Image source: scroll.in

കോവിഡ്-19 വൻ  പ്രത്യാഘാതങ്ങൾ  സൃഷിട്ടിക്കുമെന്ന തിരിച്ചറിവാണല്ലോ 20  ലക്ഷം കോടി  രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. മൈലുകളോളം നടന്നവശരായി തളർന്നു റെയിൽവേ ട്രാക്കിൽ ഉറങ്ങി ജീവിതം ഹോമിച്ച അഥിതി തൊഴിലാളികളുടെ പിൻഗാമികളിൽ  ആശയുടെ കിരണങ്ങൾ മൊട്ടിട്ടു. ദൈനം-ദിന ജീവിതം കൂട്ടിമുട്ടിക്കുന്ന മറ്റു പാവപ്പെട്ടവർക്ക്  പ്രതീക്ഷയുടെ വാതായനം തുറക്കപ്പെട്ടു .എല്ലാ കോണുകളിലും നല്ലൊരു നാളെയെ ഓർത്തു സന്തോഷിച്ചു .ഒരു ദിവസത്തെ കാത്തിരിപ്പിനു വിരാമമിട്ടു ധനമന്ത്രി ആദ്യത്തെ വെടി  പൊട്ടിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പൂരത്തിന് ആളെ കൂട്ടുന്നത് പോലെ വെടി  പൊട്ടിക്കൽ തകൃതിയായി നടന്നു.  എന്നാൽ  ആകാശം മുട്ടെ വിരിഞ്ഞു നിന്ന ആളുകളുടെ മോഹങ്ങൾ  ചീട്ടു കൊട്ടാരം പോലെ തകർന്നു  വീണ്.

 അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഒരു ഘട്ടത്തിലും നല്ല അഭിപ്രായം സൃഷ്ടിച്ചില്ല. ഓരോ ഘട്ടത്തിലും അടുത്തതിൽ നമ്മുടെ  പ്രതീകഷ  നിറവേറ്റുമെന്ന ചിന്തയാണ് ഏവർക്കും ഉണ്ടായിരുന്നത്. വേഴാമ്പലിനെ പോലെ കാത്തിരുന്ന സാധാരണ ജനങ്ങൾ ഏറ്റുവും വലിയ നിരാശയിലായി. ഒരു ബജറ്റിന്റെ എല്ലാ ലക്ഷണത്തോടെയും ആയിരുന്നു പാക്കേജുകൾ  അവതരിപ്പിച്ചത്. ഹ്രസ്വ- ദീർഘ കാല  പദ്ധതികൾ , വായ്‌പാ  പദ്ധതികൾ , നിയമ പരിഷ്‌കാരങ്ങൾ എന്നിവ ചേർന്നതാണ് ധനമന്ത്രിയുടെ ചേരുവ.  ഭൂമി ,തൊഴിൽ, ദ്രവത്വം , നിയമം എന്നിവയെ മാറോടു ചേർത്ത് നിർത്തിയാണ് എല്ലാ നിർദേശങ്ങളും ധനമന്ത്രി അവതരിപ്പിച്ചത്. കുറച്ചധികം സ്നേഹം നിയമത്തോടും വിഭവ ഉടമസ്ഥനോടും  ധനമന്ത്രി   പ്രകടിപ്പിച്ചിട്ടുണ്ട്. സ്നേഹത്തിന്റെ അളവ് ദ്രവത്വത്തോട് കുറഞ്ഞപ്പോൾ തൊഴിലാളിയോട് നീരസവും ശത്രുതയും പ്രകടിപ്പിക്കുന്ന നിലപാടുകളാണ് മന്ത്രിയുടെ സ്ഥാനത്തു നിന്നും ഉണ്ടായതു.

