CPPR Chief Economist Dr Martin Patrick writes in Manorama online (Malayalam News portal) on the fifth stage of govt’s Economic Package focuses announced by Finance Minister.
ഇന്ത്യന് സമ്പദ് വ്യവസ്ഥ സമീപകാലത്തെ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന സമയമാണിത്. വൻപ്രത്യാഘാതങ്ങളുണ്ടാകുമെന്ന തിരിച്ചറിവാണല്ലോ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഒരു ഘട്ടത്തിലും നല്ല അഭിപ്രായം സൃഷ്ടിച്ചില്ല. ഓരോ ഘട്ടത്തിലും അടുത്തതിൽ നമ്മുടെ പ്രതീകഷ നിറവേറ്റുമെന്ന ചിന്തയാണ് ഏവർക്കും ഉണ്ടായിരുന്നത്. വേഴാമ്പലിനെ പോലെ കാത്തിരുന്ന സാധാരണ ജനങ്ങൾ നിരാശയിലായി. ഒരു ബജറ്റിന്റെ എല്ലാ ലക്ഷണത്തോടെയും ആയിരുന്നു പാക്കേജുകൾ അവതരിപ്പിച്ചത്. വാക്ധോരണികൾ, അവകാശവാദങ്ങൾ, കോർപ്പറേറ്റ് പ്രീണനം തുടങ്ങിയ പതിവ് കലാപരിപാടികളുടെ ആവർത്തന വിരസത.
ചിറ്റമ്മ നയം
തൊഴിലുറപ്പു പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാര സ്ഥാപനങ്ങൾ, സംസ്ഥാനങ്ങൾക്കുള്ള സഹായം എന്നിവയായിരുന്നു ഇത്തവണത്തെ പാക്കേജിലെ ധനമന്ത്രിയുടെ ഇഷ്ടവിഭവങ്ങൾ. തൊഴിലുറപ്പു പദ്ധതിക്കായി 40,000 കോടി രൂപ അധികം മാറ്റിവച്ചത് തികച്ചും സ്വാഗതാർഹമാണ്. എന്നാൽ ചില കാര്യങ്ങൾ സൂചിപ്പിക്കാതിരിക്കാൻ വയ്യ. ഈ വർഷം ബജറ്റ് അവതരിപ്പിക്കുമ്പോൾ തന്നെ ഇന്ത്യ ഒരു മാന്ദ്യത്തിലായിരുന്നു. ആ സാഹചര്യത്തെ നേരിടാൻ ഒരു ലക്ഷം കോടി രൂപയെങ്കിലും തൊഴിലുറപ്പു പദ്ധതിക്കായി മാറ്റി വെയ്ക്കണമെന്ന വാദം ധനമന്ത്രി അന്ന് ചെവികൊണ്ടില്ല. മാത്രവുമല്ല കഴിഞ്ഞ കാലങ്ങളിലെ വർദ്ധനവ് പരിഗണിക്കുമ്പോൾ സ്വാഭാവികമായും തൊഴിലുറപ്പു പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ അനുവദിക്കേണ്ടതാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. എപ്പോഴും തൊഴിലുറപ്പു പദ്ധതിയോടു ചിറ്റമ്മ നയം പുലർത്തിയിരുന്ന മോദിയും കൂട്ടരും ഇതിലേക്കുള്ള തുക വെട്ടികുറക്കുകയായിരുന്നു. കഴിഞ്ഞ ബജറ്റിലെ തുക 61000 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ 40000 കോടി കൂടി ചേർക്കുമ്പോൾ ഒരു ലക്ഷത്തി ഒരായിരം കോടി രൂപയാകുന്നു. അതിനർത്ഥം നേരത്തെ ആവശ്യപ്പെട്ട തുകയിൽ നിന്ന് കേവലം ആയിരം കോടി രൂപ മാത്രമാണ് അധികമായി ചെലവഴിക്കുന്നത്. കൂലിയിലെ വർധനവും തൊഴിൽ ദിനങ്ങളുടെ എണ്ണവും കൂട്ടുന്നതിൽ യാതൊരു നിർദേശവും മുന്നോട്ടു വെച്ചിട്ടില്ല. യഥാർത്ഥത്തിൽ ഇതുകൂടി ചേർന്നെങ്കിൽ ഈ വിഷമകാലത്തു ജനങ്ങൾക്ക് ഗുണം കിട്ടുമായിരുന്നു. അടിയന്തര സഹചര്യത്തിനിണങ്ങാതെ പോയ നിർദേശമാണിതെന്നു പറയേണ്ടി വരുന്നതിൽ ദുഃഖമുണ്ട്.
