കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു പൊതുവിലും സഹകരണ ബാങ്കുകൾക്ക് പ്രത്യേകിച്ചും വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. സ്വാഭാവികമായും വാദ പ്രതിവാദങ്ങൾ സഹജം. ഇപ്പോൾ കരുവന്നൂർ സഹകരണ ബാങ്കിലെ നൂറു കോടി വിവാദവും (1000 കോടി വരെയാകാം), കേന്ദ്രത്തിന്റെ പുതിയ സഹകരണ വകുപ്പ് സൃഷ്ടിയും വിവാദത്തിനു പുതിയ നിറവും രുചിയും നൽകിയിരിക്കുന്നു. രണ്ടിടത്തും പ്രതിസ്ഥാനത്തു ഭരണകൂടവുമായി ബന്ധപ്പെട്ടവർ തന്നെയാണ്. കേന്ദ്രത്തിന്റേതു അനുവർത്തിച്ചുപോരുന്ന വെട്ടിപിടിക്കലിന്റെ ഭാഗമായുള്ള ജനാധിപത്യ ധ്വംസനം ആകുമ്പോൾ, സംസ്ഥാനത്തിന്റേതു വലിയ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കന്മാരുടെ പിടിപ്പുകേടോ, അഴിമതിയോ ആണെന്ന് ഒറ്റ വാചകത്തിൽ പറയാം.
സഹകരണ ‘തട്ടിപ്പ്‘ – പുതിയമാനങ്ങൾ, പുതിയപാഠങ്ങൾ
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു ചെറുതല്ല; യാദൃശ്ചികവുമല്ല. പ്രൊഫഷണൽ രീതിയെ വെല്ലുന്ന തട്ടിപ്പു തന്നെയാണിത്. ഒന്നാന്തരം ‘ധനകാര്യ കുറ്റകൃത്യം’. വർഷങ്ങളുടെ പഴക്കമുണ്ടെന്നതാണ് ഇതിൽ അത്ഭുതകരമായ കാര്യം. കുറ്റകൃത്യത്തെ ‘മാനേജ്’ ചെയ്യാൻ കഴിവുണ്ടെന്ന വസ്തുത സമൂഹത്തിന്റെ പൊള്ളത്തരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. തട്ടിപ്പിന്റെ വ്യാപ്തി അറിഞ്ഞതിലും വലുതായേക്കാം. ഇനിയും കൂടുതൽ ഇടങ്ങളിൽ നിന്നും ഇത്തരം വാർത്തകൾ ശ്രവിക്കാൻ അവസരമുണ്ടാകുമെന്ന ഉത്കണ്ഠ അസ്ഥാനത്താകട്ടെയെന്ന് ആശിക്കുന്നു.
കൊടിയുടെ നിറവ്യത്യാസം ഇല്ലാതെ കൂടുതൽ സഹകരണ ബാങ്കുകളിൽ നടക്കുന്ന അഴിമതിയും തട്ടിപ്പും അനുദിനം പുറത്തുവരുന്നു. പലതിനും വർഷങ്ങളുടെ പഴക്കവും ഉണ്ട്. ഇടുക്കി, മലപ്പുറം തുടങ്ങിയ പല ജില്ലകളിൽ നിന്നും നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി വാർത്തകൾ വരുമ്പോൾ, വ്യാപകമാണെന്ന് വാദിക്കാൻ കഴിയില്ലെങ്കിലും വിവിധ തരത്തിലുള്ള വായ്പാ തട്ടിപ്പുകളുടെ വസ്തുക്കൾ മറ്റു കോണുകളിൽ നിന്നും വരുന്നു. ഇതിനർത്ഥം, ഇത്തരം തട്ടിപ്പുകൾക്കും അഴിമതികൾക്കും ഒരവസാനമുണ്ടാകണമെങ്കിൽ രാഷ്ട്രീയക്കാരെ ശുദ്ധീകരിക്കണം-അതും അടിയന്തരമായി താഴെ തട്ടിൽ നിന്ന് തന്നെ തുടങ്ങണം. ഇത് തന്നെയാണ് ഇത്തരം ധനകാര്യ കുറ്റകൃത്യങ്ങൾ നൽകുന്ന പ്രാഥമിക പാഠം.
തട്ടിപ്പിന്റെ ‘രാജ്യാന്തരമാതൃക‘
കരുവന്നൂർ തട്ടിപ്പ് സഹകരണ മേഖലയിലെ ആദ്യത്തെ സംഭവമൊന്നുമല്ല. അവസാനത്തേതാണെന്നു പറയാനും പറ്റില്ല . ‘പിടിച്ചതിനേക്കാൾ വലുത് അളയിൽ ഇല്ലെന്നു’ പറയാനും സാധിക്കില്ല. എന്താണ് കരുവന്നൂരിന്റെ പ്രത്യേകത? തട്ടിപ്പുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തി കാണുന്ന തുകയേക്കാൾ, അത് നടപ്പിലാക്കിയ, ആസൂത്രണം ചെയ്ത രീതിയെയാണ് ഗൗരവത്തോടെ കാണേണ്ടത് .