‘ ആത്മനിർഭർ’ അഥവാ സ്വാശ്രയ ഇന്ത്യയെന്ന യാത്രയില്ലേക്ക്‌  പ്രധാനമന്ത്രി നിർമിച്ച അഞ്ചു നെടുംതൂണുകളും ധനമന്ത്രി വിസ്മരിച്ചെന്നു  പറയാൻ കഴിയില്ല.  വൻ കുതിപ്പിന് സജ്ജമായ സമ്പദ്ഘടന , ആധുനിക മുഖമുള്ള അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക മികവിൽ ഊന്നിയ നിർവഹണ സംവിധാനം, ഊർജസ്വലമായ  മനുഷ്യവിഭവ ശേഷി, ആവശ്യം അനുസരിച്ചു ചലിക്കുന്ന വിതരണ ശ്രംഖല   എന്നിവയാണ് പ്രസ്തുത            നെടുംതൂണുകൾ.          ഇവയിൽ അവസാനത്തെ രണ്ടിനും ഇനിയും പ്രാധാന്യം കിട്ടേണ്ടിയിരിക്കുന്നു. സ്വാശ്രയത്തിലെത്താൻ നാളുകളുണ്ടല്ലോയെന്ന്   സമാധാനിക്കാം . ഉള്ളടക്കത്തിലേക്കു കടക്കുമ്പോൾ മേഖലകൾ തിരിച്ചുള്ള വിശകലനത്തിൽ നിന്ന് തുടങ്ങാം.

കാർഷിക – അനുബന്ധ മേഖല  

രണ്ടാം ഘട്ട പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട്ധനമന്ത്രി അഭിമാന പൂർവം കാർഷിക മേഖലയെ കുറിച്ച്  പ്രതിപാദിക്കുന്നു. ഈ പ്രതിസന്ധിയുടെ വേളയിൽ താങ്ങായി നിൽക്കുന്നത് കാർഷിക മേഖലയാണെന്നാണ് മന്ത്രിയുടെ പ്രസ്താവ്യം. ഈ തിരിച്ചറിവ് നല്ലത്‌.  മെച്ചപ്പെട്ട ‘റാബി വിള’  കാർഷിക വളർച്ചയെ നിലനിർത്തുമെന്നും അതിന്റെ ബലത്തിൽ സമ്പദ് വ്യവസ്ഥക്ക്   സംഭവിക്കാവുന്ന   ക്ഷീണം കുറച്ചൊക്കെ പരിഹരിക്കാൻ സാധിക്കുമെന്നുള്ള ആരുടെയും  വിശ്വാസം ശരിതന്നെയാണ്. മന്ത്രിക്കു ഈ ബോധ്യം എന്നുമുണ്ടായാൽ സമ്പദ് വ്യവസ്ഥ കരുത്തോടെ മുന്നേറുമെന്നതിൽ സംശയമില്ല. അമ്പതു ശതമാനം ആളുകൾ ആശ്രയിക്കുന്ന കാർഷിക മേഖലക്ക് 11 ഇന  പരിപാടികളാണ് ധനമന്ത്രി മുന്നോട്ടു വെച്ചത്. ഇതിൽ എട്ടെണ്ണം ചരക്കു നീക്കവും സംഭരണവുമായി ബന്ധപ്പെടുമ്പോൾ മൂന്നെണ്ണം ഭരണ നിർവഹണവുമായി  ബന്ധപ്പെട്ടതാണ്. ഒരു ലക്ഷം കോടിയാണ് കാർഷിക മേഖലയെ ലാക്കാക്കി വകയിരുത്തിയത്. 

