What Oxygen Surplus Kerala Tells Us
April 25, 2021
G20: The Economic Steering Committee for the World
April 29, 2021

‘കേരളത്തില്‍ എല്ലാവര്‍ക്കും കൊടുക്കാം മിനിമം 10,000 രൂപ പെന്‍ഷന്‍, വഴി ഇതാണ്’

”കേരളത്തില്‍ എല്ലാവര്‍ക്കും കുറഞ്ഞത് 10000 രൂപ എങ്കിലും പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുന്ന പദ്ധതി നടപ്പാക്കാം”, ധനകാര്യ വിദഗ്ധനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ വിശദമാക്കുന്നു. അഭിമുഖം വായിക്കാം.

പെന്‍ഷന്‍ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക ഘടകമായൊരു നാളുകളാണിത്. മുന്‍പെന്നത്തേക്കാളേറെ എല്ലാ ജനങ്ങള്‍ക്കും ന്യായമായ തുക പെന്‍ഷനായി വിതരണം ചെയ്യണമെന്ന കാര്യം സജീവമായി പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നു. ആരും അതിന് എതിരല്ല. സാമ്പത്തിക നില ദുര്‍ബലമായ സര്‍ക്കാര്‍ എങ്ങനെ അത് ഉറപ്പാക്കും എന്നതാണ് ചോദ്യം. 60 വയസ്സ് പിന്നിട്ടവര്‍ക്ക് 10,000 രൂപ പെന്‍ഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന 20 ല്‍പ്പരം നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ‘പെന്‍ഷന്‍ വേണ്ടത് പൊളിച്ചെഴുത്ത്’ സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിക്ക് ഒരു ചട്ടക്കൂട് എന്നീ ലേഖനങ്ങളിലൂടെ 2012 ല്‍ തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് ധനകാര്യ വിദഗ്ധനായ ഡോ. ജോസ് സെബാസ്റ്റ്യന്‍. സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതി കേരള സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും മാറ്റിമറിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ അഭിമുഖത്തില്‍ അദ്ദേഹം.

? സാര്‍വ്വത്രിക പെന്‍ഷന്‍ സമ്പ്രദായം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?

ഒരു രാജ്യത്തെ മുഴുവന്‍ പൗരജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, വാര്‍ദ്ധക്യത്തില്‍ എല്ലാവര്‍ക്കും ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ (Minimum Guarantee Pension) വ്യവസ്ഥ ചെയ്യുന്ന പെന്‍ഷന്‍ സമ്പ്രദായമാണ് സാര്‍വ്വത്രിക പെന്‍ഷന്‍.

? ലോകത്തിലെ പരിഷ്‌കൃത രാജ്യങ്ങളില്‍ ഈ സമ്പ്രദായമുണ്ടോ? എങ്ങിനെയാണത് അത് അവിടെ നടപ്പാക്കുന്നത്?

പരിഷ്‌കൃത സമൂഹങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സാര്‍വ്വത്രിക പെന്‍ഷന്‍ എന്നത് പൊതു സാമൂഹിക സുരക്ഷാസംവിധാനങ്ങളുടെ (Public Social Securtiy System) ഭാഗമാണ്. ഓരോ രാജ്യത്തെയും പെന്‍ഷന്‍ സമ്പ്രദായത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവയ്‌ക്കെല്ലാം പൊതുവായ ചില വശങ്ങള്‍ ഉണ്ട്. ഓരോ വ്യക്തിയെയും പ്രവര്‍ത്തനനിരതമായിരിക്കുന്ന വര്‍ഷങ്ങളില്‍ അദ്ധ്വാനിക്കാനും വാര്‍ദ്ധക്യകാലത്തിനുവേണ്ടി മിച്ചം പിടിക്കാനും പ്രേരിപ്പിക്കുന്നതാണ് ഏറെക്കുറെ എല്ലാ പരിഷ്‌കൃത സമൂഹങ്ങളിലെയും പെന്‍ഷന്‍ സമ്പ്രദായം. സര്‍ക്കാര്‍ മേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ ജോലിചെയ്യുന്ന എല്ലാവരും പെന്‍ഷന്‍ പദ്ധതികളില്‍ ചേര്‍ന്നിരിക്കണമെന്നത് നിയമം അനുശാസിക്കുന്നതാണ്. വിരമിക്കുന്നതിനുശേഷം കൂടുതല്‍ പെന്‍ഷന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ മാസവും കൂടുതല്‍ തുക പൊതുപെന്‍ഷന്‍ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യണം. Pay as you go (PAYG) എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.

‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ വിരമിച്ച എല്ലാവര്‍ക്കും ഒരേ നിരക്കിലാണ് മിക്ക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കൊടുത്തുവരുന്നത്. പൊതു പെന്‍ഷന്‍ ഫണ്ടിലേയ്ക്കുള്ള ഒരു വ്യക്തിയുടെ സംഭാവന വച്ചുനോക്കിയാല്‍ ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ ലഭിക്കാന്‍ ആ വ്യക്തിക്ക് അര്‍ഹത ഇല്ലായിരിക്കാം. അല്ലെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞ പെന്‍ഷനേ അര്‍ഹത ഉണ്ടായിരിക്കു. അങ്ങനെയുള്ള വ്യക്തികള്‍ക്കും ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ ലഭിക്കും. ഇതിനുവേണ്ടിയുള്ള പൊതുവിഭവങ്ങള്‍ പൊതുനികുതികളില്‍നിന്നാണ് കണ്ടെത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ദേശീയ വരുമാനത്തിന്റെ 35% മുതല്‍ 40% വരെയൊക്കെയാണ് നികുതിയായി പിരിച്ചെടുക്കുന്നത്. ഈ ഉയര്‍ന്ന നികുതി പിരിവാണ് എല്ലാവര്‍ക്കും ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ ഏര്‍പ്പെടുത്താന്‍ സഹായിക്കുന്നത്.

വികസിത പരിഷ്‌കൃത രാജ്യങ്ങളിലെ പെന്‍ഷന്‍ സമ്പ്രദായങ്ങളില്‍ അടുത്തകാലത്ത് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പൊതുപെന്‍ഷന്‍ ഫണ്ടുകളോടൊപ്പം സ്വകാര്യപെന്‍ഷന്‍ ഫണ്ടുകളിലും അംഗമാകാന്‍ ചില രാജ്യങ്ങളിലെ നിയമം അനുവദിക്കുന്നുണ്ട്. അതുപോലെതന്നെ പെന്‍ഷന്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതുമൂലം ഉണ്ടാകുന്ന കയറ്റിറക്കങ്ങള്‍ പെന്‍ഷനെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുന്ന സാഹചര്യങ്ങള്‍ സംജാതമായിട്ടുണ്ട്. അത്തരം കയറ്റിറക്കങ്ങള്‍ ഒഴിവാക്കി നേരത്തേ നിര്‍വ്വചിച്ച പെന്‍ഷന്‍ പദ്ധതികള്‍ (Defined pension scheme) തെരഞ്ഞെടുക്കാനും അതിന് ആവശ്യമായ തുക മാസംതോറും അടയ്ക്കാനും വ്യക്തികളെ അനുവദിക്കുന്ന സമ്പ്രദായങ്ങളും നിലവില്‍ വന്നിട്ടുണ്ട്. തൊഴിലാളിയും തൊഴിലുടമയും പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് വിഹിതം അടച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകളും ഉണ്ട്.

? താങ്കളുടെ സങ്കല്‍പ്പത്തിലുള്ള സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതി കേരളത്തിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം?

