CPPR Virtual Launch and Discussion on the Book, “Kerala Dhanakaryam” by Dr Jose Sebastian
September 10, 2020
Kochi’s traffic jams could be a thing of the past
September 14, 2020

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: ഇനിയെങ്കിലും വേണം ഈ തിരിച്ചറിവ്

വൻനേട്ടം കിട്ടുമെന്നു കരുതി നിക്ഷേപിക്കുന്ന രംഗത്തെക്കുറിച്ച് യാതൊന്നും അറിയാതെ ആരോടെങ്കിലുമുള്ള അമിത വിശ്വാസത്തിൽ നിക്ഷേപം നടത്തുന്നത് നിർത്താം.പ്രത്യേകിച്ച് മഹാമാരി പടരുന്ന ഇക്കാലത്ത്. അപ്പോൾ ഉയരുന്ന ചോദ്യം സമ്പാദ്യത്തിന്റെ സുരക്ഷിത താവളങ്ങൾ ഏതൊക്കെയെന്നതാണ്. ഇവിടെ നിക്ഷേപത്തോട് കരുതലും സൂക്ഷ്മതയുമാണ് വേണ്ടത്. ഇത് രണ്ടുമുള്ള സമ്പാദ്യ മാർഗങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. 

സ്ഥിര  നിക്ഷേപം  

ഒരു പ്രത്യേക കാലയളവിലേക്കായി നിക്ഷേപിക്കുന്ന രീതിയാണിത് . സാധാരണയായി ബാങ്കുകളിലോ സഹകരണ സ്ഥാപനങ്ങളിലോ നാം സ്ഥിര നിക്ഷേപം നടത്താറുണ്ട്. ചെറു ബാങ്കുകളും, പോസ്റ്റോഫീസും, മറ്റു  പണമിടപാടുകാരും ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. നമ്മുടെ ആവശ്യമനുസരിച്ച്  കാലയളവ് തെരെഞ്ഞെടുക്കുന്നതിലും, പല സ്ഥാപനങ്ങളിലെ പലിശ വിലയിരുത്തി ശരിയായ തീരുമാനമെടുക്കുന്നതിലും പ്രത്യേക ശുഷ്‌കാന്തി വേണം.  സ്ഥിര നിക്ഷേപത്തിന്റെ ഒരു വക ഭേദമാണ് ‘ആവർത്തന നിക്ഷേപം’ (Recurring Deposits).  പോസ്റ്റോഫീസും ബാങ്കുകളും ഇവ കൈകാര്യം ചെയ്യുന്നു. വീട്ടമ്മമാരുടെ ചെറിയ സമ്പാദ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാവുന്ന സുരക്ഷിത താവളമെന്ന നിലയിൽ  പോസ്റ്റോഫീസ് നിക്ഷേപങ്ങൾ ശ്രദ്ധേയമാണ്. തട്ടിപ്പുകളിൽ പലപ്പോഴും പെട്ടുപോകുന്നത് വീട്ടമ്മമാരായിരിക്കും    

ചിട്ടികൾ 

പരമ്പരാഗതമായ സമ്പാദ്യ രീതിയാണിത്. അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ സ്ഥാപനങ്ങളും വ്യക്തികളും ചിട്ടികൾ നടത്താറുണ്ട്. തട്ടിപ്പ് പല രീതിയിൽ നടത്താനെളുപ്പമുള്ള ചിട്ടിയിൽ നിക്ഷേപിക്കുമ്പോൾ അംഗീകാരമുള്ള  സ്ഥാപനങ്ങൾ നടത്തുന്ന ചിട്ടികൾ മാത്രമേ തിരഞ്ഞടുക്കാവൂ. ദിവസചിട്ടികൾ, ആഴ്ച ചിട്ടികൾ, മാസ ചിട്ടികൾ എന്നിവയും നിലവിലുണ്ട്. ബിസിനസുകാർക്കിണങ്ങിയവയാണ് ദിവസ ചിട്ടികൾ.  തൊഴിലാളികളുടെ വേതനം ആഴ്ചയിലായതിനാൽ ആഴ്ച ചിട്ടികൾ പരിഗണിക്കാം. സ്ഥിര വരുമാനക്കാരെ സംബന്ധിച്ചിടത്തോളം മാസ ചിട്ടികൾ തന്നെയാണ് അഭിലഷണീയം. ചെറിയ വരുമാനം ഉള്ളവർക്ക് പോലും ചേരാവുന്നതാണ് ചിട്ടികൾ.