പട്ടിക:1:  കാർഷികവും  അനുബന്ധ മേഖലകളും  (കോടിരൂപയിൽ )


കാർഷിക സംഭരണം  
100000  
ജൈവോൽപ്പനങ്ങൾ  10,000 
കാർഷിക ഉത്പന്നങ്ങളുടെ ഗതാഗതം500 
മൃഗ സംരക്ഷണം15000 
മത്സ്യ മേഖല  20000 
കിസാൻ ക്രെഡിറ്റ് വഴിയുള്ള കരഷകർക്കുള്ള സഹായം (ഒന്നാം ഘട്ടം)200000

കാര്ഷികോല്പന്നങ്ങളുടെ സംഭരണമാണ് കാർഷിക മേഖലയിൽ അടിയന്തിരമായി  പരിഹരിക്കേണ്ടതെന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള നിർദേശം കാലോചിതമാണ്. പക്ഷെ,  ഇത് തികച്ചും          ദീർഘകാല പദ്ധതികളാണ്. അടിയന്തിരമായ ആവശ്യം കർഷകർക്ക് നേരിട്ട് പ്രയോജനം  ലഭിക്കുന്ന പ്രഖ്യാപനങ്ങൾ ആയിരുന്നു. അതുണ്ടായില്ല  . രണ്ടാം ഘട്ടത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വഴി കുറഞ്ഞ പലിശക്ക്    വായ്‌പ്പ കർഷകർക്ക് നൽകാനായി രണ്ടു ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതാകട്ടെ വായ്‍പയിലധിഷ്ഠിതവും. ജൈവോൽത്പന്ന പ്രോത്സാഹനത്തിന് 10,000 കോടി രൂപ അനുവദിച്ചതും ഔഷധസസ്യ കൃഷിക്ക് 4,000 കോടി അനുവദിച്ചതും കാര്ഷികോല്പന്നങ്ങൾ കൊണ്ടുപോകുന്നതിന് 500 കോടി മാറ്റിവച്ചതും ദീർഘകാലത്തിൽ  ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ഇതിനെല്ലാം ഈ പാവം കർഷകർ ജീവിച്ചിരുപ്പുണ്ടാകണമെന്നു മാത്രം.        അതിജീവനത്തിനുതകുന്ന ഒരു നടപടിക്കും സർക്കാർ മുതിരുന്നില്ല മിതമായ നിരക്കിൽ വളം, വിത്ത് മുതലായവയെങ്കിലും നൽകാനുള്ള സൂചന പോലും നൽകാതെയാണ് ഈ പ്രഖ്യാപനങ്ങൾ  നടത്തിയത് . 

കാർഷിക അനുബന്ധ മേഖലകളായ മത്സ്യ മേഖലക്കും,  മൃഗ സംരക്ഷണ മേഖലക്കും യഥാക്രമം 20,000 കോടിയും 15,000 കോടിയും വകയിരുത്തുകയുണ്ടായി. ഇവിടെയും ദീർഘകാലം  ലക്ഷ്യമാക്കി അടിസ്ഥാന മേഖലകളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. നേരിട്ടുള്ള യാതൊരു സഹായവും പ്രഖ്യാപനത്തിലില്ല.

വ്യവസായ മേഖല

വ്യവസായ മേഖലയാണ് ഉല്പാദന മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട വിഭാഗം. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംഭരംങ്ങളുടെ  പുനരുദ്ധാരണത്തിനായി ആറിന പരിപാടികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത് ഈ മേഖലയിലെ .പല പദ്ധതികകൾക്കായി 4,15,000 കോടി രൂപയാണ് പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ നിർദേശങ്ങളും വായ്പയിലധിഷ്ഠിതമാണ്‌. ഒരളവു വരെ ചെറുകിട സ്ഥാപനങ്ങൾക്കു ഈ പാക്കേജ് ഗുണം ചെയ്യും. പക്ഷെ , പണം വായ്‌പ  എടുത്തു  ഉത്പാദനം തുടങ്ങാനുള്ള സമയം  ആയോ ?  ചോദനം അഥവാ ഡിമാൻഡ് അതിന്റെ ഏറ്റവും താഴത്തെ നിലവാരത്തിലാണ്. ആളുകളുടെ വാങ്ങൽ ശേഷി കുറഞ്ഞിരിക്കുമ്പോൾ സാധനങ്ങൾ ഉത്പാദിപ്പിക്കാനുള്ള സംഭരംഭകരുടെ ധൈര്യം ചോർന്നു പോകും.

