Evaluating Online Evaluations in Higher Education
August 11, 2021
US and India as Partners in Climate Action: A Clean Energy Agenda
August 12, 2021

സഹകരണ സ്ഥാപനങ്ങളെന്ന ‘ഗ്രാമീണ പണപ്പെട്ടി’യെ എങ്ങനെ കരുത്തുറ്റതാക്കാം?

സഹകരണ ബാങ്കുകളും സംഘങ്ങളും ഗ്രാമീണ പണപെട്ടിയാണ്. കേരളത്തിന്റെ ‘വികസന രീതി’ക്കു കൃത്യമായ സംഭാവന നൽകിയിട്ടുള്ള മേഖല. ജനങ്ങളുമായി അടുത്തുനിൽക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യം ആദ്യം തിരിച്ചറിയണം . 

70 തരം സഹകരണ സ്ഥാപനങ്ങൾ

പലവിധ സാമ്പത്തിക പ്രക്രിയകളിൽ ഏർപ്പെടുന്ന 70 തരം സഹകരണ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ഫെഡറൽ സൊസൈറ്റികൾ, ക്രെഡിറ്റ് സൊസൈറ്റികൾ, കൺസ്യൂമർ സൊസൈറ്റികൾ, മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റികൾ  എന്നിങ്ങനെ പല തരത്തിൽ കാണാം. 2019ലെ കണക്കനുസരിച്ചു 15761 സൊസൈറ്റികളാണ് കേരളത്തിലുള്ളത് (പ്രവർത്തിക്കുന്നവ–11994). ‘രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ്സ് സൊസൈറ്റിസിന്റെ’ കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം സൊസൈറ്റികൾ കൂടാതെ  6000ത്തോളം  സൊസൈറ്റികൾ വിവിധ ഡിപ്പാർട്മെന്റുകളുടെ തണലിൽ സുഗമമായി പ്രവർത്തിക്കുന്നു. ഉദാ: ഖാദി, കയർ, കൈത്തറി, ക്ഷീര മേഖലകളിലെല്ലാം സഹകരണ സ്ഥാപനങ്ങളുടെ സാന്നിധ്യമുണ്ട്. ഇതിനു പുറമെയാണ് സഹകരണ ബാങ്കുകൾ. പ്രാഥമിക, അർബൻ സഹകരണ ബാങ്കുകൾ സാന്നിധ്യം കൊണ്ടും പ്രവർത്തനം കൊണ്ടും ശ്രദ്ധയാകർഷിക്കുന്നു. സഹകരണ ബാങ്കുകളുടെ അപെക്സ് ബോഡിയായി ജില്ലാ ബാങ്കുകളെ സംയോജിപ്പിച്ചു ‘കേരള ബാങ്കും’ യാഥാർഥ്യമായി. പറഞ്ഞു വരുന്നത് സമസ്ത പ്രദേശങ്ങളെയും മേഖലകളെയും ബന്ധിപ്പിച്ചു പ്രവർത്തിക്കുന്ന ഒരു വലിയ കണ്ണിയാണ് സഹകരണ സ്ഥാപനങ്ങളെന്നും, അവയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടതാണെന്നും ഉള്ള പ്രാഥമിക തിരിച്ചറിവിൽ നിന്ന് വേണം തുടങ്ങേണ്ടത്.  

ചികിത്സ ആവശ്യമോ ? 

ഇന്ത്യയിലാകമാനമുള്ള സഹകരണ ബാങ്കുകളുടെ അവസ്ഥ പരിഗണിച്ചാണ് വിവിധ കമ്മീഷനുകൾ പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ മുന്നോട്ടു വെച്ചത്. വായ്പ രംഗത്തെ കിട്ടാകടങ്ങൾ, പ്രൊഫഷണലിസത്തിന്റെ അഭാവം എന്നിവ മുൻനിർത്തിയാണ് മാറ്റത്തിനു ആഹ്വാനം  നടത്തിയത്. ഒപ്പം, കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയും; ഒരു പക്ഷെ അതായിരിക്കാം കൂടുതൽ സ്വാധീനിച്ചത്. വസ്തുനിഷ്ഠമായി പ്രതിപാദിച്ചാൽ, കേരളം ഉൾപ്പടെയുള്ള സഹകരണ സ്ഥാപനങ്ങളിൽ മാറ്റം ആവശ്യപ്പെടുന്ന  സാഹചര്യം നിലവിലുണ്ട്. നിയമന രംഗത്തെ അഴിമതി, വായ്പ രംഗത്തെ വഴിവിട്ട പക്ഷപാതം, കമ്മീഷൻ രീതികൾ, മത്സരശേഷി കുറവ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ചികിൽസിച്ചു ഭേദമാക്കിയാൽ  സഹകരണ സ്ഥാപങ്ങളുടെ കാര്യശേഷി പതിന്മടങ്ങു വർധിക്കും. അതിനായി ചില നിർദേശങ്ങൾ മുന്നോട്ടു വെക്കുന്നു.