ഒരു വസ്തുവിന്റെ പ്രമാണം ഉപയോഗിച്ച് പല ആളുകൾക്ക് വായ്പാ നൽകുക, വായ്പ എടുക്കുന്ന ആൾ അറിയാതെ ഒരു ഈടിന്മേൽ അനുവദിച്ച വായ്പയിലും ഉയർന്ന തുക തരപ്പെടുത്തുക, ഇല്ലാത്ത ഭൂമി ഈട് വെച്ചുള്ള വായ്പ പാസ്സാക്കിയെടുക്കുക തുടങ്ങിയ കലാപരിപാടികൾ വർഷങ്ങളായി ആരോപണം ഉയർന്ന സഹകരണ ബാങ്കിൽ അരങ്ങേറുകയുണ്ടായി. ഉദ്യോഗസ്ഥർക്ക് റിയൽ എസ്റ്റേറ്റ് വ്യാപാരം നടത്താൻ വഴിവിട്ടു വായ്പ തരപെടുത്തി കൊടുക്കുക, ബിനാമി ഇടപാടിലൂടെ പണം തട്ടുക എന്നിങ്ങനെയുള്ള അഭ്യാസ പ്രകടനങ്ങളും കഴിഞ്ഞ പത്തു വർഷമായി ബാങ്കിൽ നടന്നിരുവെന്നു മൊഴികളിൽ നിന്നും, ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാം.
സാമ്പത്തികആപത്ത്
2008ലെ ലോകമാന്ദ്യ കാലത്തു സംഭവിച്ച ധനകാര്യ നിരുത്തരവാദത്തിനു സമാനമാണിത്. ഒരു പ്രമാണത്തിന്റെ മേൽ പലർക്കും വായ്പ കൊടുക്കുന്ന രീതി അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങൾ വിതരണം ചെയ്തതിന്റെ അനന്തരഫലമാണ് 2008 ലെ ലോക മാന്ദ്യം. ഒരു വ്യത്യാസം മാത്രം, അവിടെ ഔദ്യോഗികമായ അംഗീകാരത്തോടെ അത് നടപ്പിലാക്കിയപ്പോൾ, ഇവിടെ ചില ഉദ്യോഗസ്ഥന്മാരും ബോർഡ് മെമ്പറുമാരും കൂടി ചേർന്ന് അനധികൃതമായി നടപ്പിലാക്കുകയാണ് ഉണ്ടായത്. അമേരിക്കയിൽ ഭൂമിയുടെയും ആസ്തിയുടെയും വില ഉയരുന്നതനുസരിച്ചു, വിതരണം ചെയ്ത വായ്പയും ആസ്തിയുടെ കമ്പോള വിലയും തമ്മിലുള്ള വ്യത്യാസത്തിന് പുതിയ സെക്യൂരിറ്റികൾ( ഡെറിവേറ്റീവുകൾ) ഉണ്ടാക്കി ഔദ്യോഗിക ഏജൻസികളുടെ സഹായത്തോടെ ക്രയവിക്രയം ചെയ്തപ്പോൾ ഇവിടെ അധാർമിക ചാനലിൽ ധനകാര്യ തട്ടിപ്പു നടത്തി. അതുകൊണ്ടിതിനെ നിസാരമായി കാണുന്നത് ഒരു സാമ്പത്തിക ആപത്തിനെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും.
ചെറിയ തുകയ്ക്കുള്ള ഭൂമി ഈടു വെച്ച് ഭീമമായ വായ്പയെടുത്ത ശേഷം എത്രയും പെട്ടന്ന് ജപ്തി നടപടി സ്വീകരിക്കുകയെന്ന തട്ടിപ്പിന് കൂടി മുതിർന്ന ഇക്കൂട്ടർ ചില്ലറക്കാരല്ല. രാജ്യാന്തര സാമ്പത്തിക തട്ടിപ്പുകാർക്കും ഇവർ വഴികാട്ടികളാകുന്നു. നാശം വിതച്ച രാജ്യാന്തര മാതൃകയുടെ ബീജങ്ങൾ കൗശല ബുദ്ധിയോടെ പ്രയോഗിച്ചു നേട്ടം കൊയ്തവർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ട് വന്നു ശിക്ഷിക്കപ്പെടേണ്ടതാണ്.