പട്ടിക:2: വ്യവസായ മേഖല (കോടിരൂപയിൽ )


സൂക്ഷ്മ- ചെറുകിട- ഇടത്തരം സംഭരംങ്ങ ൾക്ക്  
300000  
പ്രതിസന്ധിയിലായ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംഭരംങ്ങ ൾക്ക്  20,000 
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംഭരംങ്ങ ൾക്ക്  മൂലധന നിക്ഷേപത്തിന്50000
താഴ്ന്ന ക്രെഡിറ്റുള്ള ചെറുകിട സംഭരംഭങ്ങൾക്കു45000 
വൈദുതി വിതരണ കമ്പനികൾക്ക്90000 

കൂടാതെ,  വലിയ പ്രതിസന്ധി നേരിടുന്ന വൈദുതി വിതരണ കമ്പനികൾക്ക് 90,000  കോടി വകയിരുത്തിയതും ദീർഘകാല പദ്ധതിയെന്ന നിലയിൽ തന്നെ.   പ്രശ്‌നത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓട്ടോമൊബൈൽ മേഖലക്ക് ചില്ലി കാശു പോലും പാക്കേജിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. 

ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾ

പഴയ വാചകങ്ങൾ, കേട്ട് മടുത്ത നിർദേശങ്ങൾ എന്നിവയുടെ പെരുമഴ മാത്രമായിരുന്നു ആരോഗ്യ  മേഖലയെയും, വിദ്യാഭ്യാസ മേഖലയെയും സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളും നിർദേശങ്ങളും. സാങ്കേതിക വിദ്യയുമായി  ബന്ധപെട്ടു വിദ്യാഭ്യാസ മേഖലയിൽ നടത്താൻ പോകുന്ന നിർദേശങ്ങളാണ് പ്രഖ്യാപിച്ചത്. നടത്തിയ പ്രഖ്യാപനങ്ങൾ. പൊതു   ചെലവ് വർധിപ്പിക്കുമെന്ന വാഗ്ധോരണി  അടുത്ത  ബജറ്റിലും  ആവർത്തിക്കാം.   അന്താരാഷ്ട്ര തലത്തിൽ ജി ഡി പി യുടെ അഞ്ചു ശതമാനം എങ്കിലും ആരോഗ്യ മേഖലക്ക് ചെലവഴിക്കണമെന്നാണ് നിഷ്കർഷിക്കുന്നത് . നമ്മുടെ ചെലവാകട്ടെ കേവലം 1.1 ശതമാനം മാത്രമാണ്. ഇതൊരു മൂന്ന് ശതമാനം എങ്കിലും ആകുന്ന നിർദേശം ഈ കോവിഡ്  സാഹചര്യത്തിൽ മാലോകർ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ?   മറിച്ചു  സ്വകാര്യ മേഖലയുടെ  സാന്നിധ്യം ഉറപ്പാകുമെന്ന പതിവ് നിർദേശമാണ് ധനമന്ത്രി മുന്നോട്ടുവക്കുന്നത്. ബ്ലോക്ക് തലത്തിൽ ഇൻഫെക്‌ഷിസ്  ഡിസീസ്  സെന്ററും (infectious disease centre ), പബ്ലിക് ലാബും തുടങ്ങാനുള്ള നിർദേശങ്ങൾ സ്വാഗതാർഹം  തന്നെ.