സ്വർണം ഒരു നിക്ഷേപ താവളം 

ചെറിയ രീതിയിൽ സ്വർണം വാങ്ങി സൂക്ഷിച്ചു വെച്ച് അത്യാപത്തു  സമയത്തു വിനിയോഗിക്കുന്ന രീതി നമ്മുടെ ഇടയിൽ പോലും പണ്ടേ ഉള്ളതാണ്. എന്നാൽ ഇന്നത്തെ സ്വർണ വില ഇവരെ സ്വർണ വിപണിയിൽ നിന്ന് അകറ്റുന്നു. വളരെ ഉയർന്ന വിലക്ക് വാങ്ങുമ്പോൾ  നഷ്ടസാധ്യതയും നിലനിൽക്കുന്നു. നിക്ഷേപ താൽപ്പര്യമുള്ളവർക്ക് ഇപ്പോഴും സ്വർണം പരിഗണിക്കാം. കാരണം സ്വർണത്തിന്റെ വില എന്നും ഉയർന്നിട്ടേയുള്ളു. എങ്കിലും ഇതിൽ പ്രവേശിക്കേണ്ട വില നിലവാരം വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 

ഗ്യാരണ്ടീട്  വെൽത്  പ്ലാൻ

കോവിഡ് കാലം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ കാര്യമാണ് ഇൻഷുറൻസിന്റെ ആവശ്യകത. ഇൻഷുറൻസ്  ഇല്ലാത്തവർ  അടിയന്തിരമായും ഒരു ലൈഫ് ഇൻഷുറൻസിൽ ചേരേണ്ടതുണ്ട്. നിക്ഷേപവും സംരക്ഷണവും നൽകുന്ന അനേകം ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഇവയിലും തെരെഞ്ഞെടുപ്പ് പ്രധാനപെട്ടതാണ്.  ഒരു ദീർഘകാല ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് ഗ്യാരണ്ടീട്  വെൽത്  പ്ലാൻ (Guaranteed Wealth Plan) . നവീന നിക്ഷേപ മാർഗങ്ങളിലൊന്നാണിത്. കാലാവധി കഴിയുമ്പോൾ ആകർഷണീയമായ വരുമാനമോ പെൻഷനോ  ലഭിക്കുന്ന ഒന്നാണിത്. നികുതി ആനുകൂല്യവും  ഈ പദ്ധതികളുടെ സവിശേഷതയാണ്.  

ഓഹരികളിലെ  നിക്ഷേപം 

ഓഹരികൾ മറ്റൊരു നിക്ഷേപ മാർഗമാണ് . ഇതിന്റെ നഷ്ടസാധ്യത വലിയൊരു പോരായ്മയാണ്. അതേ സമയം  കർശന നിയന്ത്രണങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഈ മേഖലയിൽ കരുതലോടെ നിക്ഷേപിച്ചാൽ ഉയർന്ന നേട്ടം ലഭിക്കുമെന്ന ആകർഷണീയതയും  ഉണ്ട്. ഓഹരികളുടെ തിരെഞ്ഞെടുപ്പ് , പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സമയം, മേഖലകൾ എന്നിവ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

മ്യൂച്വൽഫണ്ടുകൾ

ധാരാളം നിക്ഷേപകരുടെ സമ്പാദ്യങ്ങൾ ഒരുമിച്ചു ചേർത്ത്  വ്യത്യസ്ത ധനകാര്യ ആസ്തികളിൽ നിക്ഷേപിക്കുന്ന സ്ഥാപനമാണ് മ്യൂച്വൽ ഫണ്ട് . ഓഹരികളിൽ നിക്ഷേപിച്ചും  ലാഭം ഉണ്ടാക്കി തരും. ശേഷികുറഞ്ഞവർക്കും ഓഹരികളിൽ നിക്ഷേപിക്കാൻ തെരഞ്ഞടുക്കാവുന്ന മാർഗമാണിത്. നിക്ഷേപം വഴിയുണ്ടാകുന്ന ലാഭവും നഷ്ടവും നിക്ഷേപകർക്ക് വീതിച്ചു നൽകുന്നതിനാൽ ഇവിടെയും നഷ്ടസാധ്യത ഉണ്ട്.

മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ മാസം തോറുമോ, പാദവർഷത്തിലോ  ഒരു നിശ്ചിത തുക അടയ്ക്കാം. അര്‍ ഡി ക്ക് സമാനമാണിത്. 500രൂപ മുതൽ ഈ നിക്ഷേപം തുടങ്ങാം. ദീർഘകാല ലക്‌ഷ്യം വെച്ചുള്ള നിക്ഷേപങ്ങൾക്ക് ഈ  മാർഗം ഗുണകരമാണ്.

ബോണ്ടും ഡെറ്റ്  ഉപകരണങ്ങളും 

വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, സർക്കാർ എന്നിവ പണം കണ്ടെത്തുന്ന മാർഗമാണ് ഡെറ്റ് ഉപകരണങ്ങൾ. ബോണ്ട് , കടപ്പത്രങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുത്താം.  ഇവയൊക്കെ  അധികം പ്രചാരം നേടേണ്ട രീതികളാണ്. എന്നാൽ,  ചെറിയ വിഭാഗം ആളുകളുടെ ഇടയിൽ   മാത്രമാണ് ഇവയ്ക്കുള്ള പ്രചാരം.

ഗവൺമെന്റ് സെക്യൂരിറ്റികൾ 

കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ വിതരണം ചെയ്യുന്ന ഡെറ്റ് ഉപകരണങ്ങളാണ് G-Secs എന്നറിയപ്പെടുന്ന ഗവണ്മെന്റ് സെക്യൂരിറ്റികൾ. . റിസർവ്  ബാങ്കാണ് സർക്കാരിന് വേണ്ടി ഇത്തരം സെക്യൂരിറ്റികൾ വിതരണം ചെയ്യുന്നത്. സർക്കാരിന്റെ ബോണ്ടുകളാണിവയെന്നു സാരം. ഹ്രസ്വകാലത്തേക്കുള്ളവയെ ‘ട്രഷറി ബിൽസെന്നും’ ദീർഘകാലത്തേക്കുള്ളവയെ  ‘സർക്കാർ   ബോണ്ടെന്നും’ വിളിക്കുന്നു

ഹൈബ്രീഡ് ഫണ്ട് 

ഓഹരിയുടെയും ഡെറ്റ് ഫണ്ടിന്റെയും ശരിയായ ഒരു സമ്മിശ്ര ഉല്പന്നമാണിത്. അടുത്തകാലത്തായി പ്രചാരം സിദ്ധിക്കുന്ന ഒരു ഡെറ്റ് ഉപകരണമാണ് ‘ഹൈബ്രിഡ് ബോണ്ടുകൾ’. .ഇതിനെ ‘ഹൈബ്രിഡ് സെക്യൂരിറ്റികൾ’ എന്നും  വിളിക്കാറുണ്ട് . കോർപ്പറേറ്റ് രംഗത്താണ് ഇന്നിത് കൂടുതലായി പ്രചാരത്തിലുള്ളത്.

റിട്ടയർമെന്റ് പദ്ധതികൾ     

യൂണിറ്റ് ലിങ്ക്ഡ് പ്ലാൻ, നാഷണൽ പെൻഷൻ പദ്ധതി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് , എംപ്ലോയീ പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ റിട്ടയർമെന്റ് കാലത്തു സ്ഥിരമായി ഒരു വരുമാനം ഉറപ്പു വരുത്തുന്ന  പദ്ധതികളാണ്. സ്ഥിരമായ ഒരു സംഖ്യ പ്രത്യേക കാലയളവ് ലക്‌ഷ്യം വെച്ച് മാസം തോറും അടച്ചാൽ റിട്ടയർമെന്റ് കാലത്ത് ടെൻഷനില്ലാതെ വരുമാനം ലഭിക്കും. ഇത്തരത്തിൽ വിവിധങ്ങളായ സുരക്ഷിത നിക്ഷേപ രീതികളെ കുറിച്ച് ധാരണ ആദ്യം ഉണ്ടാക്കിയാൽ അബദ്ധങ്ങളിൽ  പെടാതെ നമ്മുടെ പണം ഭദ്രമായി സൂക്ഷിച്ച് നിക്ഷേപിച്ച് ഭേദപ്പെട്ട വരുമാനം ആർജിക്കാൻ കഴിയും.

This article was published in Manorama Online on September 11, 2020. Click here to read

Views expressed are personal and need not reflect or represent the views of Centre for Public Policy Research.

Avatar photo
+ posts

Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Dr. Martin Patrick
Dr. Martin Patrick
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Leave a Reply

Your email address will not be published. Required fields are marked *