The first casualty of COVID-19 is the public transport sector. As social distancing norms are here to stay, private vehicles have come to rule the roads. Today as we celebrate the World Bicycle Day, Dr D Dhanuraj and Praseeda Mukundan contributes in Deshavartha on why cycling is our best bet in this situation.

കോവിഡ് കാലത്തെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയം പൊതുഗതാഗതത്തെ സംബന്ധിച്ചാണ്. കോവിഡ് വ്യാപനം ശക്തമാകുന്ന ഈ ദിവസങ്ങളിൽ സാമ്പത്തിക സ്ഥിതി വളരെ അരക്ഷിതമാകുന്ന കാഴ്ചയാണ് ലോകമെമ്പാടും കാണുന്നത്. അതുകൊണ്ടാണ് കഴിയുന്നത്ര രീതിയിൽ വ്യാവസായിക, വാണിജ്യ സമുച്ചയങ്ങൾ തുറക്കുന്നതിനും അവിടങ്ങളിലേക്ക് ജോലിക്കാരെ എത്തിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി ചർച്ചകൾ സജീവമാകുന്നതും. എന്നാൽ, വൈറസിന്റെ സ്വഭാവരീതികളനുസരിച്ച് ആളുകൾ കൂട്ടം കൂടുന്നതും തിങ്ങിനിറഞ്ഞു യാത്രചെയ്യുന്നതുമെല്ലാം സമ്പർക്കം വഴി രോഗം പകരുന്നതിന് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സവിശേഷ സാഹചര്യം തന്നെയാണ് നിരത്തുകളിൽ സ്വകാര്യ വാഹനങ്ങൾ നിറയുന്നതിന് കാരണമായിത്തീരുന്നതും. ഇതുകൊണ്ടുണ്ടായേക്കാവുന്ന അന്തരീക്ഷ മലിനീകരണവും, ശബ്ദമലിനീകരണവുമെല്ലാം തല്കാലത്തേക്കെങ്കിലും എല്ലാവരും മറന്ന മട്ടാണ്. എന്നാൽ സ്വകാര്യ വാഹനങ്ങൾ പൊതുഗതാഗതത്തെ എന്നെന്നേക്കുമായി തകർക്കുന്ന രീതിയിലേക്കാണ് ഇന്നത്തെ സാഹചര്യം വിരൽ ചൂണ്ടുന്നതെന്ന് എല്ലാവരെയും വ്യാകുലപ്പെടുത്തുന്ന ഒരു കാര്യമാണെന്നത് പറയാതെ വയ്യ.

മേല്പറഞ്ഞ സാഹചര്യങ്ങൾ ഒരു പുതിയഗതാതഗ സംസ്കാരം രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചർച്ചക്ക് നാന്ദി കുറിക്കുന്നുണ്ട്. എന്നാൽ, സൈക്കിൾ പോലുള്ള വാഹനങ്ങൾ കോവിഡിന് മുൻപുതന്നെ പല പരിഷ്‌കൃത സമൂഹങ്ങളിലും ഒരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇതിനു കാരണമായത് നഗരവത്കരണത്തിനുമേൽ ഉണ്ടായിട്ടുള്ള ചർച്ചകളാണ്. കാലാവസ്ഥാ വ്യതിയാനവും, സുസ്ഥിരവികസനത്തെപ്പറ്റിയുള്ള ആശങ്കകളുമാണ് കാൽനടയാത്രയുടെ ആവശ്യകതയെപ്പറ്റിയും സൈക്കിൾ പോലുള്ള മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത ഗതാഗതസജ്ജമായ മറ്റു വാഹനങ്ങളെപ്പറ്റിയും വികസിത രാഷ്ട്രങ്ങളിൽ പുതിയൊരു പരിപ്രേക്ഷ്യം ഉരുത്തിരിഞ്ഞു വരാൻ കാരണമായത്. സൈക്കിൾ ഏറ്റവും ചിലവ് കുറഞ്ഞതും പരിസ്ഥിതിക്ക്‌ അനുകൂലമായതും സുസ്ഥിരഗതാഗത സംവിധാനങ്ങളിൽ ഏറ്റവും മുൻനിരയിലുള്ള ഗണനീയ വിഭാഗവുമാണ്. സൈക്കിളുകൾ ഒരിക്കലും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ല. പണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപോലെ സ്വന്തമാക്കാനാവുന്ന ഒരു വാഹനവുമാണ് സൈക്കിൾ. അതുമാത്രമല്ല, സൈക്കിൾ സവാരികൾ മികച്ചൊരു ആരോഗ്യശീലം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും നമ്മുടെ രാജ്യത്ത് സൈക്കിൾ പോലുള്ള ഒരു വാഹനത്തിന് ആവശ്യമായ അടിസ്‌ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടിട്ടേയുള്ളൂ. സൈക്കിളുകൾക്കും അതുപയോഗിക്കുന്ന സവാരിക്കാർക്കും ഉപയോഗപ്രദമാവേണ്ട ബൈസിക്കിൾ പാതകളും പാർക്കിംഗ് സംവിധാനങ്ങളും സൈക്കിളുകൾ പങ്കുവെക്കുന്ന വ്യവസ്ഥാപിത രീതികളും ഇവയെല്ലാം നമുക്കിപ്പോഴും അന്യം തന്നെയാണ്. അതേസമയം മറ്റുരാജ്യങ്ങളിൽ സൈക്കിളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പുരോഗമനപരമായ അടിസ്‌ഥാന വികസന കാഴ്ചപ്പാടുകൾ നമ്മളെയും മാറ്റി ചിന്തിപ്പിക്കേണ്ട സമയവുമാണിത്.