 വിദ്യാഭ്യാസ  മേഖലയുടെ കാര്യത്തിലും സ്ഥിതി വിശേഷം മറ്റൊന്നല്ല. സാങ്കേതിക വിദ്യയിലൂന്നിയ ഇ-ലേർണിംഗ്  , മനോധർപൻ  തുടങ്ങിയവ  പുതിയ കാര്യങ്ങളാണോ. ഇതാണോ ഇന്ന് വിദ്യാഭ്യാസ മേഖല ആവശ്യപ്പെടുന്നത്. ഇന്റർനെറ്റ് സൗകര്യം വർധിപ്പിക്കുക എന്നത് ഏറ്റവും അടിയന്തിര ആവശ്യം. ഇന്ത്യയിൽ, 95 ശതമാനം ആളുകൾക്ക് മൊബൈൽ സൗകര്യം ഉണ്ട്. എന്നാൽ എൻ .എസ്. എസ് ഓയുടെ 75- റൗണ്ട്‌  പ്രകാരം ഇന്റർനെറ്റിന്റെ കാര്യത്തിൽ ഗ്രാമതലത്തിൽ 23.5 ശതമാനത്തിനും നഗരതലത്തിൽ 42 ശതമാനം ആളുകൾക്കുമാണ് ഈ സൗകര്യം ഉള്ളത്.  ഇത് പരിഹരിക്കാതെ എങ്ങനെ ഓൺലൈൻ വിദ്യഭാസം സാർവ്വത്രികമാക്കാൻ കഴിയും. വിദ്യാഭ്യാസ മേഖലയിലെ ഗുണ നിലവാരത്തെ കുറിച്ച്  എന്ത് പുതിയ നിർദേശമാണ് പ്രഖ്യാപനത്തിൽ ഉള്ളത്.? പോരെങ്കിൽ  അന്തരാഷ്ട്ര നിലവാരം     കൈവരിക്കാനുതകുന്ന ജിഡിപി യുടെ ആറു ശതമാനം ചെലവഴിക്കണമെന്ന നിർദേശത്തെ  ഇപ്രാവശ്യവും അവഗണിച്ചു     

ഇതര സേവന മേഖലകൾ  

വ്യാപാരം , ഹോട്ടൽ & റെസ്റ്ററന്റ്സ് , ടൂറിസം, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ അടങ്ങുന്നതാണ് സേവനമേഖല.  ഇതിൽ വ്യാപാര മേഖലയിൽ തൊഴിലില്ലാതായ തെരുവ് കച്ചവടക്കാർക്കായി 5,000 കോടി രൂപയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്. അതും 10000 രൂപയുടെ വായ്പ.യുടെ രൂപത്തിൽ നാളിതുവരെ ഇത്തരം വായ്പ  കൊടുത്തു ശീലിച്ചിട്ടില്ലാത്ത ബാങ്കിങ് മേഖല ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ബാങ്കിതര കമ്പനികൾക്ക് 30,000 കോടി വകയിരുത്തിയതാണ് ധനകാര്യമേഖലയിലെ ഏക നിർദേശം.

സംസ്ഥാന സർക്കാരുകൾ , പൊതു മേഖല 

പൊതു മേഖലയാണ് ധനമന്ത്രിയുടെ അടുത്ത ഇര. ഉൾപ്പാദന   മേഖലകളെ തന്ത്ര പ്രധാനം, തന്ത്രപ്രധാനമല്ലാത്തതു എന്നിങ്ങനെ  തരംതിരിച്ചു.  തന്ത്രപ്രധാനമല്ലാത്ത  മേഖലയിൽ  ഒരു പൊതു മേഖലയും തന്ത്രപ്രധാന മേഖലയിൽ ഒന്ന് മുതൽ നാലുവരെ പൊതുമേഖലാ സ്ഥാപനങ്ങളും ഇനി മുതൽ അനുവദിക്കൂ..കമ്പനി നിയമം പൊളിച്ചെഴുതുമെന്നും നമ്മുടെ കമ്പനികളെ  വിദേശ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനം മറ്റൊന്നാണ്.  .

