Image source: Janayugom

അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ സംഭാവന ചെയ്യുന്ന രാജ്യമായ ഇന്ത്യയ്ക്ക് ഇതുവരെയും സമഗ്രമായ ഒരു കുടിയേറ്റ നയം രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു വേണ്ടി ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന്  സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) “ഗൾഫ് കുടിയേറ്റവും കോവിഡ് ‑19 ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച തത്സമയ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തവർ പൊതുവായി അഭിപ്രായപ്പെട്ടു . കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു വലിയ ശതമാനം കുടിയേറ്റ തൊഴിലാളികൾ തിരിച്ചുവരുന്ന അവസ്ഥയിൽ അവരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുംചർച്ചചെയ്തു.

മുൻ ഇന്ത്യൻ അംബാസിഡർ കെ പി ഫാബിയാൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗവും, അക്കാദമിക്ക്-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർ ജിനു സക്കറിയ ഉമ്മൻ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരുന്നു. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഡോക്ടർ  മാർട്ടിൻ പാട്രിക് ചർച്ച മോഡറേറ്റ് ചെയ്തു.

അന്താരാഷ്ട്ര തലത്തിൽ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ  ഇന്ത്യക്കാരാണ്. എന്നാൽ, അവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. ഈ അഭാവം ടെക്നോളജിയുടെ സഹായത്തോടെ ഒരു ആപ് വികസിപ്പിച്ചുകൊണ്ട് പരിഹരിക്കാനാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ അംബാസഡർ കെ പി ഫാബിയൻ അഭിപ്രായപ്പെട്ടു. ഗൾഫിൽ എത്തുന്നതിനു മുൻപോ, ശേഷമോ  തൊഴിലാളികൾ ഈ ആപ്പിൽ വിവരങ്ങൾ നൽകുകയും അതുവഴി എംബസികളിൽ രജിസ്റ്റർ ചെയ്യുകയും ചെയ്താൽ ലേബർ മന്ത്രാലയവുമായും വിദേശകാര്യ മന്ത്രാലയവുമായും ഈ വിവരങ്ങൾ പങ്കിടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫിലെ  ഇന്ത്യൻ  എംബസികൾക്ക് ഇനിയും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനാകുമെന്നും, എന്നാൽ അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ജോലിക്കാരും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട കോൺസുലർ വരുമാനമുള്ള എംബസികൾക്ക് ഇന്ത്യയിലേക്ക് പണമയയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗൾഫിൽ നിന്നുമുള്ള തൊഴിലാളികളുടെ വലിയൊരു തിരിച്ചുവരവ്   പ്രതീക്ഷിക്കുന്നതിനാൽ, അതിനെ നേരിടാൻ നമ്മൾ  തയ്യാറായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നിലവിലെ കോവിഡ് പ്രതിസന്ധി മാത്രമല്ല, എണ്ണയുടെ വില ഇടിവും മറ്റു ഘടകങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഗൾഫ് മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്ന് കൂടുതൽ പഠിക്കാനായി സർക്കാരിൽ നിന്നും, പുറത്തുനിന്നുമുള്ള വിദഗ്ധരുടെ ഒരു സംഘം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ‑ഗൾഫ് ബന്ധം തന്ത്രപ്രധാനമാണെന്നും, അതിനെ പ്രധാനമായും നയിക്കുന്നത് സുരക്ഷ, എണ്ണ, വ്യാപാരം എന്നിവയാണെന്നും അതുകൊണ്ടു തന്നെ കോവിഡ് സാഹചര്യത്തിൽ ഇന്ത്യ‑ഗൾഫ് ബന്ധത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും ഡോക്ടർ ജിനു അഭിപ്രായപ്പെട്ടു. 17 ദശലക്ഷം ദക്ഷിണേഷ്യൻ കുടിയേറ്റക്കാർ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ ഒരു ചെറിയ ഭാഗം മാത്രമാണ് കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാർ. രാഷ്ട്രീയമായി നിഷ്പക്ഷരും കഠിനാധ്വാനികളും ആയതിനാൽ ഗൾഫ് രാജ്യങ്ങൾ  ഇന്ത്യൻ തൊഴിലാളികളെ മറ്റ് അറബ് തൊഴിലാളികളേക്കാൾ കൂടുതൽ താത്പര്യപ്പെടുന്നു. എന്നാൽ ഗൾഫിൽ നിലവിലുള്ള കഫാല തൊഴിൽ സമ്പ്രദായം കുടിയേറ്റക്കാർക്ക് കൂടുതൽ ദുരിതങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിൽ തിരിച്ചെത്തുന്ന അവിദഗ്ദ്ധരും അർദ്ധ നൈപുണ്യമുള്ളവരുടേയും തൊഴിലില്ലായ്മ പ്രതിസന്ധി കൂടുതൽ വഷളാക്കുംമെന്നും അദ്ദേഹം പറഞ്ഞു.

