സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതാണെങ്കിലും സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുന്നതാണ് ഇത്തവണ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ്. നിർഭയ പദ്ധതിയും, മെൻസ്ട്രുൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കവും, ജെൻഡർ പാർക്കും, ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതിയുമെല്ലാം ബജറ്റിലെ എടുത്തുപറയാവുന്ന കാര്യങ്ങളാണ്. എന്നാൽ സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിനിര്‍ദ്ദേശങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്നതാണ് ചോദ്യം.

ബജറ്റിൽ പലതരത്തിലുള്ള നികുതിവർധനയാണ് സർക്കാർ നടത്തിയിരിക്കുന്നത്. സർക്കാരിന്റെ വരുമാനം വർധിപ്പിച്ച് കേരളത്തിന്റെ പൊതുകടം ജിഎസ്ഡിപി നിരക്ക് 39.1 ശതമാനത്തിൽ നിന്ന് കുറയ്ക്കുകയാണ് ലക്ഷ്യം. എന്നാൽ, വരുമാനം വർധിപ്പിക്കാനായി പരിമിതമായ സ്രോതസുകൾ മാത്രമാണ് സർക്കാരിനുള്ളത്. മോട്ടോർ വാഹനനികുതി, പെട്രോൾ ഡീസൽ സെസ്, വിദേശമദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷാ സെസ്, മദ്യനികുതി, ഭൂമിയുടെ ന്യായവില, ഫ്ലാറ്റുകളുടെ മുദ്രവില എന്നിവയെല്ലാം ബജറ്റിൽ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ നികുതി വർധിപ്പിക്കുന്നത് സർക്കാരിന്റെ വരുമാനം കൂട്ടുന്നതിന് പകരം വിപരീതഫലം ചെയ്യാനാണ് സാധ്യത. നികുതി അമിതമായി വർധിപ്പിക്കുമ്പോൾ പൊതുജനങ്ങളുടെ ചെലവാക്കാനുള്ള വരുമാനം കുറയും. അങ്ങനെ വന്നാൽ ജനങ്ങളുടെ ചെലവഴിക്കുന്ന പണത്തിന്റെ അളവ് കുറയുകയും ഉപഭോക്തൃ ആവശ്യങ്ങൾ കൂപ്പുകുത്തുകയും ചെയ്യും. വീണ്ടും സമ്പദ്‌വ്യവസ്ഥ പരിതാപകരമായ അവസ്ഥയിലേക്ക് പോകാനേ ഇത് ഇടയാക്കൂ.

കെട്ടിടനികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെർമിറ്റ് ഫീസ് എന്നിവയും വർധിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമ്പദ്ഘടനയിൽ നിർമ്മാണ മേഖലയുടെയും സേവനമേഖലയുടെയും പങ്ക് വളരെ കൂടിയ സംസ്ഥാനമാണ് കേരളം. 2020-21-ൽ കേരളത്തിന്റെ മൊത്ത മൂല്യവർദ്ധനവിലേക്കുള്ള നിർമ്മാണ മേഖലയുടെ പങ്ക് 14.43 ശതമാനമായിരുന്നു. അതിനാൽത്തന്നെ നികുതി വർധനയും ഫീസ് വർധനയും മേഖലയെ എങ്ങനെ ബാധിക്കും എന്നുള്ളത് നോക്കിക്കാണേണ്ടതുണ്ട്.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതിലൂടെ 750 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ അധിക വരുമാനത്തെക്കാൾ മറ്റ് വ്യവസായ മേഖലകളെ അതെങ്ങനെ ബാധിക്കും എന്നതാണ് പരിഗണിക്കേണ്ടത്. ഇന്ധനവില വർധന നേരിട്ടും അല്ലാതെയും എല്ലാ വ്യവസായ മേഖലകളിലെയും വിലക്കയറ്റത്തിന് കാരണമാകും. ഇത് എല്ലാ സാമ്പത്തിക വിഭാഗങ്ങളിലുള്ള ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.