സംസ്ഥാനങ്ങൾക്കുള്ള സഹായമാണ് അവസാനത്തെ പ്രഖ്യാപനം. ഓവർഡ്രാഫ്റ്റിന്റെ സമയ പരിധി കൂട്ടിയതും കടപരിധി  ഉയർത്തിയതും സ്ളാഘനീയം  തന്നെ. ജിഡിപി യുടെ മൂന്ന് ശതമാനം കടം എടുക്കാമെന്ന പരിധി അഞ്ചു ശതമാനം ആക്കിയത് നാലു നിബന്ധനകൾക്ക് വിധേയമായാണ്. ഇതിൽ  മൂന്നെണ്ണം സംസ്ഥാന സർക്കാരുകൾ പാലിച്ചാലേ 3.5 ശതമാനം മുതൽ 4.5 ശതമാനം വരെയുള്ള സ്ളാബ് ഉപയോഗിക്കാൻ കഴിയൂ. സ്വകാര്യവത്ക്കരണത്തിനുതകുന്ന പ്രസ്തുത നിർദേശങ്ങൾ ഗുണമോ ദോഷമോയെന്നു കാലം തെളിയിക്കും, പ്രതേകിച്ചു വൈദുതി മേഖലയിലെ പരിഷ്‌ക്കാരങ്ങൾ. ഏതായാലും കേരളത്തിന് ഈ നിബന്ധനകൾ വലിയ കടമ്പയായിരിക്കുമെന്നു തോന്നുന്നില്ല.  

നിയമ പരിഷ്‌കാരങ്ങൾ

ധനമന്ത്രിയുടെ ഊർജം മുഴവനും ചെലവഴിച്ചത് ഈ രംഗത്താണെന്നു തോന്നുന്നു ഒന്നാം പാക്കേജിൽ തന്നെ സൂക്ഷ്മ- ചെറുകിട- ഇടത്തരമാ സംഭരംഭങ്ങളുടെ നിലവിലുള്ള നിക്ഷേപ പരിധി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായി. അവശ്യ  വസ്തുക്കളുടെ ആക്ടിൽ നിയമ നിർമാണം , തൊഴിൽ നിയമങ്ങളിൽ കാലോചിതമായ മാറ്റം എന്നിവയാണ് തുടർന്നുള്ള ഘട്ടങ്ങളിൽ  പ്രഖ്യാപിച്ചവ .ഇതിൽ തൊഴിൽ കോഡുകളെ  കുറിച്ചുള്ള പ്രഖ്യാപനം കുറച്ചു കാലമായി കേൾക്കുന്നതാണ്. കമ്പനി നിയമത്തിൽ മാറ്റം  വരുത്തുമെന്ന് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. കോൺട്രാക്ട് ഫാർമിംഗ് നിയമം മറ്റൊരു ചുവടു വെയ്പ്പാണ്  

.പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തിയതും ഇതിനോട് ചേർത്ത് വായിക്കാം. ധാതുമേഖല ഉർജ്ജമേഖല , ബഹിരാകാശം തുടങ്ങിയവയെല്ലാം സ്വകാര്യ മേഖലക്ക് തുറന്ന് കൊടുക്കാനുള്ള തീരുമാനവും നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണ് കൽക്കരിയിലെ അഴിമതി ഇതോടെ തുടച്ചുമാറ്റും എന്ന ധനമന്ത്രിയുടെ അവകാശവാദം ഫലത്തിലെത്തട്ടെയെന്ന്   ആശംസിക്കാം. നിയമ പരിഷ്കാരങ്ങളെല്ലാം കടുത്ത സ്വകാര്യവത്കരണത്തിനുള്ള പാത വെട്ടിതുറക്കൽ മാത്രം. ഒരിക്കലും സ്വകാര്യവത്കരണം എതിർക്കപ്പെടേണ്ടതല്ല. നിയന്ത്രണ   വിധേയമല്ലാത്ത  സ്വകാര്യ മേഖല ‘സർവതന്ത്ര സ്വതന്ത്രകമ്പോളത്തെയാണ്’ പ്രതിനിധാനം ചെയ്യുന്നത്; അത് പരാജയപെട്ടതുമാണ്.