എന്റെ സങ്കല്‍പ്പത്തിലുള്ള സാര്‍വ്വത്രിക പെന്‍ഷന്‍ എന്നത് വികസിത – പരിഷ്‌കൃത സമൂഹങ്ങളിലെ പെന്‍ഷന്‍ വ്യവസ്ഥതന്നെയാണ്. ഓരോ വ്യക്തിയും തന്റെ വാര്‍ദ്ധക്യകാല ജീവിതത്തിനുവേണ്ടി പ്രവര്‍ത്തന നിരതമായിരിക്കുന്ന വര്‍ഷങ്ങളില്‍ മിച്ചം പിടിക്കേണ്ടതുണ്ട്. അതിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതേ സമയം ഉയര്‍ന്ന നികുതി ചുമത്തി വിഭവങ്ങള്‍ സമാഹരിച്ച് ‘ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍’ ഒരേ നിരക്കില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുകയും വേണം.ആദ്യമായി വേണ്ടത് നിലവിലെ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ പൊളിച്ചടുക്കുകയാണ്. പെന്‍ഷനുവേണ്ടി ശമ്പളത്തില്‍നിന്നും മാറ്റിവയ്‌ക്കേണ്ടിയിരുന്നത് മാറ്റിവച്ചിട്ടില്ല. അതുകൊണ്ടുതന്നെ ‘മാറ്റിവച്ച ശമ്പളം’ എന്ന വാദം നിലനില്ക്കുന്നതല്ല. മാന്യമായി ജീവിച്ചു മരിക്കാന്‍ വേണ്ട കുറഞ്ഞ പെന്‍ഷനെക്കുറിച്ചും കൂടിയ പെന്‍ഷനെക്കുറിച്ചും ഒരു അഭിപ്രായ സമന്വയം അതിന്റെ അടിസ്ഥാനത്തില്‍ ഒരു സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് മാറാന്‍ സമൂഹത്തിന് അവകാശമുണ്ട്. അതിനുവേണ്ടി എത്രമാത്രം പൊതുവിഭവങ്ങള്‍ എങ്ങനെ സമാഹരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ ‘മാറ്റിവച്ച’ ശമ്പളമാണ് എന്ന തെറ്റായ വാദം അംഗീകരിച്ച് കേരളത്തിന് ഇനി മുന്നോട്ടുപോകാനാവില്ല.

? ഇന്നത്തെ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിന് യാതൊരു സാമ്പത്തികശാസ്ത്ര യുക്തിയും ഇല്ലെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം തുടങ്ങിവച്ചത്?

സ്വാതന്ത്ര്യത്തിനുമുന്‍പുള്ള ബ്രിട്ടീഷ് ഭരണക്രമം സ്വാതന്ത്യാനന്തര കാലഘട്ടത്തില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ് ഉണ്ടായത്. അന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ വളരെ കുറവായിരുന്നു. എന്നുമാത്രമല്ല, ശമ്പളവും കുറവായിരുന്നു. ശമ്പളത്തില്‍നിന്നും പിടിച്ച് മാറ്റിവയ്ക്കാതെ പെന്‍ഷന്‍ കൊടുക്കാന്‍ ഒരുപക്ഷേ കഴിയുമായിരുന്നിരിക്കാം. മറ്റൊരു കാര്യം, ആയുര്‍ദൈര്‍ഘ്യമാണ്. സ്വാതന്ത്യം കിട്ടിയതിനുശേഷം 1951ല്‍ ആണ് ആദ്യത്തെ സെന്‍സസ് നടന്നത്. അന്നത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം (Life expectancy) 32 വയസ്സ് ആയിരുന്നു. എന്നു പറഞ്ഞാല്‍ 55 വയസ്സില്‍ പെന്‍ഷന്‍ പറ്റിയിരുന്നവര്‍ ഏറിയാല്‍ 10 വര്‍ഷം കൂടിയൊക്കെയേ ജീവിക്കുമായിരുന്നുള്ളു എന്നര്‍ത്ഥം. ഈ മൂന്ന് കാര്യങ്ങളും പരിഗണിക്കുമ്പോള്‍ സ്വാതന്ത്യം കിട്ടിയ കാലത്ത് പെന്‍ഷന്‍ എന്നത് വലിയ ബാധ്യത അല്ലായിരുന്നു.പക്ഷേ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. കേന്ദ്രതലത്തിലും സംസ്ഥാനതലങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം കൂടി. മാത്രമല്ല, കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും 10 വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌ക്കരണവും വന്നു. കേരളംപോലെ കുറച്ച് സംസ്ഥാനങ്ങളില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ആണല്ലോ ശമ്പള പരിഷ്‌കരണം. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതാണ് മറ്റൊരു പ്രശ്‌നം. 2020 ലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 69.73 ആണ്. ഇതും പെന്‍ഷന്‍ ബാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരുപക്ഷേ റവന്യൂവരുമാനം ഉയര്‍ന്നനിലയില്‍ വര്‍ദ്ധിച്ചിരുന്നെങ്കില്‍ സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്ന വ്യവസ്ഥ തുടങ്ങിവച്ചവരുടെ യുക്തി സമൂഹത്തിന്റെമേല്‍ ഒരു വന്‍ചുമടായി മാറുകയില്ലായിരുന്നു. അത് സംഭവിച്ചില്ല. സര്‍ക്കാര്‍ ചെലവുകള്‍ക്ക് ആനുപാതികമായി റവന്യൂവരുമാനം വര്‍ദ്ധിച്ചില്ല.

