളത്തിൽ നിന്നുള്ള 129,763 വിദ്യാർത്ഥികൾ രാജ്യത്തിന് പുറത്ത് പഠിക്കുന്നുണ്ടായിരുന്നു. 2023 ആയപ്പോഴേക്കും ഈ എണ്ണം 250,000ലേക്ക് ഇരട്ടിച്ചു.
സെൻറർ ഫോർ പബ്ലിക് പോളിസി റിസർച്ചിൻറെ പഠനമനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾ പലപ്പോഴും പിന്നാക്ക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നവരുമാണ്. സാംസ്കാരികമായ പൊരുത്തക്കേടുകളും നല്ല തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിലെ വെല്ലുവിളികളും അവർ അഭിമുഖീകരിക്കുന്നു.
മെച്ചപ്പെട്ട അവസരങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ അവർ കേരളം വിട്ട് പോവുമായിരുന്നോ? നമ്മുടെ യുവതയെ പിടിച്ചുനിർത്താൻ സംസ്ഥാനത്തെ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുന്നതും ഒരു നിർണായക ഘടകമാണ്. വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് ഇതായിരിക്കാം.Subscribe
നോളേജ് ഇക്കോണമി
കേരളത്തെ ഒരു നോളേജ് ഇക്കോണമിയായി പരിവർത്തനം ചെയ്യുകയെന്ന സർക്കാർ ലക്ഷ്യവുമായി യോജിച്ചു നിൽക്കുന്നതാണ് ഈ നീക്കം. സർക്കാരിൻറെ കാഴ്ചപ്പാടിൽ വിജ്ഞാന-തീവ്രമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നോളേജ് ഇക്കോണമി. ഇത് ശാരീരിക അധ്വാനത്തിന് പകരം ബൗദ്ധികപരമായ വിജ്ഞാനത്തിന് ഊന്നൽ കൊടുക്കുന്നു. ഈ പരിവർത്തനത്തിന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഊർജ്ജസ്വലമാക്കുക എന്നത് അത്യന്താപേക്ഷികമാണ്.
കൂടാതെ, നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP) 2020 ഉന്നത വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുന്നതിനായി അന്താരാഷ്ട്രവൽക്കരണത്തിനായി വാദിക്കുന്നു. ഈ അന്താരാഷ്ട്രവൽക്കരണം വിദ്യാർത്ഥികൾക്ക് പുതിയ സാദ്ധ്യതകൾ തുറക്കുന്നു. ഇത് കൂടാതെ ചെലവ് കുറഞ്ഞ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഇന്ത്യയെ മാറ്റുവാനും ഇതുമൂലം സാധിക്കുമെന്നും NEP വിഭാവന ചെയ്യുന്നു.
വിദേശ സർവകലാശാലകൾക്കെതിരെയുള്ള പ്രതിഷേധം
വിദേശ സർവകലാശാലകളെ ക്ഷണിക്കാനുള്ള നീക്കം പ്രഖ്യാപിച്ചതുമുതൽ വിവിധ മേഖലകളിൽ നിന്നും കാര്യമായ എതിർപ്പ് സർക്കാർ നേരിടുന്നുണ്ട്. വിദേശ സർവകലാശാലകൾ ഉയർന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ ഉള്ളവരെ മാത്രമേ പരിഗണിക്കുള്ളുവെന്നും നിലവിലുള്ള സാമൂഹിക അസമത്വങ്ങൾ മോശമാക്കുകയും പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് വിമർശകർ വാദിക്കുന്നു. വിദേശ സർവകലാശാലകൾ പ്രാദേശിക ആവശ്യങ്ങളേക്കാൾ ആഗോള പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ ആശങ്കപ്പെടുന്നു.
തുല്യതയും പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളും പ്രസക്തമാണ്. പക്ഷെ സ്കോളർഷിപ്പുകളിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും അവ ഒരു പരിധിവരെ നമുക്ക് പരിഹരിക്കാനാകും. വിദ്യാഭ്യാസത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറുന്നത് പലപ്പോഴും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളാണെന്നതിനാൽ, ഇവിടെ തന്നെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത് അവരുടെ സാമ്പത്തിക പ്രശ്നം കുറയ്ക്കാനാണ് സാധ്യത. കൂടാതെ ആഗോള വിജ്ഞാന ശക്തിയായി കേരളത്തെ മാറ്റുക എന്ന നോളേജ് ഇക്കോണമി ലക്ഷ്യത്തിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന സ്ഥാപനങ്ങളാണ് വിദേശ സർവകലാശാലകൾ. വിദേശ സർവകലാശാലകൾക്ക് സംസ്ഥാനത്തിന് പലവിധ നേട്ടങ്ങളും കൊണ്ടുവരാൻ കഴിയും.
വിദേശ സർവകലാശാലകകൾ ഉണ്ടാക്കുന്ന നേട്ടങ്ങൾ
വിദേശ സർവകലാശാലകൾ കേരളത്തിലേക്ക് വരുമ്പോളുണ്ടാവുന്ന ചില പ്രധാന നേട്ടങ്ങൾ നോക്കാം.