സാധാരണക്കാരന് എത്ര കണ്ടു ഗുണം ചെയ്യും?  

 പട്ടിക 3-ൽ പ്രതിപാദിക്കുന്നവയാണ് നേരിട്ട് ചെലവഴിക്കുന്ന പദ്ധതികൾ. പലതും  ഉടൻ നേട്ടമുണ്ടാക്കാൻ  കഴിയുന്നതല്ല.

പട്ടിക: 3: നേരിട്ട് ചെലവഴിക്കാൻ (കോടിരൂപയിൽ )


തൊഴിലുറപ്പു പദ്ധതി
40000  
തൊഴിലാളികളുടെ ഇ പി ഫ് വിഹിതം2800 
ഇ പി ഫ് നിരക്ക് കുറച്ചതു  6750
ടി ഡി എസ  നിരക്ക് കുറച്ചതു   50000 
അതിഥി തൊഴിലാളികൾക്ക്3500
മുദ്ര-ശിശു വായ്പ പലിശ ഇളവ്  1500
വയബിലിറ്റി  ഗാപ് ഫണ്ടിംഗ്   8100
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന20000
ഔഷധ സസ്യ കൃഷി4000
സൂക്ഷ്മ ഭക്ഷ്യ സംഭരംഭങ്ങൾക്കു10,000
ഓപ്പറേഷൻ ഗ്രീൻ500
തേനീച്ച വളർത്തൽ500
ആകെ147650

തൊഴിലുറപ്പു പദ്ധതിയിലെ വിഹിതം കൂടിയതാണ്  സാധാരണക്കാരനായി  പ്രഖ്യാപിച്ച പദ്ധതി. 40,000 കോടി  രൂപയാണ് ഇതിലേക്കായി  അധികം  മാറ്റിവച്ചത്   തികച്ചും  സ്വാഗതാർഹമാണ്. ഈ രംഗത്ത് പണിയെടുക്കുന്ന , പ്രതേകിച്ചു സ്ത്രീ തൊഴിലാളികളുടെ  ക്രയശേഷി  ചെറിയ അളവിൽ വർധിക്കും   എന്നാൽ ചില കാര്യങ്ങൾ സൂചിപ്പിക്കാതിരിക്കാൻ വയ്യ.. ഈ വർഷം ബജറ് അവതരിപ്പിക്കുമ്പോൾ തന്നെ ഇന്ത്യ ഒരു മാന്ദ്യത്തിലായിരുന്നു. ആ സാഹചര്യത്തെ നേരിടാൻ ഒരു ലക്ഷം കോടി രൂപയെങ്കിലും തൊഴിലുറപ്പു  പദ്ധതിക്കായി മാറ്റി വക്കണമെന്ന വാദം  ധനമന്ത്രി അന്ന് ചെവികൊണ്ടില്ല. മാത്രവുമല്ല കഴിഞ്ഞ കാലങ്ങളിലെ വർദ്ധനവ് പരിഗണിക്കുമ്പോൾ സ്വാഭാവികമായും  തൊഴിലുറപ്പു പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കേണ്ടതാണെന്നു ചൂണ്ടി കാണിച്ചിരുന്നു. എപ്പോഴും  തൊഴിലുറപ്പു പദ്ധതിയോടു ചിറ്റമ്മ നയം പുലർത്തിയിരുന്ന സർക്കാർ  ഇതിലേക്കുള്ള തുക വെട്ടികുറക്കുകയായിരുന്നു.  കഴിഞ്ഞ ബജറ്റിലെ തുക 61000 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ 40000 കോടി കുടി ചേർക്കുമ്പോൾ ഒരു ലക്ഷത്തിഒരായിരം കോടി രൂപയാകുന്നു അതിനർത്ഥം നേരത്തെ ആവശ്യപ്പെട്ട തുകയിൽ നിന്ന് കേവലം ആയിരം കോടി രൂപ മാത്രമാണ് അധികമായി ചെലവഴിക്കുന്നത് . കൂലിയിലെ വർധനവും തൊഴിൽ ദിനങ്ങളുടെ എണ്ണവും കൂട്ടുന്നതിൽ യാതൊരു നിർദേശവും മുന്നോട്ടു വെച്ചിട്ടില്ല. യഥാർത്ഥത്തിൽ ഇതുകൂടി ചേർന്നെകിൽ ഈ വിഷമകാലത്തു സാധാരണജനങൾക്ക് ഗുണം കിട്ടുമായിരുന്നു. 