? ഇന്നത്തെ പെന്‍ഷന്‍ ഭാരം കേരള സമൂഹത്തിന് പിണഞ്ഞ ഒരു കൈപ്പിഴയാണെന്നാണോ?

തീര്‍ച്ചയായും. അവശ്യം വേണ്ട തസ്തികകളും എല്ലാ പൗരജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സാര്‍വ്വത്രിക പെന്‍ഷന്‍ സമ്പ്രദായവും സ്വീകരിക്കാമായിരുന്നു. അല്ലെങ്കില്‍ മൊത്തം റവന്യൂവരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമേ ശമ്പള-പെന്‍ഷന്‍ ചെലവുകള്‍ക്ക് മാറ്റിവയ്ക്കു, എന്ന് തീരുമാനിക്കാമായിരുന്നു. രണ്ടായാലും ഇത്രമാത്രം പേര്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ സംരക്ഷണം ലഭിക്കുകയില്ലായിരുന്നു. ശമ്പളത്തിന്റെയും പെന്‍ഷന്റെയും ഭാരം ഇത്രമാത്രം വര്‍ദ്ധിക്കുകയുമില്ലായിരുന്നു.പരമാവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുത്തു എന്ന സൗമനസ്യത്തിന് സമൂഹത്തെ ബന്ധിയാക്കുന്ന സമീപനമാണ് ഇന്ന് സര്‍ക്കാര്‍ ജോലിക്കാരുടെ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. നീതിയുടെയോ ധാര്‍മ്മികതയുടെയോ യാതൊരു അടിസ്ഥാനവും ഇന്നത്തെ പെന്‍ഷന്‍ വ്യവസ്ഥയ്ക്ക് ഇല്ല. മാന്യമായി ജീവിച്ചുമരിക്കാന്‍ ആവശ്യമായ പെന്‍ഷന്‍ എല്ലാവര്‍ക്കും എന്ന സമീപനം സമൂഹമാകെ സ്വീകരിച്ച് ഇന്നത്തെ പെന്‍ഷന്‍ വ്യവസ്ഥ പൊളിച്ചെഴുതുകയാണ് വേണ്ടത്.

? സാര്‍വ്വത്രിക പെന്‍ഷന്‍ കേരള സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും സൃഷ്ടിച്ചേക്കാവുന്ന സദ്ഫലങ്ങള്‍ ഒന്നു വിശദീകരിക്കാമോ?