ലോകത്തെ 20 മുൻനിര സൈക്കിൾ സൗഹൃദനഗരങ്ങളിൽ ഏറെക്കുറെയും യൂറോപ്പിൽ നിന്നുമാണ്. കോപ്പൻഹേഗനും, ആംസ്റ്റർഡാമും, യുട്രെറ്റും അവയിൽ ഏറ്റവും മുൻപന്തിയിലാണുതാനും. മറ്റുഭൂഖണ്ഡങ്ങളിൽ ബോറോട്ട, ടോക്കിയോ, തായ്‌പേ, മോൺട്രിയൽ, വാൻകൂവർ തുടങ്ങിയവയും സൈക്കിൾ സൗഹൃദനഗരങ്ങൾ തന്നെയാണ്. ഈ നഗരങ്ങളിൽ സൈക്കിൾ ഹൈവേ നിർമിക്കുകയും മറ്റു മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ തലസ്ഥാനമായ ബീജിംഗ് ഇത്തരത്തിലുള്ള സൈക്കിൾ ഹൈവേകൾക്ക് പ്രശസ്തമാണ്. ചില ചൈന നഗരങ്ങളിൽ 60% പേർ സൈക്കിളുകളിൽ യാത്രചെയ്യുന്നു എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഹോങ്‌ഷൂ, ഷാങ്ങ്ഹായ് നഗരങ്ങളെല്ലാം മികച്ച ഉദാഹരണങ്ങളാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ 600 ൽ അധികം നഗരങ്ങളിൽ സൈക്കിൾ ഷെയറിങ് സംവിധാനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ 44.8% കുടുംബങ്ങൾ സൈക്കിൾ സ്വന്തമാക്കിയിട്ടുണ്ട്. ഉത്തർ പ്രാദേശിലാവട്ടെ 67.8% മാണ് സൈക്കിൾ ഉടമസ്ഥാവകാശം. എന്നാലും, നമ്മുടെ നഗരങ്ങളിലൊന്നിൽപ്പോലും സൈക്കിളുകൾ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കോവിഡ് കാലത്തെ പൊതുഗതാഗത ചർച്ചകൾക്കിടയിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന പ്രായോഗിക ഗതാഗത സംവിധാനമാണ് സൈക്കിളുകൾ. പൊതുകാഴ്ചപ്പാടിനെ ഗവേഷണം കൊണ്ടും അനുഭവപരിജ്ഞാനംകൊണ്ടും മാറ്റിയെടുക്കുന്നതിലാണ് സൈക്കിളുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലെ ആദ്യ കടമ്പ. കൂടാതെ, ഭരണകർത്താക്കളെയും പൊതുഗതാഗത സംവിധാനങ്ങളെയും ഇതിനു വേണ്ടി സജ്ജരാക്കുന്നതും ഈ കോവിഡ് കാലത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു അജണ്ടയാണ്. അതുതന്നെയാവട്ടെ, ലോക സൈക്കിൾ ദിന സന്ദേശവും.

This article was published in Deshavartha malayalam fortnightly news paper. Click here to read

Avatar photo
+ posts

Leave a Reply

Your email address will not be published. Required fields are marked *