Private Bus Operations in Kerala: Challenges and Way Ahead
June 15, 2020
“COVID 19 & Urbanisation: Reimagining Our Urban Development Goals”
June 16, 2020

മദ്യഉപഭോഗ സംസ്ക്കാരവും ‘ആപ്’ സംവിധാനങ്ങളും

മദ്യത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ഉദേശിച്ചുള്ളതല്ല ഈ കുറിപ്പ്. മറിച്ച്, ആപ് പോലുള്ള സംവിധാനങ്ങളിലൂടെ ഒരു മദ്യഉപഭോഗ സംസ്കാരം വളർത്തിയെടുക്കുകയും, സാവധാനം ബോധവത്കരണത്തിലൂടെ മദ്യവർജ്ജനമോ അതിനു സമാനമായ അവസ്ഥയോ സൃഷ്ടിച്ചെടുത്ത് വ്യക്തികളുടെ ധനകാര്യ മാനേജ്മെന്റ്റ് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.  

Image source: firstpost.com

ഡോ: മാർട്ടിൻ പാട്രിക്

മദ്യനിരോധനം നമ്മുടെ നാട്ടിൽ വളരെയേറെ കാലമായി മുഴങ്ങി   കേൾക്കുന്ന മുദ്രാവാക്യമാണ്. നാളിതുവരെയായിട്ടും നടപ്പാക്കാൻ കഴിയാത്ത ഉട്ടോപ്യൻ ചിന്ത. ലോകത്തിന്റെ ചില ഭാഗങ്ങളിൽ മദ്യനിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമല്ല. കടുത്ത സ്വേച്ഛാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ മാത്രമാണ് ഇത് കാണാൻ  കഴിയുന്നത്. അവിടെയൊക്കെ മദ്യത്തിലും മാരകമായ മറ്റെന്തെങ്കിലും ബദൽ സംവിധാനങ്ങൾ ഉണ്ടെന്നുള്ള അഭിപ്രായമാണ് പലരും പ്രകടിപ്പിക്കുന്നത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ മദ്യനിരോധനം ഏർപെടുത്തിയിട്ടുണ്ടെങ്കിലും അത് കടലാസ്സിൽ മാത്രമാണ് കാണുന്നത്. നിരോധന സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മദ്യം ലഭിക്കുന്നുവെന്നതാണ് യാഥാർഥ്യം. അപ്പോൾ എന്താണ് അതിനൊരു പോം വഴി?  മദ്യവർജനം തന്നെയാണ് ഉത്തരം.

സാവധാനം ആളുകളുടെ മദ്യപാനശീലം കുറക്കുകയെന്നതായിരിക്കണം ആദ്യത്തെ നടപടി. തുടർന്ന്, മദ്യവർജനം പ്രാവർത്തികമാക്കുകയോ അല്ലെങ്കിൽ ശരിയായ ഒരു മദ്യഉപഭോഗ സംസ്‌കാരം വളർത്തിയെടുത്ത്     മധ്യവർജ്ജനത്തിന്  സമാനമായ ഒരു സ്ഥിതിവിശേഷം കൈവരിക്കുകയോ ചെയ്യുക. ഇതിലൂടെ വ്യക്തികളുടെ വരുമാനം ചെലവിനനുസരിച്ച് ക്രമപ്പെടുത്താനും കഴിയും. അങ്ങനെ ചിന്തിക്കുമ്പോൾ സംസ്ഥാന ഗവണ്മെന്റ് ഇപ്പോൾ നടപ്പിലാക്കിയ ബെവ്കോ ‘ആപ്’ പോലുള്ള സംവിധാനങ്ങൾ ഉത്തമ പരിഹാര മാർഗങ്ങളാണ് . 

