ഇന്ത്യയിലെ മൊത്തം നാളികേര ഉൽപ്പാദനത്തിന്റെ 61 ശതമാനവും കയർ ഉൽപ്പാദനത്തിന്റെ 85 ശതമാനവും കേരളത്തിൽ നിന്ന് മാത്രമാണ്. ഇന്ത്യൻ കയർ വ്യവസായം മൊത്തത്തിൽ പ്രതിവർഷം 280,000 മെട്രിക് ടൺ കയർ നാരുകൾ ഉൽപ്പാദിപ്പിക്കുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കയർ ബോർഡാണ് രാജ്യത്തെ കയർ വ്യവസായം നിയന്ത്രിക്കുന്നത്. കേരളത്തിലെ കയർ വ്യവസായത്തിൽ ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളാണ്. എന്നാൽ, കയർ വ്യവസായത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നിരവധി പ്രശ്നങ്ങൾ ഇന്ന് നേരിടുന്നുണ്ട്.
സ്ത്രീകളെ കയർ ഫാക്ടറികളിൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കിയതിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായി, ഇത് കൂടുതൽ പണം സമ്പാദിക്കാനും കുടുംബത്തിൽ സ്ത്രീകളുടെ പദവി ഉയർത്താനും സഹായിച്ചു. രണ്ടാമതായി, നൈപുണ്യവും കൃത്യതയും ആവശ്യമുള്ള കയർ വ്യവസായത്തെ പോലെയുള്ള ചില ഫാക്ടറി ജോലികളിൽ സ്ത്രീകൾ മികച്ചവരാണ് എന്നതാണ്. മൂന്നാമതായി, കയർ ഫാക്ടറികളിൽ ജോലി ചെയ്യുന്നത് സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരോടും സഹോദരങ്ങളോടും ഒപ്പം ഒരുമിച്ചു ജോലി ചെയ്യാനുള്ള അവസരം നൽകിയിരുന്നു എന്നതാണ്.
കയർ മേഖലയിൽ സ്ത്രീകൾ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്നങ്ങൾ
വേതനത്തിലെ അസമത്വവും പെരുകുന്ന ശമ്പള കുടിശികയും
മറ്റേതൊരു വ്യവസായത്തെയും പോലെ കയർ വ്യവസായത്തിലും വേതന അസമത്വം പ്രകടമായ വശങ്ങളിലൊന്നാണ്. കയർ വ്യവസായത്തിലെ സ്ത്രീകൾക്ക് അവരുടെ കഠിനാധ്വാനത്തിന് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. തൊണ്ടടി, ചുരണ്ടൽ, നൂൽക്കുക, കയർ നാരുകൾ നെയ്തെടുക്കൽ എന്നിവയാണ് കയർ ഫാക്ടറികളിലെ പ്രധാന ജോലികൾ. യന്ത്രങ്ങളാൽ പ്രവർത്തിക്കുന്ന ഫാക്ടറികളിൽ, മിക്ക യന്ത്രങ്ങളുടെയും പ്രവർത്തനം പുരുഷന്മാർ മാത്രമാണ് നിയന്ത്രിക്കുന്നത്. ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള ജോലി സ്ഥിരസങ്കൽപങ്ങളുടെ വ്യക്തമായ തെളിവാണിത്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനോ കഠിനമായ ജോലികളിൽ ഏർപ്പെടാനോ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നില്ല. മിക്ക വ്യവസായങ്ങളിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കുറഞ്ഞ വേതനം ലഭിക്കുന്നതിനും ഇത് കാരണമാകുന്നു.
എല്ലാത്തിനുമുപരിയായി, സംസ്ഥാനത്തെ കയർ സൊസൈറ്റികൾ അവരുടെ റിപ്പോർട്ടുകൾ കൃത്യസമയത്ത് സമർപ്പിക്കാത്തതിനാൽ സൊസൈറ്റികളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് ശമ്പളം വൈകുന്നതിന് ഇത് കാരണമാകൂന്നു. ശമ്പളം വൈകുന്നതിനാൽഭൂരിഭാഗം സ്ത്രീകളും MGNREGA പ്രോഗ്രാമുകൾ പോലുള്ള മറ്റ് ജോലികളിലേക്ക് മാറാൻ നിർബന്ധിതരായെന്ന് കയർ തൊഴിലാളിയായിരുന്ന ഹാജിറ (യഥാർത്ഥ പേരല്ല) വ്യക്തമാക്കി.
