‘സാർവത്രിക അടിസ്ഥാന വരുമാനം’ (Universal Basic Income) എന്ന ആശയം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2017–18 ലെ സാമ്പത്തിക സർവേയിലാണ്. എല്ലാ ക്ഷേമ പദ്ധതികളും നിർത്തലാക്കി, പകരം എല്ലാ വ്യക്തികൾക്കും ഒരു ‘നിശ്ചിത തുക’ (Minimum Amount) നൽകണമെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വെക്കുന്നത്. നിലവിലുള്ള പദ്ധതികളിലൂടെ നൽകുന്ന ചെറിയ തുകയുടെ സ്ഥാനത്ത് കുറച്ചുകൂടി മെച്ചപ്പെട്ട തുക നൽകണമെന്ന നിർദേശമാണ് സർവ്വേ പ്രകടിപ്പിക്കുന്നത്. ദരിദ്രരുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി നിർദേശിക്കപ്പെട്ടത്. പെൻഷൻ, സബ്സിഡി തുടങ്ങിയ സാമൂഹിക സുരക്ഷിത നടപടികൾ ഇതോടെ ഇല്ലാതാകും.
എന്താണ് സാർവത്രിക അടിസ്ഥാന വരുമാനം?
ആധുനികവത്കരണം, യന്ത്രവത്കരണം എന്നിവയുടെ വരവോടെ ആളുകൾക്ക് തൊഴിൽ നഷ്ട്ടപ്പെടുന്ന സാഹചര്യം പല വികസിത രാജ്യങ്ങളിലും ഉണ്ടായി. ഇനിയങ്ങോട്ട് നേരിടാൻ പോകുന്ന വലിയ വെല്ലുവിളി ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസു’മായി ബന്ധപ്പെട്ടതാണ്. ഇതിന്റെ വരവോടെ കൂടുതൽ പേർക്ക് തൊഴിൽ നഷ്ട്ടമാകും. ഇങ്ങനെ നഷ്ടപ്പെടുന്ന വരുമാനത്തിന് ഒരു പരിഹാരമാർഗമായാണ് സാർവത്രിക അടിസ്ഥാന വരുമാനം (യൂബിഐ) അവതരിപ്പിക്കപ്പെട്ടത്. ഒരു രാജ്യത്തെ എല്ലാ ആളുകൾക്കും ഒരു ‘നിശ്ചിത തുക’ നേരിട്ട് നൽകുന്ന പദ്ധതിയാണിത്. ഇതിന് അഞ്ച് സവിഷേതകൾ ഉണ്ട്. ഒന്ന്, ഇതൊരു കാലയളവിൽ, അതായത് മാസത്തിൽ, നൽകുന്ന സഹായ പദ്ധതിയാണ്. രണ്ട്, പണത്തിന്റെ രൂപത്തിലാണിത് നൽകുന്നത്. മൂന്ന്, വ്യക്തികൾക്കിടയിലായിരിക്കും ഇത് വിതരണം ചെയ്യുക. നാല്, വരുമാന വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രസ്തുത തുക നൽകും. അഞ്ച്, യാതൊരുവിധ നിബന്ധനകൾക്കും ഈ കൈമാറ്റം വിധേയമാകാൻ പാടില്ല.
സാർവത്രിക അടിസ്ഥാന വരുമാന പദ്ധതിക്ക് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട്. നേട്ടങ്ങളുടെ പട്ടികയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ദാരിദ്യത്തിന്റെ ഉന്മൂലനമാണ്. താഴേക്കിടയിലെ ആളുകൾക്കിടയിൽ പണം വിതരണം ചെയ്യുന്നതിനാൽ ഉപഭോഗം വർധിക്കുമെന്നും, രാജ്യം ഉയർന്ന വളർച്ച കൈവരിക്കുമെന്നും അഭിപ്രായപ്പെടുന്നു. മറ്റൊരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകളുടെ ശാക്തീകരണമാണ്.