മദ്യത്തിന്റെ ധനശാസ്ത്രം

മദ്യം, ധനശാസ്ത്രത്തിൽ കേവലം ഒരു ഉൽപ്പന്നം മാത്രമാണ്. മറ്റേതു വസ്തുവിനെയും പോലെ അതും ക്രയവിക്രയം ചെയ്യപ്പെടുന്നു. ഉല്പാദന പ്രക്രിയയും ഉപഭോഗ പ്രക്രിയയും കൃത്യമായി നടക്കുന്ന മറ്റൊരു ഉൽപ്പന്നം. വിപണി സിദ്ധാന്തമാണിത്. അനിഷേധ്യശാസ്ത്ര സമീപനവുമാണിത്. ‘എന്താണ്’ എന്നതിന് മാത്രമാണ് ഇവിടെ പ്രസക്തി; ധാർമികതക്ക് ഇതിൽ ഒരു സ്ഥാനവും കൽപ്പിക്കുന്നില്ല. മദ്യം ഉപയോഗിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന പരസ്യ വാചകം കൊണ്ടവസാനിപ്പിക്കുന്ന സമീപനം മാത്രം. യഥാർത്ഥത്തിൽ, ഇത്തരം വസ്തുക്കളുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും ധാർമികത പുലർത്തണമെന്ന് വാദിക്കുന്നവരുണ്ടെങ്കിലും അവർ  ന്യൂനപക്ഷമാണ്.   

ധനശാസ്ത്രത്തിൽ, മദ്യത്തിന്റെ ആവശ്യകത സാധാരണ ഉത്പന്നം പോലെയല്ല. പൊതുവിൽ സാധങ്ങളുടെ വില കൂടുമ്പോൾ ആവശ്യം  കുറയുന്നു; മറിച്ചും സംഭവിക്കുന്നു. എന്നാൽ മദ്യത്തിന്റെ വില കൂടിയാലും അതിന്റെ ആവശ്യം കുറയുന്നില്ല. അതുകൊണ്ടാണ് നികുതി കൂട്ടി ഉയർന്ന വിലക്ക് വിൽക്കണമെന്ന് അഭിപ്രായപ്പെടുന്നത്. തദ്വാരാ മദ്യത്തിന്റെ ആവശ്യം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, മദ്യത്തിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനത്തിൽ മാത്രമാണ് സർക്കാരിന്റെ കണ്ണ്. വാങ്ങൽ ശേഷി കുറക്കുന്ന രീതിയിൽ ഉയർന്ന നികുതി ചുമത്തുന്ന സമീപനം അനുവർത്തിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള  അമാന്തം പ്രകടമാണ്. വളരെ ഉയർന്ന നികുതി വലിയ വിലയിലേക്കു നയിക്കുന്നതിലൂടെ ഉപഭോഗം ഗണ്യമായി കുറഞ്ഞു നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന സംശയം ആർക്കും  ഉണ്ടാകാം.  

മദ്യവും സാമൂഹ്യാവസ്ഥയും 

ധനശാസ്ത്രത്തിൽ മദ്യപാനത്തെയും അതിന്റെ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടന്നിട്ടുണ്ട്. മദ്യപാനം മൂലം കുടുംബങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന കുറവ്, കുടുംബ വഴക്കുകൾ, സ്ത്രീ പീഡനം, മദ്യപരുടെ ആക്രമണ സ്വഭാവം ഇങ്ങനെ നിരവധി കാര്യങ്ങൾ പഠന വിധേയമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മദ്യനിരോധനം പോലുള്ള കാര്യങ്ങൾ ചൂടേറിയ ചർച്ചയാവുന്നത്.

ലോകത്തിൽ, മദ്യത്തിന്റെ ഉപഭോഗം കൊണ്ട് 33 ലക്ഷം ആളുകളാണ് വർഷത്തിൽ  മരിക്കുന്നത്. ഇത് മൊത്തം മരണത്തിന്റെ ആറു ശതമാനം വരും. ദേശിയ കുറ്റകൃത്യ റെക്കോർഡ് പ്രകാരം, ഇന്ത്യയിൽ റോഡ് അപകടങ്ങളുടെ 40 ശതമാനവും, കുറ്റകൃത്യങ്ങളുടെ 59 ശതമാനവും മദ്യഉപഭോഗത്തിന്റെ സൃഷ്ടിയാണ്. വ്യക്തികൾക്കും, കുടുംബത്തിനും, രാഷ്ട്രത്തിനും മദ്യപാനത്തിന്റെ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതം ചെറുതല്ല. ജോലിക്ക് പോകാനുള്ള വൈമുഖ്യം,  രോഗാതുരത തുടങ്ങിയവ മരണം കൂടാതെയുള്ള ചില പ്രശ്നങ്ങളാണ്.  ഇത്തരത്തിലുള്ള പല സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പ്രശ്നങ്ങളും മദ്യഉപഭോഗത്തിന്റെ സൃഷ്ടികളാണ്. അതിനാൽ മദ്യനിരോധനം തന്നെയാണ് ശരിയായ മാർഗം. പക്ഷെ അതസാധ്യമാണെന്ന് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നു. ശരിയായ മദ്യഉപഭോഗ സംസ്കാരത്തിലൂടെ മദ്യവർജ്ജനത്തിലേക്ക് നയിക്കുന്ന നടപടികൾക്കാണ് നാം ശ്രദ്ധ ചെലുത്തേണ്ടതെന്ന വാദഗതിക്കാണ് കൂടുതൽ പ്രസക്തി. 

