കരുതിയിരിക്കുക, കേന്ദ്രസർക്കാർ സഹകരണ സ്ഥാപനങ്ങളെ റാഞ്ചിയേക്കാം
August 5, 2021
Role of Private Sector in Chinese Economy- Part 1
August 7, 2021

‘മുഖ്യമന്ത്രി അന്നം തരുന്നെന്ന ഫ്ലെക്സല്ല വേണ്ടത്, കിറ്റെക്‌സ് പോയാൽ എന്ത് എന്നുമല്ല’

സി പി പി ആർ സീനിയർ ഫെൽലോയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈനിനായി നൽകിയ അഭിമുഖം

കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ആഘാതം പൂർണമായി ഒഴിഞ്ഞു പോയിട്ടില്ല. ലോക്ഡൗണിൽ ഇളവു വരുത്തുകയും സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തത് ആശ്വാസമാകേണ്ടതായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യകളുടെ വാർത്തകളാണു പുറത്തു വരുന്നത്. കേരളത്തിലെ സമ്പദ്ഘടനയെ പൊതുവെ ഉത്തേജിപ്പിക്കുന്ന ഓണക്കാലവും പടിവാതിൽക്കലാണ്. ഈ സാഹചര്യങ്ങളെ  ഫലപ്രദമായി കൈകാര്യം ചെ‌യ്യാ‍ൻ സംസ്ഥാന സർക്കാരിനു കഴിയുന്നുണ്ടോ? നമ്മുടെ ബുദ്ധിജീവികളും സാമ്പത്തിക ശാസ്ത്രജ്ഞരും ഈ ഘട്ടത്തിൽ സ്വീകരിക്കുന്ന സമീപനങ്ങളെന്തൊക്കെയാകണം? കിറ്റ് വിതരണം ദീർഘകാല പരിഹാരമാകുമോ? ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ സീനിയർ ഫാക്കൽറ്റിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ജോസ് സെബാസ്റ്റ്യൻ ‘മനോരമ ഓൺലൈനി’നോടു സംവദിക്കുന്നു.

കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിൽ

കേരളം ഇപ്പോൾ കടന്നു പോകുന്നത് ആശയപരമായ ലോക്ഡൗണിലൂടെയാണ്. സർക്കാരാണു സ്വയം ലോക്ഡൗണിലായിരിക്കുന്നത്. കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിലായിരിക്കുന്ന സർക്കാരിന് പുതിയതായി ഒന്നും മുന്നോട്ടുവയ്ക്കാൻ കഴിയുന്നില്ല. സമ്പദ്ഘടന സമൂലമായി അഴിച്ചുപണിയാതെ മുന്നോട്ടു പോകാ‍ൻ കഴിയില്ലെന്നു പറയേണ്ട ആളാണ് നമ്മുടെ ധനമന്ത്രി. അദ്ദേഹത്തിന്റെ നാവു കെട്ടിയിട്ടിരിക്കുകയാണ്. കേരളത്തിൽ കൊടികെട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞർ  ഒട്ടേറെ‌യുണ്ട്. അവരും നിശബ്ദരാണ്. ആത്മഹത്യ നടക്കുമ്പോൾ പോലും അവരതു ഭേദിക്കുന്നില്ല. 

അഭിപ്രായം ഒന്നും ചോദിക്കാതിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. കാര്യങ്ങൾ തുറന്നു പറഞ്ഞാൽ നഷ്ടമാകാവുന്ന സ്ഥാനങ്ങളും ലാവണങ്ങളും ഏറെയുണ്ട്. .സാമ്പത്തിക പ്രതിസന്ധി മൂടിവയ്ക്കാതെ അതിനെക്കുറിച്ചു പൊതു സമൂഹത്തിൽ സംവാദം ഉയർത്തിവിട്ടാൽ മാത്രമേ അതിജീവനത്തിന്റെ വഴികൾ തെളിയുകയുള്ളൂ. സാധ്യമായ എല്ലാ വഴികളിലൂടെയും വിഭവ സമാഹരണം നടത്തുന്നതിനുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. അതിൽ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും സാമൂഹിക ശാസ്ത്രജ്‍ന്മാരുമൊക്കെ പങ്കെടുക്കണം. നമ്മുടെ പൊതു വിഭവങ്ങൾ എങ്ങനെ നഷ്ടപ്പെടുന്നുവെന്നാണു  കണ്ടെത്തേണ്ടത്