എന്തൊക്കെയാണ് കോട്ടങ്ങൾ? ഒരു നിശ്ചിത വരുമാനം കൈപ്പറ്റാനുള്ള സാഹചര്യം ആളുകളെ തൊഴിൽ ചെയ്യുന്നതിൽ മടിയന്മാരാക്കുമെന്നുള്ളതാണ് വലിയ വിമർശനം. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലും, ഉദ്ദേശിക്കുന്ന ജോലി കിട്ടുന്നതുവരെ നിശ്ചിത തുക കൈപറ്റി കാത്തിരിക്കുമെന്നുള്ള വിമർശനത്തിന് പ്രസക്തിയുണ്ട്. ഗുണഭോക്താക്കൾ ഇല്ലായ്മക്കാരായതിനാൽ പണം ദുർവിനിയോഗം ചെയ്യുമെന്നതാണ് മറ്റൊരു ആരോപണം. മദ്യപാനം തുടങ്ങിയ അനാവശ്യ ചിലവുകൾക്ക് ഇത്തരത്തിൽ ലഭിക്കുന്ന പണം വിനിയോഗിക്കാനുള്ള സാഹചര്യം വലുതായതിനാൽ ഉദ്ദേശിക്കുന്ന അളവിൽ നേട്ടമുണ്ടാക്കില്ലെന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നു. സർക്കാരിന്റെ ബാധ്യത വളരെ ഉയരുമെന്നും അത് ധനകമ്മി ഉയർത്തുമെന്നും ഇതിനെ വിമർശിക്കുന്നവർ അഭിപ്രായപ്പെടുന്നു. അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവിതരണ മാർഗത്തിന് ഇത് കൃത്യമായ ബദലല്ലെന്ന അഭിപ്രായവും ശക്തമാണ്.
സാർവത്രിക അടിസ്ഥാന വരുമാനം—മറ്റു രാജ്യങ്ങളിൽ
പല രീതിയിലുള്ള സാർവത്രിക അടിസ്ഥാന വരുമാന പദ്ധതികൾ ലോകത്ത് നിലനിൽക്കുന്നതായി കാണാം. എല്ലാ ആളുകൾക്കും ഇത് ബാധകമാകുന്ന രീതിയാണ് ആദ്യത്തേത്. ഇതിന്റെ അപ്രായോഗികത കണക്കിലെടുത്ത് ചില വിഭാഗങ്ങൾക്ക് പണം നൽകുന്ന പരിപാടിയാണ് മിക്ക രാജ്യങ്ങളും അനുവർത്തിക്കുന്നത്. ചിലർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കായി മാത്രം പ്രസ്തുത അടിസ്ഥാന വരുമാനം നൽകുമ്പോൾ, മറ്റു ചില രാജ്യങ്ങൾ തൊഴിലില്ലാത്ത യുവാക്കൾക്കോ, മുതിർന്ന പൗരന്മാർക്കോ ആയി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ എതാനും വിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതിയെ ‘ഭാഗിക’ അഥവാ ‘അർദ്ധ-സാർവത്രിക അടിസ്ഥാന വരുമാനം’ എന്ന് വിശേഷിപ്പിക്കുന്നു. സമ്പൂർണമായ സാർവത്രിക അടിസ്ഥാന വരുമാനം ലോകത്തിലെവിടെയും ഉണ്ടെന്നു പറയാൻ പറ്റില്ല. കെനിയ ഈ ആശയം നന്നായി നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യമാണ്. അമേരിക്കയിൽ അലാസ്ക എന്ന സംസ്ഥാനം സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നന്നായി നടപ്പിലാക്കി വരുന്ന പ്രദേശമാണ്. മംഗോളിയയും, ഇറാനും ഒരു ചെറിയ കാലയളവിൽ ഈ ആശയത്തെ സ്വീകരിക്കുകയുണ്ടായി. ഓസ്ട്രേലിയ, ഫിൻലാൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളും ഇത് നടപ്പിലാക്കിയവയാണ്. പല രാജ്യങ്ങളിലും ഇതിന്റെ വ്യത്യസ്ത രൂപവും ഭാവവും കാണാൻ കഴിയും. ഏതാണ്ട് 130 രാജ്യങ്ങൾ ഏതെങ്കിലും രൂപത്തിലുള്ള സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുന്നുവെന്നതിൽ സംശയമില്ല .