സാര്‍വ്വത്രിക പെന്‍ഷന്‍ കേരള സമ്പദ് വ്യവസ്ഥയിലെ മുരടിപ്പ് മാറ്റാനുള്ള ഒറ്റമൂലിയാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഇന്നത്തെ സര്‍ക്കാര്‍ പെന്‍ഷന്‍ സംവിധാനത്തിന്റെ മുഖ്യ ന്യൂനത അത് സാമ്പത്തിക വളര്‍ച്ചയെയും നികുതി വരുമാനത്തെയും പ്രോത്സാഹിപ്പിക്കുന്നതല്ല എന്നതാണ്. പെന്‍ഷന്‍ ആയി പോകുന്ന തുകയുടെ 25% ല്‍ കൂടുതല്‍ വിപണിയില്‍ തിരികെ എത്തുന്നില്ല. പെന്‍ഷന്‍ ചെലവാക്കാന്‍ വൃദ്ധജനങ്ങള്‍ക്ക് മാര്‍ഗ്ഗമില്ല. കാരണം, ഉപഭോഗത്തില്‍നിന്ന് പിന്‍വാങ്ങിയവരാണവര്‍. പ്രധാന ഉപഭോഗവസ്തു മരുന്നുകളാണ്. ബാക്കിവരുന്ന തുക മുഴുവന്‍ ബാങ്ക് – ട്രഷറി നിക്ഷേപങ്ങളിലും മ്യൂച്ച്വല്‍ ഫണ്ട് – ഓഹരി കമ്പോളം എന്നിവിടങ്ങളിലും അടിഞ്ഞു കൂടുകയാണ്.വിപണിയില്‍നിന്ന് നികുതി – നികുതിയേതര മാര്‍ഗ്ഗങ്ങളിലൂടെ സര്‍ക്കാര്‍ ഊറ്റിയെടുക്കുന്ന പണം വിപണിയില്‍ തിരിച്ചെത്തിയെങ്കില്‍ മാത്രമേ ഉല്‍പാദനവും ഉപഭോഗവും പുഷ്ടിപ്പെടുകയുള്ളു. സാര്‍വ്വത്രിക പെന്‍ഷന്‍ നടപ്പിലായാല്‍ അത് സാധാരണ ജനങ്ങളുടെ ഉപഭോഗം അതിവേഗം വര്‍ദ്ധിപ്പിക്കും. വര്‍ദ്ധിക്കുന്ന പെന്‍ഷന്‍ സമ്പാദ്യമായി മാറുകയില്ല. അതു മുഴുവന്‍തന്നെ പ്രാദേശിക വിപണിയില്‍ തിരികെയെത്തും. കേരളത്തിലെ വ്യാപാരമേഖല പെട്ടെന്ന് ഉണര്‍ന്നെണീക്കും. പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിച്ച് തൊഴിലും വരുമാനവും കൂടും. കയറ്റിറക്ക്, ഗതാഗതം ഈ മേഖലകളും പെട്ടെന്ന് പുഷ്ടി പ്രാപിക്കും. അതോടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. ഇത് സാമ്പത്തിക വളര്‍ച്ചയുടെ ഒരു ചാക്രികതതന്നെ സൃഷ്ടിക്കും.ആളോഹരി സംതൃപ്തിക്കാണ് (Per capita happiness) ആളോഹരി വരുമാനത്തെക്കാള്‍ (Per capita income) ലോകമിന്ന് വിലകൊടുക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗം അസമത്വം വര്‍ദ്ധിച്ചുവരുന്ന സംസ്ഥാനമാണ് കേരളം എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഒരു പ്രധാനകാരണം പൊതുവിഭവങ്ങളുടെ സിംഹഭാഗവും സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിലേയ്ക്ക് ഒഴുകുന്നതാണ്. സാര്‍വ്വത്രിക പെന്‍ഷന്‍ കേരളത്തിലെ ഭവനങ്ങളിലെ വൃദ്ധജനങ്ങള്‍ക്ക് ആത്മാഭിമാനവും അംഗീകാരവും നല്‍കും.പ്രാദേശികമായ അസമത്വത്തിന് ആക്കം കൂട്ടുന്നു എന്നതാണ് കേരള ധനകാര്യത്തിന്റെ ഒരു വലിയ പരിമിതി. ഇതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട് (‘കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായന’ എന്ന എന്റെ പുസ്തകം കാണുക.)സാര്‍വ്വത്രിക പെന്‍ഷന്റെ ഭാഗമായി തൊഴിലെടുക്കുന്ന എല്ലാവരും പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുന്ന ഒരു ആധുനിക പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതോടെ അദ്ധ്വാനത്തോടുള്ള കേരള സമൂഹത്തിന്റെ മനോഭാവത്തിന് അടിസ്ഥാനപരമായ മാറ്റം വരും. ഇന്ന് വല്ല നിവൃത്തിയുമുണ്ടെങ്കില്‍ കായികമോ ബൗദ്ധികമോ ആയ അദ്ധ്വാനത്തില്‍നിന്ന് മാറിനില്‍ക്കാനാണ് കേരളീയരുടെ ശ്രമം. സര്‍ക്കാര്‍ ജോലി പോലെയുള്ള പണിയില്ലാപണിക്ക് വേണ്ടി ആളുകള്‍ തിക്കിതിരക്കാനുള്ള അടിസ്ഥാന കാരണം ഇതാണ്. കുറഞ്ഞ ഒരു തുകയെങ്കിലും പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്താലേ ഉറപ്പായ അടിസ്ഥാന പെന്‍ഷന്‍ ലഭിക്കു എന്നുവരുന്നതോടെ അദ്ധ്വാനിക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനും ഓരോ വ്യക്തിയും സ്വയം പ്രചോദിതരാകും.