ബെവ്കോയുടെ കണക്കു പ്രകാരം  2018-19 ൽ 216.34 ലക്ഷം  കെയ്സ്     മദ്യം ഉപഭോഗം ചെയ്തതിലൂടെ കേരളം 14,508 കോടി രൂപയുടെ  വിറ്റുവരവാണ് നടത്തിയത്. ഇന്ത്യയിലെ മദ്യ വില്പനയുടെ 4.68 ശതമാനമാണിത്. ഇത് സൃഷ്ടിക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഏറ്റവും വലിയ പ്രത്യാഘാതം ആരോഗ്യമുള്ള ഒരു ജനസമൂഹത്തെ നഷ്ട്ടപ്പെടുന്നു എന്നത് തന്നെയാണ്.

ബെവ്കോ ആപും’ സാമ്പത്തിക അച്ചടക്കവും

മദ്യം വാങ്ങാൻ ‘ആപ്’ പോലുള്ള സംവിധാനങ്ങൾ എന്നേ സംസ്ഥാനത്ത് വരേണ്ടതായിരുന്നു. കേരളത്തിലെ മദ്യ ഉപഭോക്താക്കൾ നീണ്ട വരിയിൽ നിന്ന് വളരെയധികം സമയം ചെലവഴിച്ചാണ് മദ്യം വാങ്ങുന്നത്. പോരാതെ, ഒട്ടും വൃത്തിയില്ലാത്ത ബെവ്കോ പരിസരങ്ങളും ഇവരുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. നന്നായി നടപ്പിലാക്കിയാൽ ഇതിനെല്ലാമുള്ള പരിഹാര മാർഗമാണ് പുതിയ ‘ആപ്’ സംവിധാനം. സാധനം വാങ്ങേണ്ട സമയം, അളവ്, കട എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും അതനുസരിച്ച് സമയം സജ്ജീകരിക്കാനും കഴിയും. 

മദ്യപാനികളുടെ സവിശേഷ സ്വഭാവമനുസരിച്ച് ജനങ്ങളുടെ ഇടയിൽ അവരെ കുറിച്ച് പല അപരനാമങ്ങളും നിലനിൽക്കുന്നുണ്ട്. അനാരോഗ്യകരമായ ഈ പ്രവണതകളെ ഉന്മൂലനം ചെയ്യുന്നതിന് ‘ആപ്’ കാലക്രമത്തിൽ സഹായകരമാകും. ഭാവിയിൽ, ഒരാൾക്ക് ആഴ്ചയിലോ മാസത്തിലോ ലഭിക്കാവുന്ന മദ്യത്തിന്റെ അളവ് (Quota) കൂടി നിശ്ചയിച്ചാൽ സാവധാനം നാം ആഗ്രഹിക്കുന്ന മദ്യപാന സംസ്കാരത്തിൽ എത്തിച്ചേരും. അതിനനുയോജ്യമായ മറ്റു പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കണം. ഓർഡർ ചെയ്താൽ ഉപഭോക്താക്കൾക്ക് മദ്യം വീട്ടിൽ എത്തിച്ചുകൊടുക്കാനുള്ള സംവിധാനവും കാലക്രമത്തിൽ നടപ്പിലാക്കുന്നത് നല്ലതായിരിക്കും. ഇത് കുടുംബ ബജറ്റിനും സന്തോഷം നല്കുമെന്നതിൽ സംശയമില്ല.   