നഷ്ടപ്പെടുന്നത്നിക്ഷേപകരുടെവിശ്വാസ്യത; ആശ്രയം
സഹകരണ ബാങ്ക്, നിക്ഷേപകരുടെ സുരക്ഷിത താവളമാണ്; ആകർഷണീയമായ വളക്കൂറുള്ള ഇടവുമാണ്. പലവിധ സംരക്ഷിത വലയത്തിനകത്തായതിനാൽ സഹകരണ ബാങ്കിലെ നിക്ഷേപം സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു.ലപോരെങ്കിൽ ആകർഷണീയമായ പലിശ നിരക്ക് അവിടേക്കു കൂടുതൽ നിക്ഷേപകരെ അടുപ്പിക്കുന്നു. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക് അഞ്ചു ശതമാനത്തിന്റെ ചുറ്റുവട്ടത്തായതോടെ നിക്ഷേപത്തിന്റെ പലിശ നിരക്ക് കൊണ്ട് ജീവിത ചക്രം ക്രമപ്പെടുത്തുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥരും, വിദേശത്തു നിന്നും തിരിച്ചു വന്നവരും അല്പം പലിശ നിരക്ക് കൂടുതൽ കിട്ടുന്ന സുരക്ഷിത താവളങ്ങൾ അന്വേഷിക്കുന്നത് സ്വാഭാവികം. നാട്ടിൽ ഒരു മഴയ്ക്ക് മുളച്ചു പൊങ്ങുകയും ,തൊട്ടടുത്ത വെയിലിൽ വാടി പോവുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ധാരാളിത്തം കണ്ടുമടുത്ത നിക്ഷേപകർ അമ്പരപ്പോടെയാണ് മറ്റു പോംവഴികൾ അന്വേഷിക്കുന്നത്. എവറസ്റ്റ്, ഹിമാലയ, ടോട്ടൽ ഫോർ യൂ. പോപ്പുലർ ഫിനാൻസ് തുടങ്ങിയ തട്ടിപ്പുകൾ കണ്ടു മടുത്ത നിക്ഷേപകർ വിശ്വസനീയമായ ധനകാര്യ സ്ഥാപനങ്ങളെ സൂക്ഷ്മതയോടെയാണ് സമീപിക്കുന്നത്..ഈ സാഹചര്യത്തിലാണ് സഹരണ ബാങ്കുകളെ പ്രതീക്ഷയോടെ നിക്ഷേപകർ കാണുന്നത്. എന്നാൽ അതിന്റെ ആകർഷണീയതക്ക് മങ്ങലേൽക്കുന്ന വാർത്തകൾ നിരാശാജനകമാണ്.
വിശ്വാസ്യതയ്ക്ക്മങ്ങൽ
രണ്ടു കാര്യങ്ങൾക്കു ഈ പുതിയ സാഹചര്യത്തിൽ കോട്ടം തട്ടുന്നു. ഒന്ന്, ഏതു സാഹചര്യത്തിലും സഹകരണ ബാങ്കുകളെ ആശ്രയിക്കാമെന്നുള്ള നിക്ഷേപകന്റെയും വായ്പക്കാരന്റെയും വിശ്വാസത്തിന് ഇത്തരം പ്രവർത്തികൾ മങ്ങലേല്പിച്ചിരിക്കുന്നു. രണ്ട്, നിക്ഷേപകന് സഹകരണ ബാങ്കിനോടുള്ള വിശ്വാസ്യതയ്ക്ക് സംഭവിക്കുന്ന ഇടിവ്. കഷ്ടപ്പെട്ടുണ്ടാക്കിയ അവരുടെ ചെറിയ നിക്ഷേപം തുടർന്നും സഹരണ ബാങ്കിൽ ഇടണോയെന്ന സംശയം ഈ സാഹചര്യത്തിൽ ബലപ്പെടുന്നു..
നിക്ഷേപകൻ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയാൽ സഹകരണ ബാങ്കുകൾ മൂലധന അപര്യാപ്തതയിലേക്കു കൂപ്പുകുത്തും. മറിച്ച് വട്ടി പലിശക്കായാലും താൻ വഞ്ചിക്കപെടില്ലെന്ന തോന്നലിൽ വായ്പ്പക്കാരൻ, പ്രസ്തുത വായ്പകളെ ആശ്രയിച്ചാൽ സഹകരണ ബാങ്കുകളുടെ ലാഭത്തെ പ്രതികൂലമായി ബാധിക്കും. വായ്പ്പക്കാരനാകട്ടെ ഉയർന്ന പലിശയുടെ കെടുതി മൂലം ‘കട കെണിയിൽ’ പെടുകയും ചെയ്യും.
കാലങ്ങളായി നന്നായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ മുഴുവനും ഇങ്ങനെയല്ല പ്രവർത്തിക്കുന്നതെങ്കിലും, ഇത്തരം സംഭവ വികാസങ്ങൾ നൽകുന്ന സൂചന ആപല്‍ക്കരമാണ് . മുളയിലെ നുള്ളിയില്ലെങ്കിൽ സൂചി കൊണ്ടെടുക്കേണ്ടത് തുമ്പ കൊണ്ടെടുക്കേണ്ടി വരും. ഇപ്പോൾ തന്നെ സമയം അതിക്രമിച്ചു. ഒട്ടും അമാന്തിക്കാതെയുള്ള ഇടപെടലുകളും, നടപടി ക്രമങ്ങളും സഹകരണ ബാങ്കിന്റെ നിലനിൽപ്പിനും തുടർന്നുള്ള വളർച്ചക്കും അനിവാര്യമാണ്.
ഈ ലേഖനം പ്രസിദ്ധീകരിച്ചത് മനോരമ ഓൺലൈനിൽ ആണ്.
Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research.
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.