സാർവത്രിക അടിസ്ഥാന വരുമാനം—ഇന്ത്യയിൽ
ഇന്ത്യയിൽ നടപ്പിലാക്കിയ ‘പൊതു മിനിമം പരിപാടിയാണ്’ ഇതിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത്. ഇപ്പോൾ നടക്കുന്ന ‘ക്യാഷ് ട്രാൻസ്ഫർ’ ഇതിന്റെ മറ്റൊരു രൂപമാണ്. എങ്കിലും ഇതിന്റെ വ്യാപ്തി ആശിക്കുന്ന രീതിയിൽ വരുന്നില്ലായെന്നതാണ് യാഥാർഥ്യം. അന്താരാഷ്ട്ര സംഘടനയായ യൂണിസെഫിന്റെ സഹായത്തോടെ മധ്യപ്രദേശിൽ നടത്തിയ ഒരു പൈലറ്റ് പ്രൊജക്റ്റ് ആണ് ഇക്കാര്യത്തിൽ പറയാവുന്ന ഏക യുബിഐ പരിപാടി. പ്രസ്തുത സംസ്ഥാനത്തിലെ ഏതാനും ഗ്രാമങ്ങളിലാണ് ഇത് വിജയകരമായി നടപ്പിലാക്കിയത്.
സാമ്പത്തിക സർവേയുടെ അഭിപ്രായത്തിൽ, മുകൾ തട്ടിലുള്ള 25 ശതമാനം ആളുകളെ ഒഴിവാക്കി ബാക്കിയുള്ളവർക്ക് വർഷത്തിൽ 7620 രൂപ വെച്ച് നൽകിയാൽ ദാരിദ്ര്യം ഇന്നത്തെ 22 ശതമാനത്തിൽ നിന്നും 0.5 ശതമാനത്തിലേക്ക് താഴുമെന്നാണ്. ഇതിന് വേണ്ടിവരുന്ന ചിലവ് ജിഡിപിയുടെ 4.9 ശതമാനമാണെന്നും കണക്കാക്കിയിരുന്നു. സ്വാഭാവികമായ ചില കോട്ടങ്ങൾ യുബിഐയ്ക്ക് ഉണ്ടെന്നുള്ള വസ്തുത അംഗീകരിച്ചാലും ഇതിനെക്കുറിച്ചൊരു വീണ്ടുവിചാരം ഒരു ഘട്ടത്തിലും സർക്കാരിന് ഉണ്ടായതായി കാണുന്നില്ല. നിലവിൽ പെൻഷൻ, സബ്സിഡി എന്നീ ഇനത്തിൽ 3.45 ശതമാനം എന്ന സ്ഥാനത്ത് അധിക ഭാരം സർക്കാരിന്റെ ചുമലിൽ വരുന്നതിനാൽ പ്രസ്തുത നിർദേശത്തിന് കടലാസിന്റെ വില പോലും കല്പിച്ചില്ല എന്ന് പറയുന്നതാവും ശരി.
ഇന്ത്യയിൽ യൂബിഐ യുടെ ആവശ്യകത
ഇന്ത്യയിൽ സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുന്നതിൽ വളരെയധികം വൈഷമ്യങ്ങൾ നേരിടുമെന്നതിൽ സംശയമില്ല. സമ്പൂർണ രീതിയിൽ ഇത് നടപ്പിലാക്കി വിജയിച്ച രാജ്യങ്ങളും കുറവാണ്. അതേസമയം, ഇന്നത്തെ സാഹചര്യത്തിൽ ഈ പദ്ധതിക്ക് പ്രസക്തി കൂടുന്നതായി കാണാം.