ഇരുപതു ലക്ഷം കോടിയുടെ (കൃത്യമായി പറഞ്ഞാൽ  2097053 കോടി) പാക്കേജിൽ  റിസേർവ് ബാങ്കിന്റെ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച  801603 കോടി രൂപ ഉൾപ്പെടുന്നു . കൂടാതെ, സർക്കാർ നേരത്തെ പ്രഖ്യാപിച്ച 192800 കോടിയുടെ പാക്കേജും ഇതിൽ ഉൾപ്പെടുന്നു.  പുതിയ പ്രഖ്യാപനമായ 11,0,2650 കോടി രൂപയിൽ സിംഹഭാഗവും വായ്‌പ്പാ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളാണ് . നേരിട്ടുള്ള പണം ചെലവഴിക്കൽ   വളരെ കുറവാണു. രണ്ടു ലക്ഷം കോടി രൂപയിൽ  താഴെയാണ് ഇത്തരുണത്തിൽ ചെലവഴിക്കുന്നത്(പട്ടിക.3 നോക്കുക ). അതായതു ഇരുപതു ലക്ഷത്തിന്റെ പത്തു ശതമാനം അഥവാ ജിഡിപി യുടെ ഒരു ശതമാനം മാത്രം. കൃത്യമായി പറഞ്ഞാൽ 0.73 ശതമാനം.   നേരത്തെ പ്രഖ്യാപിച്ച പണനയത്തിൽ വരുന്ന കാര്യങ്ങൾ  . കൂടി ചേർത്തത് പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചവ  കൂടി ഉൾപ്പെടുത്തിയിരുന്നെകിൽ സർക്കാരിന്റെ ബാധ്യത ഇതിലും  നന്നായി കുറയുമായിരുന്നു.

തൊഴിലവസരങ്ങൾ കുറയുന്നതും ദാരിദ്ര്യം കൂടുന്നതും    ഭരണാധികാരികൾക്കു പ്രശനമാകുന്നില്ല എന്ന് വേണം സാമ്പത്തിക പാക്കേജ് വിലയിരുത്തുമ്പോൾ തോന്നുന്നത്. 2019ലെ കണക്കു പ്രകാരം 520 ദശലക്ഷം  തൊഴിലാളികളുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തിൽ ഒട്ടും തര്‍ക്കമില്ല. സാധാരണക്കാരന്റെ ക്രയശേഷി നാമമാത്രമായി വർധിപ്പിച്ചു    പരിഹരിക്കാവുന്നതല്ല ഇന്ന് നാം നേരിടുന്ന പ്രശനം.  കുറഞ്ഞ അളവിൽ പണം നേരിട്ട് ചെലവഴിക്കുന്നതിലൂടെ ജനങളുടെ ഉപഭോഗശേഷി കൂടില്ലെന്നു രാജ്യത്തെ ഏറ്റവും വലിയ പൊതുബാങ്കായ    എസ്. ബി. ഐ. യും അവരുടെ പുതിയ റിപ്പോർട്ടിൽ  സമ്മതിക്കുന്നു.  

Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research. 

Avatar photo
+ posts

Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Dr. Martin Patrick
Dr. Martin Patrick
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Leave a Reply

Your email address will not be published. Required fields are marked *