വിഹിതം വർധിപ്പിക്കണം
മറ്റു രണ്ടു പ്രഖ്യാപനങ്ങൾ ആരോഗ്യ മേഖലയെയും, വിദ്യാഭ്യാസ മേഖലയെയും സംബന്ധിച്ചതാണ്. അന്താരാഷ്ട്ര തലത്തിൽ ജി ഡി പി യുടെ അഞ്ചു ശതമാനമെങ്കിലും ആരോഗ്യ മേഖലക്ക് ചെലവഴിക്കണമെന്നാണ് നിഷ്കർഷിക്കുന്നത്. നമ്മുടെ ചെലവാകട്ടെ കേവലം 1.8 ശതമാനം മാത്രമാണ്. ഇതൊരു മൂന്ന് ശതമാനം എങ്കിലും ആകുന്ന നിർദേശം ഈ കോവിഡ് സാഹചര്യത്തിൽ മാലോകർ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ? മറിച്ചു സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന പതിവ് നിർദേശമാണ് ധനമന്ത്രി മുന്നോട്ടുവക്കുന്നത്. ബ്ലോക്ക് തലത്തിൽ infectious disease സെന്ററും പബ്ലിക് ലാബും തുടങ്ങാനുള്ള നിർദേശങ്ങൾ സ്വാഗതാർഹം തന്നെ.
കടിഞ്ഞാണില്ലാത്ത സ്വകാര്യവൽക്കരണം
പൊതു മേഖലയാണ് ധനമന്ത്രിയുടെ അടുത്ത ഇര. ഉൾപ്പാദന മേഖലകളെ തന്ത്ര പ്രധാനം, തന്ത്രപ്രധാനമല്ലാത്തതു എന്നിങ്ങനെ തരംതിരിച്ചു തന്ത്രപ്രധാനമല്ലാത്ത മേഖലയിൽ ഒരു പൊതു മേഖലയും തന്ത്രപ്രധാന മേഖലയിൽ പരമാവധി നാലു പൊതു മേഖല സ്ഥാപനങ്ങളുമേ ഇനി ഉണ്ടായിരിക്കൂ. സ്വകാര്യവത്കരണം എന്നിതിനെ ലളിതമായി പറഞ്ഞു തീർക്കാൻ കഴിയില്ല. ‘കടിഞ്ഞാണില്ലാത്ത’, ‘ഭ്രാന്തമായ’ സ്വകാര്യവത്കരണ നടപടികളാണിവ. കമ്പനി നിയമം പൊളിച്ചെഴുതുമെന്നും നമ്മുടെ കമ്പനികളെ വിദേശ ഓഹരി എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനം ഓഹരി വിപണിയെ ചില്ലറയൊന്നുമല്ല സന്തോഷിപ്പിക്കുക. സംസ്ഥാനങ്ങൾക്കുള്ള സഹായമാണ് അവസാനത്തെ പ്രഖ്യാപനം. ഓവർഡ്രാഫ്റ്റിന്റെ പരിധി കൂട്ടിയതും കടപരിധി ഉയർത്തിയതു ശ്ലാഘനീയം തന്നെ. ഈ മഹാമാരിയുടെ വലിയ ഇരയാണ് ടൂറിസം. ഈ മേഖലയെ അവഗണിച്ചു എന്ന് തന്നെ പറയാം
This article was published in Manorama Online on May 18, 2020. Click here to read
Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research.
Dr Martin Patrick is Chief Economist at CPPR. He holds a PhD in Applied Economics from the Cochin University of Science and Technology (CUSAT), Kochi and also had a post-doctoral training at Tilburg University, Netherlands. Presently, he is a Visiting Fellow at Indian Maritime Institute, and Xavier Institute of Management and Entrepreneurship, Ernakulam.