


2026-27 ലെ കേന്ദ്ര ബജറ്റ് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉയർന്ന മൂല്യമുള്ള വിളകളിലൂടെ കർഷകരുടെ വരുമാനം ഉയർത്തുന്നതിനും വലിയ മുൻഗണനയാണ് നൽകുന്നത്. തീരദേശങ്ങളിൽ തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി എന്നിവയും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഗർവുഡും, മലയോര മേഖലകളിൽ ബദാം, വാൽനട്ട് തുടങ്ങിയവയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിപണി കേന്ദ്രീകൃതമായ ഒരു കൃഷിരീതിയിലേക്കാണ് കേന്ദ്രം വിരൽ ചൂണ്ടുന്നത്. ഈ മാറ്റങ്ങളിൽ നിന്ന് വലിയ നേട്ടമുണ്ടാക്കാൻ കേരളത്തിന് സാധിക്കുമെങ്കിലും, സംസ്ഥാനത്തെ ഭൂമിയുടെ വിഭജനവും (Fragmentation), വിള വൈവിധ്യവൽക്കരണത്തിനുള്ള കർശന നിയമങ്ങളും, നിലവിലുള്ള ഭൂമി പാട്ട നിരോധനവും ഈ മേഖലയുടെ പുരോഗതിക്ക് വിലങ്ങുതടിയാണ്. ഈ നിയമപരമായ പരിമിതികൾ മറികടക്കാതെ ദേശീയതലത്തിലുള്ള ഈ മാറ്റങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കേരളത്തിന് സാധിക്കില്ല.
കേരളത്തിന്റെ പ്ലാന്റേഷൻ സമ്പദ്‌വ്യവസ്ഥ സംസ്ഥാനത്തിന്റെ ഗ്രാമീണ തൊഴിലവസരങ്ങളിലും കയറ്റുമതി വരുമാനത്തിലും അതീവ നിർണ്ണായകമാണ്. തേയില, കോഫി, റബ്ബർ, ഏലം തുടങ്ങിയ വിളകൾ സംസ്ഥാനത്തെ ആകെ കൃഷിഭൂമിയുടെ 29 ശതമാനത്തോളം വരും. പത്തു ലക്ഷത്തിലധികം കർഷകരും പ്ലാന്റേഷൻ ഉടമകളുമുള്ള ഈ മേഖല 2020–21 കാലയളവിൽ 13,542 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് ഉൽപ്പാദിപ്പിച്ചത്. ഇതിൽ 2,717 കോടി രൂപ വിദേശനാണ്യ വരുമാനമാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ പ്ലാന്റേഷൻ വിസ്തൃതിയുടെ മൂന്നിലൊന്നും ഉൽപ്പാദനത്തിന്റെ മുപ്പത് ശതമാനത്തോളവും കേരളത്തിന്റെ സംഭാവനയായിട്ടും ഈ മേഖല നിലവിൽ കടുത്ത ഘടനാപരമായ പ്രതിസന്ധി നേരിടുകയാണ്. പ്ലാന്റേഷൻ വരുമാനം 2012–13 ൽ 21,000 കോടി രൂപയായിരുന്നത് 2016–17 ൽ 9,750 കോടിയായി കുത്തനെ ഇടിയുകയും പിന്നീട് നേരിയ തോതിൽ മാത്രം ഉയരുകയുമാണുണ്ടായത്. പ്രധാന വിളകളുടെ ആകെ ഉൽപ്പാദനം 2010–11 ലെ 9.1 ലക്ഷം ടണ്ണിൽ നിന്ന് 2023–24 ൽ 7.06 ലക്ഷം ടണ്ണായി ചുരുങ്ങി. ഉൽപ്പാദനച്ചെലവിലെ വർദ്ധനവും കുറഞ്ഞ ഉൽപ്പാദനക്ഷമതയും വിപണിയിലെ വിലയിടിവും പ്ലാന്റേഷൻ മേഖലയുടെ ലാഭക്ഷമതയെ സാരമായി ബാധിച്ചിരിക്കുന്നു.
ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രം ഈ മേഖലയെ രക്ഷിക്കാൻ മതിയാകാത്തതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. അതിൽ ആദ്യത്തേത് കേരളത്തിലെ ഭൂവുടമസ്ഥതയുടെ സവിശേഷമായ രീതിയാണ്. സംസ്ഥാനത്തെ 7.3 ദശലക്ഷം ഭൂവുടമകളിൽ 97 ശതമാനവും ഒരു ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള ചെറുകിട-സീമാന്ത കർഷകരാണ്. ശരാശരി ഭൂമിയുടെ അളവ് 0.18 ഹെക്ടറായി ചുരുങ്ങിയ സാഹചര്യത്തിൽ ഇത്തരം ചെറിയ കൃഷിയിടങ്ങളിൽ ആധുനിക യന്ത്രവൽക്കരണം അപ്രായോഗികമായി മാറുന്നു. രണ്ടാമത്തെ പ്രധാന തടസ്സം നിലവിലുള്ള നിയമപരമായ നിയന്ത്രണങ്ങളാണ്. 1963-ലെ കേരള ഭൂപരിഷ്കരണ നിയമം പ്ലാന്റേഷനുകൾക്ക് ഇളവ് നൽകുന്നുണ്ടെങ്കിലും ഫലപ്രദമായ കൃഷി വൈവിധ്യവൽക്കരണത്തെ അത് പ്രോത്സാഹിപ്പിക്കുന്നില്ല. പ്ലാന്റേഷൻ ഭൂമിയുടെ അഞ്ച് ശതമാനം മാത്രം മറ്റ് ആവശ്യങ്ങൾക്കായി മാറ്റം വരുത്താം എന്ന ഭേദഗതിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചില്ല. കൂടാതെ, പാട്ടത്തിന് ഭൂമി നൽകുന്നതിലുള്ള വിലക്ക് മൂലം കേരളത്തിലെ പച്ചക്കറി കൃഷിയുടെ മുപ്പത്തിയഞ്ച് ശതമാനത്തോളവും നടക്കുന്നത് രേഖകളില്ലാത്ത അനൗദ്യോഗിക പാട്ട വ്യവസ്ഥയിലാണ്. ഇത്തരത്തിൽ കൃഷി ചെയ്യുന്നവർക്ക് നിയമപരമായ പരിരക്ഷയോ ബാങ്ക് വായ്പ, ഇൻഷുറൻസ് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ഇന്ന് സംസ്ഥാനത്ത് ദൃശ്യമാണ്. ഏകദേശം 1.13 ലക്ഷം ഹെക്ടർ ഭൂമി ഇന്ന് തരിശായി കിടക്കുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ (GSVA) കൃഷിയുടെ വിഹിതം 11.92 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായി കുറഞ്ഞു. പ്ലാന്റേഷൻ മേഖലയിലെ തൊഴിലവസരങ്ങളിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2004-ൽ 74,000-ത്തോളം പേർ ജോലി ചെയ്തിരുന്ന ഈ മേഖലയിൽ 2015 ആയപ്പോഴേക്കും അത് 36,000 ആയി കുറഞ്ഞു. ഇത് കേവലം അക്കങ്ങളല്ല, മറിച്ച് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും ഉപജീവനമാർഗ്ഗങ്ങളുടെയും തകർച്ചയുടെ സൂചനകളാണ്.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച താങ്ങുവില വർദ്ധനയും സംഭരണ ബോണസും ടെക്നോളജി അധിഷ്ഠിത കൃഷി പദ്ധതികളുമെല്ലാം ശ്ലാഘനീയമാണെങ്കിലും ഭൂമി കൈമാറ്റത്തിലെയും ഉപയോഗത്തിലെയും നിയമപരമായ തടസ്സങ്ങൾ നീക്കാതെ സാമ്പത്തിക സഹായങ്ങൾ മാത്രം ഫലം കാണില്ല. കാലതാമസമില്ലാത്തതും സുതാര്യവുമായ രീതിയിൽ ഭൂമി പാട്ടത്തിന് നൽകുന്നത് നിയമവിധേയമാക്കണം. ഇതിനായി ഡിജിറ്റൽ ലീസിംഗ് രജിസ്ട്രിയും വ്യവസ്ഥാപിത കരാറുകളും ഏർപ്പെടുത്തുന്നത് തരിശുഭൂമി കൃഷിയോഗ്യമാക്കാനും ചെറുകിട കർഷകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഉപകരിക്കും. അതുപോലെ പ്ലാന്റേഷൻ പദവിക്ക് ഭംഗം വരാതെ തന്നെ ലാഭകരമായ മറ്റ് അന്തർവിളകൾ കൃഷി ചെയ്യാൻ അനുവദിക്കുന്നത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഉയർന്ന മൂല്യമുള്ള വിളകൾക്ക് കേന്ദ്ര ബജറ്റ് നൽകുന്ന ഊന്നൽ കേരളത്തിന് ഒരു മാതൃകയാണ്. ഇതിൻ്റെ അടുത്ത പടിയായി, ഉയർന്ന മൂല്യമുള്ള വിളകളിലേക്കും തോട്ടവിളകളിലേക്കും കൃഷി വൈവിധ്യവൽക്കരണം സാധ്യമാക്കുന്നതിനും, ഭൂമി പാട്ടത്തിന് നൽകുന്നത് നിയമവിധേയമാക്കുന്നതിനും കേരള ഭൂപരിഷ്‌കരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ സംസ്ഥാനം വരുത്തേണ്ടതുണ്ട്. കാർഷിക മേഖലയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും, അത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക ചാലകശക്തിയും പരിസ്ഥിതിക്ക് മുതൽക്കൂട്ടും ആകാനും ഇത് അത്യാവശ്യമാണ്.
ഭൂമി പാട്ടത്തിന് നൽകുന്നതിനെ ഒരു ഫ്യൂഡൽ സമ്പ്രദായമായി കാണുന്നതിന് പകരം ഒരു സാമ്പത്തിക അനിവാര്യതയായി കാണണം. ബജറ്റിലെ പ്രഖ്യാപനങ്ങൾ വെറും വാക്കുകളായി മാറുമോ അതോ യാഥാർത്ഥ്യത്തിൽ വളർച്ചയുണ്ടാക്കുമോ എന്നത്, സ്വന്തം നിയമങ്ങളാൽ ബന്ധിക്കപ്പെട്ടു കിടക്കുന്ന കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഈ മാറ്റങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
The article was originally published in Deepika.
Banisha Begum Shaikh, Senior Associate, Research & Projects & Sreelakshmi Harilal, Associate, Research & Projects at Centre for Public Policy Research.
Views expressed by the authors are personal and need not reflect or represent the views of the Centre for Public Policy Research (CPPR).
With over 5 years of experience as a research professional, Banisha Begum Shaikh specializes in conducting in-depth sectoral evaluation at both national & state level policy research, policy drafting, white paper development, advocacy, implementation and impact assessment across various sectors of the economy.
Banisha's past research work has reached the policy makers desks at central & state levels with several suggestions being reflected in key policy and regulatory reforms.
Sreelakshmi holds an MSc in International Development from the University of Birmingham and BA Honors Economics from Lady Shri Ram College for Women, University of Delhi. She has worked as Academic Coordinator at a Cambridge International School.