കോവിഡിന്റെ വരവോടെ തൊഴിൽ രംഗം നിഛലമായി. സാവധാനം സമ്പദ്‌വ്യവസ്ഥ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുറച്ചു നാളത്തേയ്ക്ക് ഒച്ചിന്റെ വേഗതയെ ഉണ്ടാവൂ. അതിഥി തൊഴിലാളികൾ അടങ്ങുന്ന അസംഘടിത മേഖലയിൽ തൊഴിലാളികൾക്ക് പൂർവ സ്ഥിതിയിൽ ജോലി ലഭിക്കാൻ കുറഞ്ഞത് ആറു മാസം മുതൽ ഒരു വർഷം വരെ എടുക്കും. ചെറിയ അളവിൽ പൊതു വിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ മാത്രം നൽകിയതുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലിത്. കർഷകരെ സംബന്ധിച്ചിടത്തോളം നിലവിൽ അവർക്ക് വർഷം 6000 രൂപ നൽകുന്നുണ്ട്. നാൽപത് കോടി വരുന്ന അസംഘടിത തൊഴിലാളികളിൽ നിന്ന് കർഷകരെ ഒഴിവാക്കിക്കൊണ്ട് ഒരു നിശ്ചിത തുക ബാക്കിയുള്ള അസംഘടിത തൊഴിലാളികൾക്ക് നേരിട്ട് നൽകേണ്ടതാണ്. ഏറ്റവും കുറഞ്ഞത് മാസം 5000 രൂപയെങ്കിലും നൽകണം. കർഷകർക്ക് മാസം 2000 രൂപയെന്ന കണക്കിൽ അധികമായും നൽകണം. ഇതിന് പുറംതിരിഞ്ഞു നിന്നാൽ പട്ടിണി മരണം പെരുകും; ആത്മഹത്യകളുടെ എണ്ണം കൂടും. ഇപ്പോൾ തന്നെ അത് അംഭവിച്ചു തുടങ്ങിയിരിക്കുന്നു.
സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഒരു റിഹേർസൽ കൂടിയാകും ഇത്. അക്ഷരാർത്ഥത്തിൽ ഒരു വെടിക്ക് രണ്ടു പക്ഷി–ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഒരു താങ്ങും, പദ്ധതിയിലേക്കുള്ള ഒരു ചുവടു വെയ്പ്പുമാകും ഇത്. കോവിഡ് സൃഷ്ട്ടിച്ച പ്രത്യാഘാതങ്ങളെ ലഘൂകരിക്കുക എന്ന അർത്ഥത്തിലാണ് ഈ പദ്ധതി പ്രയോഗത്തിൽ വരുത്തേണ്ടത്. കുറ്റമറ്റതാണെങ്കിൽ മാത്രം ഭാവിയിൽ കൂടുതൽ ചർച്ചകൾ നടത്തിയും വിശകലനം ചെയ്തും സമ്പൂർണ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത് ചിന്തിക്കാം. ഇന്നത്തെ സാഹചര്യത്തിൽ, തൊഴിൽ നഷ്ട്ടപ്പെട്ടവരുടെയും വരുമാനം കുറഞ്ഞവരുടെയും ഉപഭോഗ നിലവാരം കുറച്ചെങ്കിലും മെച്ചപ്പെടുത്തുന്നതിന് ‘അർദ്ധ-സാർവത്രിക അടിസ്ഥാന വരുമാനപദ്ധതി’ നടപ്പിലാക്കുക തന്നെയാണ് ഉത്തമ പോംവഴി.
Views expressed are personal and need not reflect or represent the views of Centre for Public Policy Research.
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.