? സാര്‍വ്വത്രിക പെന്‍ഷന്‍ കേരളത്തിലെ രാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ?

ഉത്തരം : സാര്‍വ്വത്രിക പെന്‍ഷന്‍ കേരള സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും മാത്രമല്ല രാഷ്ട്രീയത്തെയും മാറ്റിമറിക്കും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആധിക്യത്തിന്റെയും അതിപ്രസരത്തിന്റെയും അടിസ്ഥാന കാരണം ധനമിഥ്യയാണ്. അത് സൃഷ്ടിക്കുന്ന ആശ്രിത സംസ്‌കാരമാണ് ഇത്രയധികം രാഷ്ട്രീയ പാര്‍ട്ടികളെ നിലനിര്‍ത്തുന്നത്. ജനങ്ങള്‍ അദ്ധ്വാനിക്കുകയും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തുതുടങ്ങിയാല്‍ രാഷ്ട്രീയം എന്ന സ്വയംതൊഴില്‍ ഏറെക്കുറെ ഇല്ലാതാകും. കടം വാങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ‘സ്വയം വികസന’ പദ്ധതികള്‍ക്ക് തുടക്കമിടുകയും അതിന്റെ മറവില്‍ പൊതുവിഭവങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ – ഉദ്യോഗസ്ഥ മാഫിയയ്ക്ക് അന്ത്യം കുറിക്കാന്‍ സാര്‍വത്രിക പെന്‍ഷന് കഴിയും.

This article published in Dhanam on 21 April 2021. Click here to read

Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research.

Avatar photo
+ posts

Dr Jose Sebastian is Senior Fellow (Finance) with CPPR.
He retired as Senior Faculty in Public Finance from Gulati Institute of Finance and Taxation and is currently Chairman and Director of Institute for Enterprise Culture & Entrepreneurship Development, Thiruvananthapuram. An expert in Public Finance and Taxation, Dr Jose Sebastian writes for Economic and Political Weekly, IUP Journal of Public Finance, Asian Economic Review, among other well-known journals and magazines. Dr Sebastian earned his PhD and Masters in Economics from the University of Kerala. Dr Sebastian has been a member of important Committees constituted by the Government of Kerala, like the Sales Tax Advisory Committee, Expert Committee on Improving Statistical System in Kerala, among others.

Jose Sebastian
Jose Sebastian
Dr Jose Sebastian is Senior Fellow (Finance) with CPPR. He retired as Senior Faculty in Public Finance from Gulati Institute of Finance and Taxation and is currently Chairman and Director of Institute for Enterprise Culture & Entrepreneurship Development, Thiruvananthapuram. An expert in Public Finance and Taxation, Dr Jose Sebastian writes for Economic and Political Weekly, IUP Journal of Public Finance, Asian Economic Review, among other well-known journals and magazines. Dr Sebastian earned his PhD and Masters in Economics from the University of Kerala. Dr Sebastian has been a member of important Committees constituted by the Government of Kerala, like the Sales Tax Advisory Committee, Expert Committee on Improving Statistical System in Kerala, among others.

Leave a Reply

Your email address will not be published. Required fields are marked *