ആരോഗ്യവും ക്ഷേമവും
സംസ്ഥാനത്തെ കയർ ഫാക്ടറികളിൽ മിക്കവയിലും കുട്ടികളെ പരിപാലിക്കുന്നതിനുള്ള ക്രെശ് സൌകര്യമില്ല, തൽഫലമായി കൈക്കുഞ്ഞുങ്ങളും പിഞ്ചുകുട്ടികളുമുള്ള സ്ത്രീ തൊഴിലാളികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 52017ലെ മെറ്റേർണിറ്റി ഭേദഗതി നിയമത്തിലെ സെക്ഷൻ 11എ പ്രകാരം 50ഓ അതിലധികമോ ജീവനക്കാരുള്ള ഏതൊരു സ്ഥാപനത്തിനും ക്രെശ് സൗകര്യം ഉണ്ടായിരിക്കണം. എന്നാൽ, മിക്ക ഫാക്ടറികളും ഈ വ്യവസ്ഥ പാലിക്കുന്നില്ല. ഫാക്ടറികളിൽ ക്രെശോ ശിശു സംരക്ഷണ സൗകര്യങ്ങളോ നിർബന്ധമാക്കുന്ന നിയമം പാലിക്കാത്തത് സ്ത്രീകളുടെ തൊഴിലിന് ദോഷകരമായ ഒന്നാണ്. പ്രത്യേകിച്ച് അണുകുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകൾക് ഈ സൗകര്യങ്ങളില്ലാതെ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. പല കയർ ഫാക്ടറികളിലെയും സ്ത്രീ തൊഴിലാളികൾക്ക് മെറ്റേർണിറ്റി ബെനഫിറ്റ് ആക്റ്റ് നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. കാരണം മിക്ക ഫെക്ടറികളിലും 50ൽ താഴെ സ്ഥിര തൊഴിലാളികളാണ് ഉള്ളത്. 50ൽ മേലെ സ്ഥിര തൊഴിലാളികൾ ഉള്ള സ്ഥലത്താണ് ഈ ഭേദഗതി നിയമം നടപ്പിലാകുന്നത്.
പരിമിതമായ ഉടമസ്ഥത
കയർ സംബന്ധമായ ബിസിനസുകൾ, സഹകരണ സ്ഥാപനങ്ങൾ, 6ലേബർ യൂണിയനുകൾ എന്നിവയിൽ ഉടമസ്ഥതയിലും മാനേജ്‌മെന്റ് സ്ഥാനങ്ങളിലും സ്ത്രീകൾക്ക് താരതമ്യേന പരിമിതമായ പ്രാതിനിധ്യമേയുള്ളൂ. ഇത് ഒരു സുപ്രധാന പ്രശ്നമാണ്, കാരണം ഉടമസ്ഥാവകാശവും മാനേജ്മെന്റ് സ്ഥാനങ്ങളും പലപ്പോഴും തീരുമാനമെടുക്കാനുള്ള അധികാരം, തൊഴിലിടങ്ങളുടെ മേലുള്ള നിയന്ത്രണം, വ്യവസായത്തിന്റെ ദിശ രൂപപ്പെടുത്തുന്നതിൽ കൂടുതൽ പ്രധാന പങ്ക് എന്നിവയുമായി കൂടിച്ചേരുന്നതാണ്. പരിമിതമായ ഉടമസ്ഥാവകാശം പലപ്പോഴും പരിമിതമായ തീരുമാനമെടുക്കാനുള്ള കാരണമായി വിവർത്തനം ചെയ്യപ്പെടുന്നു. തൽഫലമായി, കയർ വ്യവസായത്തിന്റെ തീരുമാന-നിർമ്മാണ പ്രക്രിയകളിൽ സ്ത്രീകളുടെ ശബ്ദങ്ങളും ആശങ്കകളും വേണ്ടത്ര പ്രതിനിധീകരിക്കപ്പെടുന്നില്ല. സ്ത്രീ തൊഴിലാളികളുടെ സവിശേഷമായ വെല്ലുവിളികളും ആവശ്യങ്ങളും പരിഗണിക്കാതെയുള്ള തീരുമാനങ്ങളിൽ ഇത് കലാശിക്കും.കയർ മേഖലയിൽ സംരംഭകത്വ അഭിലാഷങ്ങളുള്ള നിരവധി സ്ത്രീകളുണ്ട്, എന്നാൽ ഉടമസ്ഥാവകാശത്തിലേക്കും വിഭവങ്ങളിലേക്കുമുള്ള പരിമിതമായ പ്രവേശനം അവരുടെ അഭിലാഷങ്ങൾക്ക് വലിയ തിരിച്ചടി നൽകുന്നു. തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും സംസ്ഥാനത്തെ 99% കയർ സൊസൈറ്റികളും നടത്തുന്നത് പുരുഷ പ്രസിഡന്റുമാരാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.