മദ്യവില കൂട്ടിയതിലൂടെ നികുതി ഇനത്തിൽ സർക്കാരിന്റെ വരുമാനം കൂടിയേക്കാം. പക്ഷെ ഇതിലൂടെ മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറയുന്നത് ഇതുവരെ നടപ്പിലാക്കാൻ സാധിക്കാനായിട്ടില്ല. മാത്രമല്ല, മദ്യത്തിന് വില കൂട്ടുന്നത് മറ്റ് ലഹരികളിലേക്ക് ആളുകളെ തള്ളിവിടാനും സാധ്യതയുണ്ട്. മയക്കുമരുന്നുപയോഗം കേരളത്തിൽ മിന്നൽ വേഗത്തിലാണ് കുതിച്ചുയരുന്നത്. മദ്യത്തിൽ നിന്ന് മയക്കുമരുന്നിലേക്ക് ആളുകളുടെ ലഹരിചോദന മാറാനും മദ്യവില കൂട്ടുന്നത് കാരണമായേക്കാം. ഈ മാറ്റം തടയാനുള്ള നടപടികളും സർക്കാർ മുന്നിൽ കാണേണ്ടതുണ്ട്. മദ്യവില കൂട്ടുമ്പോഴും ലഹരിവിരുദ്ധ പരിപാടികൾക്ക് സർക്കാർ വലിയൊരു തുക മാറ്റിവെക്കുന്നുമുണ്ട്.

ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ സാമൂഹിക വികസനത്തിന്റെ സൂചികയിലാണ് മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ നോക്കി കാണുന്നത്. എന്നാൽ, ഈ സാമൂഹിക വികസന സൂചികകൾ എത്രമാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നത് എക്കാലത്തും കേരളം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്. ബജറ്റിൽ സ്റ്റാർട്ടപ്പ് മിഷനുകളും സാമ്പത്തിക, വ്യവസായ ഇടനാഴികളും മറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ കേരള’ എന്ന ബജറ്റിലെ ധനമന്ത്രിയുടെ പരാമർശവും സ്വാഗതാർഹമാണ്. ഇതിലൂടെയെല്ലാം എത്രത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതും, എത്രത്തോളം തൊഴിൽദാതാക്കളെയും സംരംഭകരെയും കേരളത്തിൽ സൃഷ്ടിക്കാനാകുമെന്നതുമാണ് ഈ പ്രഖ്യാപനങ്ങളുടെ വിജയസൂചകമായി കണക്കാക്കാനാവുക. ഇതെല്ലാം വിജയകരമായാൽ മാത്രമെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. ബ്രെയിൻ ഡ്രെയിൻ, ഏയ്ജിങ് പോപ്പുലേഷൻ തുടങ്ങിയ വെല്ലുവിളികളെ നേരിടണമെന്നുണ്ടെങ്കിൽ സുസ്ഥിരമായ ഒരു വികസന കാഴ്ചപ്പാടാണ് വേണ്ടത്. നിർമ്മാണ മേഖലയെ ഇത്തവണത്തെ ബജറ്റിൽ കാര്യമായി പരിഗണിച്ചിട്ടുള്ളത് നല്ല നീക്കം തന്നെയാണ്. ഇതിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും കൂടുതൽ സംരംഭങ്ങൾ സംസ്ഥാനത്തേക്ക് വരുകയും ചെയ്താൽ മാത്രമെ സുസ്ഥിരമായ ഒരു വികസനം കേരളത്തിന് നേടാനാകൂ.

അനു അന്ന ജോ
(സീനിയർ റിസർച്ച് അസോസിയേറ്റ്,
സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്)

This was first published on Wednesday, Feb 4, 2023, in ‘ Samayam Malayalam ’ Read it here…

Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.

Anu Anna Jo
Senior Research Associate | + posts

Anu Anna Jo is a Senior Associate, Research at CPPR. Anu, by qualification holds an M.sc. in Economics (specialised in Environmental Economics) from Madras School of Economics and B.A. Honors Economics from Jesus and Mary College, Delhi University. She has been associated with Madras School of Economics as a Research Assistant since 2018 on various projects. She has also interned with Dept. of Economic Affairs, Ministry of Finance, Government of India in 2014.

Anu Anna Jo
Anu Anna Jo
Anu Anna Jo is a Senior Associate, Research at CPPR. Anu, by qualification holds an M.sc. in Economics (specialised in Environmental Economics) from Madras School of Economics and B.A. Honors Economics from Jesus and Mary College, Delhi University. She has been associated with Madras School of Economics as a Research Assistant since 2018 on various projects. She has also interned with Dept. of Economic Affairs, Ministry of Finance, Government of India in 2014.

Leave a Reply

Your email address will not be published. Required fields are marked *