മൽസരശേഷി വർധിപ്പിക്കാനുള്ള നടപടികൾ

ധനകാര്യ മേഖലയിൽ വിപ്ലകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്, ‘ന്യൂ ജെൻ’ ബാങ്കുകളുടെ സ്ഥാനത്തു ‘നെക്സ്റ്റ് ജെൻ’ ബാങ്കുകളായി. വാണിജ്യ ബാങ്കുകൾ തന്നെ അടിമുടി മാറി. പുതിയ രൂപങ്ങളായ ‘പേയ്മെന്റ് ബാങ്ക്സ്’, ’സ്മോൾ ഫിനാൻസ് ബാങ്ക്’ എന്നിവ കൂടി ചേരുമ്പോൾ സഹകരണ ബാങ്കുകളും സൊസൈറ്റികളും പഴയ ആയുധവുമായി പ്രവർത്തിച്ചാൽ ശരിയാവില്ല. പുതിയ തലമുറയിലെ  ഇടപാടുകാരെ ആകർഷിക്കാൻ പുത്തൻ സാങ്കേതികവിദ്യ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം, എല്ലാ പ്രാഥമിക സൊസൈറ്റികളിലും കോർ ബാങ്കിങ് ഉറപ്പാക്കണം. ഇന്റർനെറ്റ് ബാങ്കിങ്, എ ടി എം, കിസാൻ ക്രെഡിറ്റ് കാർഡ്, റുപേ  കാർഡുകൾ എന്നിവ പ്രചാരത്തിലാക്കി ഇടപാടുകാരെ ആകർഷിക്കുന്നതിനുള്ള നടപടികൾ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കണം. ചുരുക്കത്തിൽ, സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചു മാത്രമേ മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളുമായി മത്സരിച്ചു  സഹകരണ സൊസൈറ്റികൾക്കും- ബാങ്കുകൾക്കും വരും കാലങ്ങളിൽ നിലനിൽക്കാൻ കഴിയൂ. ഇതിന്റെ   ലക്‌ഷ്യം   സേവനം വൈവിദ്ധ്യവത്കരിക്കുക എന്നുതന്നെയായിരിക്കണം 

സഹകരണ വകുപ്പിനെ സ്വതന്ത്രവും കാര്യക്ഷമവുമാക്കണം 

പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോവുന്നത് പലപ്പോഴും സഹകരണ വകുപ്പ് നോക്കുകുത്തിയാകുന്നത് കൊണ്ടാണ്. രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സ്വതന്ത്രമാക്കുക, കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയവക്ക് വകുപ്പിൽ പ്രാധാന്യം നൽകണം. ഓഡിറ്റിങുമായി ബന്ധപ്പെട്ടും ചില പരിഷ്ക്കാരങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഒപ്പം, പരിശോധന വിഭാഗത്തെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും വേണം . 

ഓഡിറ്റിങ്

സഹകരണ മേഖലയിലെ ഓഡിറ്റിങ് രീതി പരിഷ്കരിക്കപ്പെടേണ്ടതാണ്. സാമ്പ്രദായിക രീതിയിലാണ് ഓഡിറ്റിങ് നടക്കുന്നത്. പ്രാഥമികമായി, തൊട്ടടുത്ത വർഷം തന്നെ ഓഡിറ്റ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും, പൊരുത്തക്കേടുകൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. അതുപോലെ ടീം ഓഡിറ്റിങ് നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആസ്തികൾ തരംതിരിക്കുന്നതിലും, ലാഭ-നഷ്ട കണക്കുകൾ രേഖപെടുത്തന്നതിലും, മൂലധന പര്യാപ്തത കണക്കാക്കുന്നതിലും ശാസ്ത്രീയ സമീപനം ഉണ്ടാവണം.