മറ്റു മാർഗങ്ങളുടെ പിൻബലം

മദ്യപാനത്തിന്റെ ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകൾക്കാണ് മുൻഗണന നൽകേണ്ടത്. മദ്യപാന രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, ഒരു സമയത്തു ഉപയോഗിക്കേണ്ട മദ്യത്തിന്റെ അളവ്, അതിനാവശ്യമായ സമയം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ  ക്ലാസ്സുകളും ആപിന് പിൻബലമായി ഉണ്ടാകണം. പല വിദേശ രാജ്യങ്ങളിലും മദ്യം വിൽക്കുമ്പോൾ തന്നെ ഇവ പ്രതിപാദിക്കുന്ന ലഘുലേഖകൾ നൽകാറുണ്ട്. ചുരുക്കത്തിൽ മദ്യം ഉപയോഗിക്കുന്നതിൽ ആദ്യം ഒരു സംസ്കാരം വളർത്തിയെടുക്കണം. ഇത് അവരുടെ ചെലവിൽ ഗണ്യമായ കുറവ് വരുത്തുമെന്ന് ബോധ്യപ്പെടുത്തും. ഫലത്തിൽ, നല്ലൊരു വ്യക്തിഗത ധനകാര്യ മാനേജ്മെന്റിന് അത് വഴി തെളിയിക്കും.

ബാർ ലൈസൻസ് ലഭിച്ചിട്ടുള്ള ക്ലബ്ബുകളുടെ പ്രവർത്തനം മനസിലാക്കി അത് പോലെയോ അല്പം വേറിട്ടുള്ള രീതിയിലോ പുതിയ സംവിധാനങ്ങൾ ചിന്തിക്കണം. ‘റൌണ്ട് ടേബിൾ’  സംവിധാനം പോലുള്ള പരീക്ഷണങ്ങളും ആലോചിക്കാവുന്നതാണ്. വികസിപ്പിച്ചെടുക്കുന്ന മാതൃകകൾ സർക്കാരിനും, ഉപഭോക്താവിനും, ഒപ്പം ജനങ്ങൾക്കും ഒരു പോലെ ഗുണം ചെയ്യണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് മദ്യം വിതരണം ചെയ്യുന്നത്. ഇതിലെ നല്ല  മാർഗ്ഗങ്ങൾ സ്വീകരിച്ചും മുന്നോട്ട് പോകാം. ന്യായമായ വിലക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന മദ്യം വിതരണം ചെയ്യുന്നതിലും ശ്രദ്ധ വേണം. ചുരുക്കത്തിൽ, ഒരു പുതിയ ‘മദ്യ ഉപഭോഗ സംസ്കാരം’, തുടർന്ന്  ദീർഘകാലത്തിൽ ‘മദ്യവർജനം’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. പലതും പ്രസംഗിക്കുകയും ഒരിടത്തും എത്താതിരിക്കുകയും ചെയ്യുന്നതിൽ നിന്ന് എത്രയോ ഭേദമായിരിക്കും ഇത്തരമൊരു സമീപനം. കോവിഡിനെ ‘അവസരമാക്കിയെടുക്കുക’ എന്ന് പറഞ്ഞാൽ ഇതെല്ലാമാണ് അർത്ഥമാക്കുന്നത്. ഫലമോ? അവരവരുടെ വരുമാനം ഉപയോഗിച്ച് കാര്യങ്ങൾ കൂടുതൾ നന്നായി ചെയ്യാനും കഴിയും. കോവിഡ്  കാലം കഴിയുമ്പോൾ ആപ് ഇല്ലാതാക്കുകയോ, ആപിന്റെ പ്രയോഗത്തിലെ പാളിച്ചയുടെ പേരിൽ അത് ഉപേക്ഷിക്കുകയോ ചെയ്യുന്ന സമീപനവും ഉണ്ടാവരുത്.

Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research. 

Avatar photo
+ posts

Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Dr. Martin Patrick
Dr. Martin Patrick
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Leave a Reply

Your email address will not be published. Required fields are marked *