എങ്ങനെ മുന്നോട്ട് പോകാം
തങ്ങളുടെ സ്ത്രീ തൊഴിലാളികൾക്ക് ഒരു നിശ്ചിത മിനിമം ക്ഷേമ പദ്ധതികൾ നൽകേണ്ടത് സർക്കാരിന്റെയും വ്യവസായികളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. മൂന്നോ നാലോ കയർ സൊസൈറ്റികളോ ഫാക്ടറികളോ ഒരുമിച്ച് വരുന്ന സ്ഥലത്ത് ക്രീച്ചുകൾ സ്ഥാപിക്കുന്നത് തൊഴിലാളികൾക് സൗകര്യപ്രദമാവും. എല്ലാത്തിലും ഉപരിയായി മറ്റേർണിറ്റി ബെനിഫിറ്റ് ആക്ട് പോലെയുള്ള നിയമങ്ങൾ മുന്നോട്ട് വെക്കുമ്പോൾ അത് നടപ്പിലാക്കേണ്ടത് പുർണമായും ഫാക്ടറി ഉടമകളുടെ കൈയിൽ ഏല്പിക്കാതെ സർക്കാരിന്റെ ഭാഗത്തു നിന്ന് നികുതി ഇളവുകൾ അനുവദിക്കുക കൂടി ചെയ്താൽ ഈ നിയമങ്ങൾ പാലിക്കുന്നതിന് ഫാക്ടറി ഉടമകൾക്കു പ്രചോദനമാകും. അതുപോലെതന്നെ, ഈ നിയമങ്ങൾ സ്ഥിര തൊഴിലാകൾക്കു മാത്രം ബാധകമാകുന്ന രീതിയിൽ മുന്നോട്ട് വെക്കുമ്പോൾ കരാർ തൊഴിലാളികളായ ഒരു വലിയ സംഖ്യ ഈ ക്ഷേമ പദ്ധതികകളിൽ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്.
സ്ത്രീ തൊഴിലാളികളുടെ ഉന്നമനം ഉയർത്തി പിടിക്കുന്നതിൽ ലേബർ യൂണിയനുകളുടെ പങ്കും പ്രധാനമാണ്. സംസ്ഥാനത്തെ ട്രേഡ് യുണിയനുകളിൽ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ സ്ത്രീകൾ ദയനീയമായി പിന്നോട്ട് പോയി എന്നതാണ് വസ്തുത. അതിനാൽ, സ്ത്രീകൾക്ക് അവരുടെ അവകാശവാദങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നതിന് ആവശ്യമായ സംഖ്യാബലവും ന്യായമായ പ്രാതിനിധ്യവും ഉറപ്പാക്കുക എന്നതാണ് ലേബർ യൂണിയനുകൾ ശ്രദ്ധിക്കേണ്ടത്.സ്ത്രീ തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്, തൊഴിലധിഷ്ഠിത പരിശീലനത്തിനും നൈപുണ്യ വികസനത്തിനും അവസരമൊരുക്കുന്നത് നിർണായകമാണ്. അതുപോലെ, ഒരു സ്ത്രീയ്ക്ക് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മികച്ച വൈദഗ്ദ്ധ്യമുണ്ടെങ്കിൽ ലിംഗഭേദമില്ലാതെ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ അവസരം നൽകണം.
നാല് പുതിയ ലേബർ കോഡുകളുടെ രൂപത്തിൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച തൊഴിൽ പരിഷ്‌കാരങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ് സ്ത്രീശാക്തീകരണം. Occupational Safety and Hazard (OSH) കോഡ് പ്രകാരം ഫാക്ടറികൾ ഉൾപ്പെടെ എല്ലാത്തരം തൊഴിലിടങ്ങളിലും ലിംഗഭേദമില്ലാതെ ജോലി ചെയ്യാനുള്ള അവകാശം സ്ത്രീകൾക്ക് നൽകുന്നു. തുല്യവേതനം, ആരോഗ്യകരമായ ജോലിസ്ഥലം ഉറപ്പാക്കൽ, വിദ്യാഭ്യാസ-പരിശീലന അവസരങ്ങൾ, നേതൃത്വപരമായ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ സ്ത്രീകളെ ശാക്തീകരിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള നയങ്ങൾ നടപ്പിലാക്കുന്നതിലൂടെ, കേരളത്തിലെ കയർ വ്യവസായത്തിനും അതിന്റെ സ്ത്രീ തൊഴിലാളികളുടെ മൂല്യം ഉയർത്താനാകും. ഈ മാറ്റങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ സർക്കാരിനും കയർ വ്യവസായികൾക്കും സമൂഹത്തിനും നിർണായക പങ്ക് വഹിക്കാനാകും.
(This article was featured on Samayam Malayalam)
The author is a youth leadership fellow at CPPR
Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.