സാധാരണക്കാരനിലേക്കു പണം എത്തിക്കുക

ആത്മഹത്യകൾ തടയണമെങ്കിൽ അടിയന്തരമായി ജോലി നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും കുറഞ്ഞത് 5000 രൂപ വീതം മൂന്നു മാസത്തേക്കെങ്കിലും നൽകാൻ കഴിയണം. അതിനായി കേന്ദ്രത്തിലോട്ടു നോക്കി നിൽക്കേണ്ട ആവശ്യമില്ല. 20,000 കോടി സമാഹരിക്കാനുള്ള മാർഗങ്ങൾ ഇവിടെത്തന്നെയുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻ‌ഷൻകാരുടെയും സംഘടനകളെ വിളിച്ചു കൂട്ടി കേരളം കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുകയും അവരുടെ സഹായം തേടുകയും വേണം. 

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി 68,000 കോടിയാണ്. ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളല്ല, ജനങ്ങളാണ് ആസ്തിയെന്ന തിരിച്ചറിവാണു സർക്കാരിനു വേണ്ടത്. അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും. സർക്കാർ ഭൂമിയുടെ കൈമാറ്റത്തെക്കുറിച്ചും ആലോചിക്കണം. കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന ഓഹരി വിൽപന പോലെയുള്ളവ മാതൃകയാക്കാം. എന്നാൽ ആ തുക ജനങ്ങളിലേക്ക് എത്തുന്നില്ല. അത്തരം അനുകരണങ്ങളല്ല വേണ്ടത്. പൊതു വിഭവങ്ങളിലൂടെ സമാഹരിക്കുന്ന തുക ഉടൻ തന്നെ ആളുകളിലെത്തിച്ചാൽ അത് വിപണിയിലെത്തും. പൂട്ടിക്കിടന്ന കച്ചവട സ്ഥാപനങ്ങൾ തുറക്കാനാകും. ചെറുകിട കച്ചവടക്കാരിൽ ആത്മവിശ്വാസം ഉണ്ടാകും. നികുതി വരുമാനം വർധിക്കും. അങ്ങനെയാണ് സമ്പദ്ഘടനയെ രക്ഷിക്കേണ്ടതും ആത്മഹത്യകൾ തടയേണ്ടതും. 

അതിനു പകരം നമ്മുടെ ധനകാര്യ മന്ത്രി പറയുന്നത് 5650 കോടിയുടെ പലിശ സബ്സിഡി നൽകും, വൈദ്യുതി നിരക്ക് കുറയ്ക്കും എന്നൊക്കെയാണ്. അതൊന്നും കൊണ്ടു കടകൾ തുറക്കാൻ കഴിയില്ല. കട തുറന്നു വച്ചാൽ ബിസിനസ് നടക്കുമെന്ന ആത്മവിശ്വാസം ഇല്ലാതായിരിക്കുകയാണ്. നികുതിദായകരായ ജനങ്ങൾക്കു മഹാമാരിയുടെ കാലത്ത് കിറ്റല്ലാതെ മറ്റൊനും നൽകാൻ കഴിയുന്നില്ല. എന്നിട്ടും കട തുറക്കാനും വ്യവസായം തുടങ്ങാനുമൊക്കെ ആഹ്വാനം ചെയ്യുന്നത് യാഥാർഥ്യ ബോധമില്ലാത്തതുകൊണ്ടാണ്, ഇതിനിടെ 4000 കോടി രൂപ കടമെടുക്കാനു‌ള്ള നീക്കത്തിലാണു സംസ്​ഥാന സർക്കാർ. ഈ തുക വിനിയോഗിക്കുന്നത് ശമ്പളവും പെൻഷനും നൽകാനാണ്. ഭൂരിഭാഗം വരുന്ന ദരിദ്രർക്ക് അതിൽനിന്നു കിട്ടുന്നത് ഓണക്കിറ്റിനോടൊപ്പം ശർക്കരവരട്ടിപോലെ എ​ന്തോ ആണ്!