സഹകരണ നിയമ ഭേദഗതി

സഹകരണ സ്ഥാപനങ്ങളുടെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നുള്ള സർക്കാരിന്റെ പ്രഖ്യാപനം പ്രതീക്ഷയോടെ കാത്തിരിക്കാം. സഹകരണ രംഗത്തെ പോലീസ് വിജിലൻസ് ശക്തിപ്പെടുത്തുമെന്നും ഇതിലേക്കായി നിയമ ഭേദഗതി കൊണ്ടുവരുമെന്നുമാണ് പ്രഖ്യാപനം. 

നിയമന പരിഷ്‌കാരം 

സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ നിയമനം പലപ്പോഴും അഴിമതിയുടെയും പക്ഷപാതത്തിന്റെയും വിളനിലമായി വിമർശിക്കാറുണ്ട്. ഇത് സാമാന്യവത്കരിക്കാൻ കഴിയില്ലെങ്കിലും പല പ്രാഥമിക സംഘങ്ങളിലെയും നിയമനം സുതാര്യമല്ല. ഈ മേഖലയിലെ നിയമനം പി.എസ്.സിയ്ക്ക് കൈമാറണം.

‘കേരള ബാങ്കി’നെ ശക്തിപ്പെടുത്തുക 

ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ സംയോജിപ്പിച്ചു രൂപം കൊടുത്ത ‘കേരള ബാങ്ക്’ സഹകരണ മേഖലയിൽ പുത്തനുണർവ് നൽകുമെന്ന പ്രതീക്ഷയിലാണ്. പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളെ സഹായിക്കുന്നതിനുള്ള കർമ്മ പരിപാടികൾക്ക് രൂപം കൊടുത്തു നടത്തുന്ന ഇടപെടലുകൾ ആശാവഹമാണ്. സൂതാര്യമായ മാർഗ്ഗരേഖകൾക്കു വിധേയമായും കടുത്ത നടപടികൾക്ക് വഴിവെക്കുന്നതുമായ നിർദേശങ്ങൾ രൂപപെടുത്തി വേണം കേരള ബാങ്കിന്റെ ഇടപെടലുകൾ ഉണ്ടാവേണ്ടത്. 

കാര്യക്ഷമതയുടെയും ക്ഷേമത്തിന്റെയും സംയോജനം 

പരിഷ്കാരങ്ങളും, നടപടികളും കേവലം കാര്യക്ഷമതയെ മാത്രം മുൻ നിർത്തിയാകരുത്. ക്ഷേമത്തിന് കൊടുക്കുന്ന പ്രാധാന്യം പൂർണമായും നഷ്ടപെടാതിരിക്കുന്നതിനു ഇവയുടെ ശരിയായ സംയോജനം കണ്ടെത്തണം. ഉദാഹരണത്തിന്, കാർഷിക മേഖലക്ക് നൽകിയ വായ്പാ അളവിൽ സംഭവിച്ച ഇടിവ് വീണ്ടെടുക്കണം. അതേ സമയം കിട്ടാക്കടത്തിന്റെ അളവ് നിയന്ത്രിക്കാനും  കഴിയണം. 

നിർദ്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നില്ല; പക്ഷെ പരിമിതപ്പെടുത്തുന്നു. കൂടുതൽ ക്രിയാത്മക നിർദേശങ്ങൾ ചേർത്ത് സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും മറ്റു സൊസൈറ്റിയുടെയും പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് അടിയന്തര ലക്‌ഷ്യം. ഇതിനായി ‘സഹകരണ’ത്തെ പൊതുപട്ടികയിലാക്കാനുളള കേന്ദ്രത്തിന്റെ നീക്കത്തെ പ്രതിരോധിക്കാനുള്ള കർമ്മ പരിപാടികൾക്ക്  രൂപം കൊടുക്കുകയും, ഒപ്പം അന്തർ സംസ്ഥാന സൊസൈറ്റികൾ സൃഷ്ടിക്കാവുന്ന വെല്ലുവിളികളെ തടഞ്ഞു നിർത്തുകയുമാണ് വേണ്ടത്. 

ഈ ലേഖനം പ്രസിദ്ധീകരിച്ചത് മനോരമ ഓൺലൈനിൽ ആണ്.

Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research.

Avatar photo
+ posts

Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Dr. Martin Patrick
Dr. Martin Patrick
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.

Leave a Reply

Your email address will not be published. Required fields are marked *