ആദ്യമായി, അന്താരാഷ്ട്ര വിദ്യാഭ്യാസം തുറന്ന് തരുന്ന വീക്ഷണം വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്നു. ബഹുമുഖ സാംസ്കാരിക അന്തരീക്ഷവും അന്താരാഷ്ട്ര വ്യാപാരം, ധനകാര്യം, വ്യവസായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉയർന്ന അവബോധവും കാരണം ആഗോള സർവകലാശാലകളിലെ വിദ്യാർത്ഥികൾ താരതമ്യേന ഉയർന്ന തൊഴിൽസാധ്യത ആസ്വദിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. അത്തരം വിദ്യാർത്ഥികൾ കൂടുതൽ സ്വതന്ത്രരും ആത്മവിശ്വാസമുള്ളവരുമാണെന്ന് നിരീക്ഷണങ്ങളുണ്ട്.
രണ്ടാമതായി, കോളേജുകൾ തമ്മിലുള്ള മത്സരം കാരണം വിദേശ സർവകലാശാലകൾക്ക് പ്രാദേശിക കോളേജുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയും. കൂടാതെ, വിദേശ സർവകലാശാലകൾ അദ്ധ്യാപകരിൽ നിന്നും ഉയർന്ന ഗുണമേന്മ ആവശ്യപ്പെടുന്നു, ഇത് അവരുടെ വൈദഗ്ദ്ധ്യം വർധിക്കുന്നതിലേക്ക് നയിക്കുന്നു. 1990 കളുടെ അവസാനത്തിൽ വിദേശ സർവകലാശാലകളെ ക്ഷണിച്ച സിംഗപ്പൂർ ഇവിടെ ഒരു ഉദാഹരണമാണ്. ഉയർന്ന നിലവാരമുള്ള വിദേശ സർവകലാശാലകളുടെ വരവോടെ കാലക്രമേണ രാജ്യത്തെ നിലവിലുള്ള സർവകലാശാലകൾ പോലും അവരുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയ സാഹചര്യം അവിടെ ഉണ്ടായി. ഇത് സിംഗപ്പൂരിനെ ഒരു “ആഗോള വിദ്യാഭ്യാസ കേന്ദ്രമായി” മാറ്റാൻ സഹായിച്ചു.
മൂന്നാമതായി, വിദേശ സർവകലാശാലകൾ വിദേശനാണ്യം, വിദ്യാഭ്യാസത്തിലെ നൂതന സാങ്കേതികവിദ്യകൾ, ഇന്നവേഷന്‍ എന്നിവ കൂടെകൊണ്ടുവരുന്നു. ഈ ഘടകങ്ങളുടെ പ്രതിഫലനങ്ങൾ സംസ്ഥാനത്തിലെയും രാജ്യത്തിലെയും ഗവേഷണം, ശാസ്ത്രം, നവീനാശയങ്ങളുടെ അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയ്ക്കും വികസനത്തിനും കാരണമാവുകയും ചെയ്യും.
അവസാനമായി, അഭിപ്രായങ്ങളുടെയും രാഷ്ട്രീയത്തിൻറെയും സംസ്കാരങ്ങളുടെയും വൈവിധ്യം വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിന് അനിവാര്യമാണ്. വിദേശ സർവകലാശാലകൾ നമ്മുടെ വിദ്യാർത്ഥികൾക്ക് അത്തരം വൈവിധ്യങ്ങൾ ഒരുക്കികൊടുക്കുന്നു, അവരുടെ ചിന്തകളെ ചോദ്യം ചെയ്യാൻ അവരെ അനുവദിക്കുകയും നാളെയുടെ പൗരന്മാരും, അക്കാദമിക് വിദഗ്ധരും ആയി വികസിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. ഗാന്ധിയേയും അംബേദ്കറേയും പോലുള്ള നമ്മുടെ ഏറ്റവും മികച്ച നേതാക്കളിൽ ആഗോള വിദ്യാഭ്യാസം വഹിച്ച പങ്ക് വ്യക്തമായി കാണാവുന്നതാണ്.
ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പ്
സ്കൂൾ വിദ്യാഭ്യാസത്തിലെ നേട്ടങ്ങൾക്ക് സമാനമായി, ഉന്നത വിദ്യാഭ്യാസ മേഖലയിലും മുന്നിട്ടുനിൽക്കാൻ കേരളത്തിന് സാധ്യതകളുണ്ട്. ഈ സാഹചര്യത്തിൽ, വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പായി കണക്കാക്കാം. എന്നിരുന്നാലും, ഈ നീക്കം നടത്തുന്നതിന് മുമ്പ് സർക്കാർ വിദേശ സ്ഥാപനങ്ങളുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും നിലവിലുള്ള വിദ്യാഭ്യാസ മേഖലയിലുള്ളവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണ്.
Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.
See more about setting up foreign universities in India in CPPR’s panel discussion, “Demystifying Higher Education Internationalisation in India“