ദുരിതാശ്വാസനിധിയെന്ന ആഘോഷം

വലിയൊരു വിഭാഗം ദാരിദ്ര്യത്തിലേക്കു നീങ്ങുമ്പോഴാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നതുപോലുള്ള പൊള്ളത്തരങ്ങൾ അരങ്ങേറുന്നത്. ശമ്പളവും പെൻഷനുമൊക്കെ സുരക്ഷിതമായി വാങ്ങിയിട്ടാണ് അതിലെ ഒരു ശതമാനം ദുരിതാശ്വാസനിധിയിലേക്കു നൽകുന്നത്. മന്ത്രിമാരുടെയോ എംഎൽഎമാരുടെയോ സാന്നിധ്യത്തിൽ സംഭാവന നൽകിയ ശേഷം അതിന്റെ പടമെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു മേനി നടിക്കുകയാണ്. ഇതിനെയൊക്കെ ആഘോഷമാക്കണമെന്നാണ് സർക്കാർ ഉത്തരവ്. പണ്ട് രാജഭരണവും നാടുവാഴികളുമൊക്കെയുണ്ടായിരുന്ന കാലത്ത് നിരന്നു നിൽക്കുന്ന അടിയാന്മാർക്ക് മേലാളന്മാർ ഓണപ്പുടവ നൽകുന്നതിന്റെ തുടർച്ചയാണിത്. 

മനഃസാക്ഷിയുള്ള ഒരു സമൂഹത്തിന് ചെയ്യാൻ കഴിയുന്ന കാര്യമാണോ ഇത്? 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കാര്യത്തിൽ സുതാര്യത വേണം. ഒരു വെബ്സൈറ്റ് ഉണ്ടാക്കി ഓരോ ദിവസവും കിട്ടിയ തുകയും വിതരണം ചെയ്ത തുകയും പൊതുജനങ്ങളെ അറിയിക്കണം. ദുരാതാശ്വാസ നിധി സമാഹരിക്കുന്നതിനെക്കാൾ നല്ലത് പൊതു സമൂഹത്തിൽനിന്നുള്ള വിഭവ സമാഹരണമാണ്. തൊഴിൽരഹിതരായ പാവപ്പെട്ടവർക്ക് 5000 രൂപ വച്ചു നൽകിയിട്ടു മതി മറ്റു ഭരണച്ചെലവുകൾ എന്നു തീരുമാനിക്കണം. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ്, മുഖ്യമന്ത്രിയുടെ ഉപദേശകർ, പിഎസ്‌സി അംഗങ്ങളുടെ എണ്ണം എന്നിവയൊക്കെ ചർച്ചയാവണം. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന  സാധാരണക്കാരനു വേണ്ടി ശമ്പളത്തിലും പെൻഷനിലും വിട്ടുവീഴ്ച ചെയ്യാൻ പൊതു സമൂഹം തയാറാകണം.  

കിറ്റ് വയറ്റത്തടിക്കുന്നത് കച്ചവടക്കാരുടെ…

അന്നം നൽകുന്ന മുഖ്യമന്ത്രി ദൈവമാണെന്നും മറ്റു ദൈവമില്ലെന്നുമൊക്കെ പ്രചരിപ്പിക്കുകയാണ്. സർക്കാരെന്നത് സൗജന്യങ്ങൾ നൽകുന്ന സ്ഥാപനമാണെന്ന തോന്നലാണ് ജനങ്ങൾക്ക്. പരോക്ഷ നികുതിയിലൂടെ വിഭവങ്ങൾ സമാഹരിക്കുന്ന രാജ്യങ്ങളുടെയൊക്കെ സ്ഥിതിയാണിത്. അതിന്റെ തെളിവാണ് മുഖ്യമന്ത്രി ഭക്ഷണം നൽകുന്നുവെന്നൊക്കെ ഫ്ലെക്സ് വരുന്നത്. സമ്പൂർണ സാക്ഷരരെന്ന് അഭിമാനിക്കുന്ന നാട്ടിലാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. സ്വകാര്യ വ്യക്തികൾക്കു ബുദ്ധിമുട്ട് വരുമ്പോൾ സഹായിക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. അതിനു പരിഹാരം കിറ്റ് വിതരണമല്ല. അതു സാധാരണ കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന ഏർപ്പാടാണ്. മധ്യ വർഗത്തിനെപ്പോലും വിപണിയിൽനിന്ന് അകറ്റി അവരുടെ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരില്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ഓണക്കാലത്തെ ആശങ്കകൾ

