US’ Priority: Pacific, within the Indo-Pacific
July 2, 2020
Webinar on “Gulf Migration and COVID-19”
July 3, 2020

അവസാനമുണ്ടാകുമോ ഈ കൊള്ളയ്‌ക്ക്‌ – ഡോ. മാർട്ടിൻ പാട്രിക്‌ എഴുതുന്നു

ഇന്ധനവില തുടർച്ചയായി ഉയർത്തി സാധാരണ ജനങ്ങളെ വറുതിയിലാക്കാൻ കച്ചകെട്ടി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൊട്ടിഘോഷിച്ച 20 ലക്ഷത്തിൽ സാധാരണ ജനങ്ങൾക്കായി മാറ്റിവച്ച തുക ഭിക്ഷ കൊടുക്കുന്നതുപോലെയായി.  ജന്മനാടുകളിലേക്ക്‌ കാൽനടയായി പലായനം ചെയ്ത അതിഥിത്തൊഴിലാളികളുടെ ചിത്രം മനസ്സിൽനിന്ന് മായുംമുമ്പുതന്നെ ഇന്ധനവില മൂന്നാഴ്‌ചയ്‌ക്കുള്ളിൽ 22 തവണ ഉയർത്തി. ഓരോ ദിവസത്തെയും വർധന ചെറുതാണ് — 20 പൈസ മുതൽ 85 പൈസ വരെയാണ്‌ കൂട്ടുന്നത്‌. രാജ്യതലസ്ഥാനത്തെ ജൂൺ 30-ലെ ഒരു ലിറ്റർ പെട്രോളിന്റെ വില 80.43 രൂപയും ഡീസലിന്റേത്‌ 80.53 രൂപയുമാണ്‌. ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ഇനിയും കൂടുമെന്നതിൽ സംശയമില്ല.

അന്താരാഷ്ട്ര കമ്പോളത്തിൽ കാര്യമായ വിലവ്യതിയാനം സംഭവിക്കാതിരിക്കുമ്പോഴാണ് ദേശീയ കമ്പോളത്തിൽ അടിക്കടി എണ്ണവില വർധിപ്പിക്കുന്നത്. ക്രൂഡിന്റെ വില ഏറ്റവും പരമാവധി നിലവാരത്തിൽ എത്തിയത് 2008 ജൂലൈയിൽ. അപ്പോൾ ഒരു ബാരലിന് 148.93 ഡോളറായിരുന്നു. 2020 ഏപ്രിൽ 20-ന് 16.95 ഡോളറിൽ എത്തി. ഇന്ന് 40 ഡോളറിന്റെ പരിസരത്താണ്. 2008-ൽ ഇന്ത്യൻ കമ്പോളത്തിൽ ഒരു ലിറ്റർ പെട്രോളിന് 50 രൂപയും ഡീസലിന് 35 രൂപയും ആയിരുന്നു വില. അതായത്‌ അന്താരാഷ്ട്ര വില 75 ശതമാനത്തിലധികം കുറഞ്ഞപ്പോൾ, ദേശീയ വിപണിയിൽ വില 50 ശതമാനത്തിലധികം വർധിക്കുകയാണുണ്ടായത്. ഇത് തികച്ചും വിരോധാഭാസം തന്നെ. അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറഞ്ഞപ്പോഴൊക്കെ ദേശീയ കമ്പോളത്തിൽ വില വർധിപ്പിക്കുന്നു. 17 ദിവസത്തെ മാത്രം വിലനിലവാരം പരിശോധിച്ചാൽ മനസ്സിലാകുന്നത് അന്താരാഷ്ട്ര കമ്പോളത്തിൽ നാമമാത്രമായ വർധന ഉണ്ടായപ്പോൾ (1 %) ഇന്ത്യയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 11.65,  14.03 ശതമാനം കൂടുകയാണുണ്ടായത്. മറ്റൊരു കണക്കുപ്രകാരം, ജനുവരി ഒന്നി-നെ അപേക്ഷിച്ച്‌ മെയ് ആറിന് 65 ശതമാനം വില കുറവ് അസംസ്‌കൃത എണ്ണയിൽ ഉണ്ടെന്നു വ്യക്തമാണ്. ഈ വ്യത്യാസമാണ് ഉപയോക്താക്കൾക്ക് കൈമാറ്റം ചെയ്യേണ്ടത് . വിപണിസിദ്ധാന്ത പ്രകാരം ഇത്‌ ചെയ്യുമെന്ന സർക്കാർ വാഗ്ദാനമാണ് നഗ്നമായി ലംഘിക്കപ്പെടുന്നത്. ഇതിനെ പകൽക്കൊള്ളയെന്നോ തീവെട്ടിക്കൊള്ളയെന്നോ അല്ലാതെ മറ്റെന്താണ് വിളിക്കുക.