“കോവിഡിന്റെ ആകെ ഫലമായി, സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന നിരവധി ഗൾഫ് കുടിയേറ്റക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു, പലർക്കും ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചില്ല, പലരും നിർബന്ധിത കുടിയൊഴിപ്പിക്കൽ നേരിട്ടു, പലർക്കും ഭക്ഷണം പോലും ലഭിക്കുന്നില്ല, മരിച്ചവരുടെ ബന്ധുക്കൾക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല,” സക്കറിയ പറഞ്ഞു. ഇതിനിടെ യാത്രാ വിലക്കിനെത്തുടർന്ന് പ്രതിസന്ധി നേരിട്ടപ്പോൾ, അവരിൽ പലരും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭിക്കാൻ പാടുപെടുകയായിരുന്നു. ഇതെല്ലാം തന്നെ കുടിയേറ്റ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടുത്തേണ്ട തൊഴിൽ വ്യവസ്ഥയിലെ വിടവുകളും തുറന്നുകാട്ടി.

ഇത്തരം സാഹചര്യങ്ങൾ  കണക്കിലെടുത്ത് കേന്ദ്ര ഗവണ്മെന്റ് അവരുടെ ഫ്ലൈറ്റ് യാത്ര സൗജന്യമാക്കേണ്ടതായിരുന്നു, എന്നാൽ ഇത് സംഭവിച്ചില്ല എന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടികാണിച്ചു.  ഏകദേശം 10 ലക്ഷത്തോളം കുടിയേറ്റക്കാർ നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് കുടിയേറ്റക്കാരുടെ പുനരധിവാസം, പുന:സംഘടന, സമൂഹത്തിലേക്ക് അവരെ പുനഃസമന്വയിപ്പിക്കൽ എന്നിവയിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും വിട്ടുപോയ ആഭ്യന്തര കുടിയേറ്റതൊഴിലാളികൾ ഒരു വലിയ ശൂന്യത അവശേഷിപ്പിക്കുന്നുണ്ട്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാൽ ജോലിയുടെ അന്തസ്സും,  ഓരോ ജോലിയുമായി ബന്ധപ്പെട്ടു കേരള സമൂഹത്തിൽ നിലനിൽക്കുന്ന ദുരഭിമാനവും അവരെ പുനരധിവസിപ്പിക്കുന്നതിന് തടസ്സം സൃഷ്ടിച്ചേക്കാം. അവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും,  പല ജോലികൾക്കായി പ്രത്യേകം വിഭാഗങ്ങൾ ഉണ്ടാക്കുകയും അതിൽ അവരെ രജിസ്റ്റർ ചെയ്യുന്നതിനും അവരെ സമൂഹത്തിലേക്ക് പുന:സംഘടിപ്പിക്കുന്നതിനുമുള്ള ഒരു നയം സംസ്ഥാനം കൊണ്ടുവരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരിച്ചുവരുന്ന വിദേശ കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്രം ഇതുവരെ പ്രത്യേക പാക്കേജുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സഹായമില്ലാതെ ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ കഴിയില്ല  എന്നും അദ്ദേഹം പറഞ്ഞു.

This news report is published in Janayugom malayalam newspaper on the Webinar hosted by CPPR on ‘Gulf Migration and COVID-19’. The news was published on July 3, 2020 Click here to read

Leave a Reply

Your email address will not be published. Required fields are marked *

Now we are on Telegram too. Follow us for updates