കേരളത്തിന്റെ സമ്പദ്ഘടനയെ ഉണർത്തുന്നത് ഓണക്കാലമാണ്. തമിഴ്നാട്ടിൽ‌നിന്നൊക്കെ ധാരാളം ഉൽപന്നങ്ങൾ വരികയും അതു വിറ്റു പോവുകയും ചെയ്യുമായിരുന്നു. ശമ്പളവും ബോണസുമൊക്കെ വിപണിയിലേക്കുതന്നെ എത്തും. ടൂറിസം വാരാഘോഷമൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇത്തവണയും ഓണക്കാലം സാമ്പത്തിക മാന്ദ്യത്തിൽ ഇളവു വരുത്തുമെന്നുതന്നെ പ്രതീക്ഷിക്കാം. എന്നാൽ പഴയ സാഹചര്യം തിരിച്ചു വരുമെന്നു കരുതാനാകില്ല. ഓണം മുന്നിൽ കണ്ട് ക്ഷേമപെൻഷനുകൾ 2500 രൂപയായിട്ടെങ്കിലും വർധിപ്പിക്കാനുളള നടപടിയാണു വേണ്ടത്.

കിറ്റെക്സിനെ പിണക്കുമ്പോൾ…

ലോക്‌ഡൗണിൽ  ഏറ്റവും കൂടുതൽ ആശങ്കയിലായിരിക്കുന്നതു സ്വകാര്യ സംരംഭകരാണ്. അവരുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്  കെഎസ്ആർടിസിപോലെയുള്ള പൊതുമേഖലയ്ക്ക് എല്ലാ കൈത്താങ്ങും നൽകുമ്പോൾ സ്വകാര്യ മേഖലയോടു വേറൊരു സമീപനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ കണക്കാക്കുന്നത് ‘തൻകുഞ്ഞ് പൊൻകുഞ്ഞെ’ന്ന രീതിയിലാണ്. സ്വകാര്യ മേഖലയുടെ കാര്യം വരുമ്പോൾ ‘ചാകാതെ കിട്ടിയാൽ കൊല്ലാതെ വളർത്താ’മെന്നതാണു സമീപനം. കിറ്റെക്സിന്റെ കാര്യത്തിൽ ഇതു വ്യക്തമായതാണ്. 

മറ്റ് ഏതു  സർക്കാരാണെങ്കിലും കിറ്റെക്സ് പോലെ ഒരു സ്വകാര്യ സംരംഭം ഈ ലോക്‌ഡൗൺ കാലത്ത് കേരളം വിടാനൊരുങ്ങുന്നതു തടയുമായിരുന്നു. അവരെപ്പോലെ‌ വൈവിധ്യവൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന ഒരു സംരംഭത്തെ തെലങ്കാനയിലേക്കു പോകാതെ തടഞ്ഞു നിർത്തണമായിരുന്നു. ശരിയായ സംവാദം ഇക്കാര്യത്തിൽ നടന്നില്ല. കിറ്റെക്സിനെയും മറ്റു വ്യവസായികളെയും  വിളിച്ചു കൂട്ടി അവരുടെ ഉൽപന്നങ്ങൾക്കു മാർക്കറ്റ് കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന ഉറപ്പായിരുന്നു നൽകേണ്ടിയിരുന്നത്. ആനുകൂല്യങ്ങൾ നൽകി സ്വകാര്യ സംരംഭകർക്ക് കൈത്താങ്ങു നൽകുന്നതിനു പകരം അവർ പോയാലും കുഴപ്പമില്ല എന്ന തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായത്. പൊതുമേഖല കൊണ്ട് എല്ലാം നേടാമെന്ന സമീപനമാണ് ഇതിലുള്ളത്.