വളരെ കൗതുകകരമായ മറ്റൊരു വസ്തുത ഡീസലിലെ വർധന പെട്രോളിനെ അപേക്ഷിച്ച്‌ വളരെ വലുതാണ്. 2014-–-20 കാലഘട്ടത്തിൽ പെട്രോളിന്റെ വില 10.38 ശതമാനം കൂടിയപ്പോൾ ഡീസലിന്റേത്‌ 43 ശതമാനമാണ് വർധിച്ചത്. -നാലിരട്ടിയിലധികം വർധന. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ഒരു വശത്ത്‌ ഇന്ധനവില ഉയർത്തി നേട്ടം കൊയ്യുക. മറുവശത്ത്‌ പെട്രോളിന്റെയും ഡീസലിന്റെയും വിലവ്യത്യാസം ഉന്മൂലനം ചെയ്ത്‌ കൊള്ളലാഭം കൊയ്യുക. ഡീസലിന്റെ കാര്യത്തിൽ ഒരു പൈസയുടെ വർധനപോലും നിത്യോപയോഗസാധനങ്ങളുടെ വിലയിൽ സൃഷ്ടിക്കും. സാധാരണക്കാരന്റെ ഭാരം സ്വാഭാവികമായും കടുത്തതായിരിക്കും. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ ഏറ്റവും വലിയ വ്യത്യാസം ഏപ്രിൽ 2012-ൽ 24.69 രൂപയായി ഉയർന്നപ്പോഴാണ്. വ്യത്യാസം ഇല്ലാതായിയെന്ന് മാത്രമല്ല ഡീസലിന്റെ വില, പെട്രോളിന്റെ വിലയെ അപേക്ഷിച്ച്‌ രാജ്യതലസ്ഥാനത്ത്‌ കൂടുതലാകുകയും ചെയ്തു. തികച്ചും അസാധാരണമായ സാഹചര്യം ഇതാണ്. കോവിഡിനേക്കാൾ മാരകമായ വൈറസ് ഇതാണെന്ന്‌ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല.

എണ്ണക്കമ്പനികളും കാർട്ടലൈസേഷനും
വിലനിർണയം സ്വതന്ത്രവിപണിക്ക് കൈമാറിയതിനു പിന്നിൽ മറ്റൊരു ന്യായീകരണമുണ്ട്. ഓയിൽ കമ്പനികൾ തമ്മിലുള്ള മത്സരം പൊടിപൊടിക്കുമെന്നും തൽഫലമായി ഉപയോക്താവിന് കുറഞ്ഞവിലയ്‌ക്ക് ഇന്ധനം ലഭിക്കുമെന്നുള്ളതാണ് പ്രസ്തുത വാദം. യഥാർഥത്തിൽ നാം കാണുന്നതെന്താണ്? എണ്ണകമ്പനികളുടെ വിലകൾ തമ്മിലുള്ള വ്യത്യാസം പത്തോ ഇരുപതോ പൈസ മാത്രമാണ്. ഇതിൽനിന്ന്‌ വിലനിർണയത്തിൽ കമ്പനികളുടെ ‘ഒരനൗപചാരിക കൂട്ടുകെട്ട്’ ഉണ്ടെന്നു വേണം കരുതാൻ. അന്താരാഷ്ട്ര തലത്തിൽ എണ്ണയുൽപ്പാദന രാജ്യങ്ങൾ തമ്മിൽ യോജിച്ച്‌ ഒപെക് (ഒപിഇസി) സംവിധാനത്തിലൂടെ പ്രവർത്തിക്കുന്നതിന് സമാനമാണിത്. എന്നാൽ, അതൊരു ഔപചാരിക സംവിധാനമാണ്. അത്തരമൊരു സംവിധാനത്തിന്റെ അസാന്നിധ്യത്തിലും എത്ര ഭംഗിയായി ഇന്ത്യയിലെ എണ്ണ കമ്പനികൾ അനൗപചാരിക കൂട്ടുകെട്ടിലൂടെ ഉയർന്നവില നിർണയിക്കുന്നു; ഏകദേശം ഒരേ വില തന്നെയും എല്ലാവരും ചുമത്തുന്നു. വിലനിർണയത്തിൽ പൊതുമേഖലാ കമ്പനികളുടെ ഇടയിലുള്ള ധാരണ ‘കാർട്ടലൈസേഷൻ’ തന്നെയാണ്. ഇതിന്റെയെല്ലാം ഫലമായി  ഏറ്റവും വലിയ ഗുണഭോക്താക്കളായി സ്വകാര്യ എണ്ണ കമ്പനികൾ മാറുന്നു.

എല്ലാ എണ്ണാ കമ്പനികളും ലാഭത്തിലാണ്. ഓരോ വർഷവും ലാഭം വർധിക്കുകയും ചെയ്യുന്നു. എന്നാൽ, സ്വകാര്യ കമ്പനികളുടെ ലാഭത്തിലെ വർധന കൂടുതലാണ്. 2016-–-17ൽ അവരുടെ ലാഭം 28,752 കോടി ആയിരുന്നത് 2018-–-19ൽ 35,507 കോടിയായി ഉയർന്നു. പൊതുമേഖലാ കമ്പനികളുടെ ലാഭം ഉയർന്നതാണെങ്കിലും 2018–-19ൽ അൽപ്പം കുറയുകയുണ്ടായി.

നികുതി വില്ലൻ തന്നെ
പെട്രോളിന്റെയും ഡീസലിന്റെയുംമേൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നികുതികൾ ചുമത്തുന്നു. കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി, റോഡ് സെസ്സ് തുടങ്ങിയവ ചുമത്തുമ്പോൾ സംസ്ഥാനം വാറ്റ് ചുമത്തുന്നു. കേന്ദ്ര സർക്കാർ റോഡ് സെസ്, സ്പെസിഫിക് ആൻഡ്‌  അഡീഷണൽ എക്സൈസ് ഡ്യൂട്ടിയായി 32.98 രൂപ ചുമത്തുമ്പോൾ സംസ്ഥാനം 27 മുതൽ 30 ശതമാനംവരെ വാറ്റ് ചുമത്തുന്നു. പെട്രോളിന്റെയായാലും ഡീസലിന്റെയായാലും അടിസ്ഥാനവിലയുടെ നൂറു ശതമാനത്തിലധികമാണ് നികുതി.  പെട്രോളിന്റെ അടിസ്ഥാനവിലയിൽ നികുതി 226 ശതമാനമാണ്. അതിൽ 147 ശതമാനം കേന്ദ്ര നികുതിയും 79 ശതമാനം സംസ്ഥാന നികുതിയുമാണ്‌. അതുകൊണ്ടാണ് ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരണമെന്ന അഭിപ്രായം ശക്തമായി നിലനിൽക്കുന്നത്.  ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവന്നാലും നികുതിയിൽ കുറവ് വരണമെന്നില്ല. അധിക സെസ്സുകളും മറ്റും ചുമത്തി നികുതിനിരക്ക് ഇപ്പോഴത്തെ നിരക്കിൽനിന്ന് കുറയ്‌ക്കാൻ സാധ്യതയില്ല. അപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടാകും.

നാം ഉപയോഗിക്കുന്ന പെട്രോൾ എഥനോൾ കലർന്ന മിശ്രിതമാണ്. 2007 മുതൽ സംസ്‌കരിച്ചെടുക്കുന്ന പെട്രോളിൽ 6.2 ശതമാനം എഥനോൾ ചേർത്താണ് വിൽക്കുന്നത്. ഒരു ലിറ്റർ എഥനോളിന്റെ വില 59 രൂപ മാത്രമാണ്. അതായത്‌ ഒരു കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കുമ്പോൾ (30 ലിറ്റർ) 1.86 ലിറ്റർ എഥനോൾ അടങ്ങിയിരിക്കുന്നു. കൊടുക്കുന്ന വിലയാകട്ടെ പെട്രോളിന്റേതും. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഈ വ്യത്യാസം 22 രൂപയാണ്. ചുരുക്കത്തിൽ 30 ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 41 രൂപയുടെ നഷ്ടം ഉപയോക്താവിന് ഉണ്ടാകുന്നു. 

Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research. 

This article was published in Deshabhimani malayalam newspaper on July 2, 2020. Click here to read

Avatar photo
+ posts

Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Dr. Martin Patrick
Dr. Martin Patrick
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Leave a Reply

Your email address will not be published. Required fields are marked *