ധനകാര്യ സമീപനം അടിമുടി മാറണം

ഇപ്പോഴത്തെ  പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് ശമ്പള പരിഷ്കരണത്തിനായി വൻതുക മാറ്റി വയ്ക്കേണ്ടി വന്നതാണ്. പൊതു സമൂഹത്തിൽനിന്നു സമാഹരിക്കപ്പെടുന്ന വിഭവങ്ങളുടെ 60 ശതമാനം ശമ്പളത്തിന്നും പെൻഷനും നീക്കിവയ്ക്കുന്ന രീതി പുനഃപരിശോധിക്കണം. വിദേശ രാജ്യങ്ങളിൽ വരുമാനത്തിൽ നിന്നുള്ള തുക പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ചാണ് പെൻഷൻ വാങ്ങുന്നത്. ഇവിടെ അങ്ങനെയല്ല. നിലവിലെ റവന്യൂ വരുമാനത്തിൽ നിന്നാണ് അതിനുള്ള തുക കണ്ടെത്തുന്നത്. പെൻഷൻ സമ്പ്രദായം ആരംഭിച്ച കാലത്ത് ആയുർദൈർഘ്യം 32 വയസ്സായിരുന്നു. സർക്കാർ ജീവനക്കാരുടെ എണ്ണവും പരിമിതമായിരുന്നു. 

ഇപ്പോൾ അതല്ല സ്ഥിതി. ആയുർദൈർഘ്യം 70 വയസ്സാണ്. അന്ന് സർക്കാർ സർവീസിൽനിന്നു വിരമിക്കുന്നയാൾ അഞ്ചോ പത്തോ വർഷമേ ജീവിച്ചിരിക്കുമായിരുന്നുള്ളൂ. ഇപ്പോൾ മുപ്പത്തും നാൽപതും വർഷമാണ്. മാത്രമല്ല സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. അവരുടെ ശമ്പളവും കുറവായിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥരുടെ എണ്ണം കൂടി. ഓരോ 5 വർഷം കൂടുന്തോറും ശമ്പള പരിഷ്കരണവും നടപ്പിലാകുന്നു. സമൂഹത്തിൽ സ്വരൂപിക്കുന്ന പൊതു വിഭവങ്ങളുടെ വീതം ഇത്തരത്തിൽ ഒരു വിഭാഗം കൊണ്ടു പോകുന്നത് ശരിയല്ല.

പ്രസിദ്ധീകരിച്ചത് – മനോരമ ഓൺലൈൻ

Views expressed by the author are personal and need not reflect or represent the views of Centre for Public Policy Research.

Avatar photo
+ posts

Dr Jose Sebastian is Senior Fellow (Finance) with CPPR.
He retired as Senior Faculty in Public Finance from Gulati Institute of Finance and Taxation and is currently Chairman and Director of Institute for Enterprise Culture & Entrepreneurship Development, Thiruvananthapuram. An expert in Public Finance and Taxation, Dr Jose Sebastian writes for Economic and Political Weekly, IUP Journal of Public Finance, Asian Economic Review, among other well-known journals and magazines. Dr Sebastian earned his PhD and Masters in Economics from the University of Kerala. Dr Sebastian has been a member of important Committees constituted by the Government of Kerala, like the Sales Tax Advisory Committee, Expert Committee on Improving Statistical System in Kerala, among others.

Jose Sebastian
Jose Sebastian
Dr Jose Sebastian is Senior Fellow (Finance) with CPPR. He retired as Senior Faculty in Public Finance from Gulati Institute of Finance and Taxation and is currently Chairman and Director of Institute for Enterprise Culture & Entrepreneurship Development, Thiruvananthapuram. An expert in Public Finance and Taxation, Dr Jose Sebastian writes for Economic and Political Weekly, IUP Journal of Public Finance, Asian Economic Review, among other well-known journals and magazines. Dr Sebastian earned his PhD and Masters in Economics from the University of Kerala. Dr Sebastian has been a member of important Committees constituted by the Government of Kerala, like the Sales Tax Advisory Committee, Expert Committee on Improving Statistical System in Kerala, among others.

Leave a Reply

Your email address will not be published. Required fields are marked *