ഇന്ത്യാ ഗവൺമെന്റിന്റെ നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 20 ലക്ഷം തെരുവോര ഭക്ഷണ കച്ചവടക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും പഴക്കമുള്ള അനൗപചാരിക മേഖലകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. നമ്മുടെ നഗരങ്ങളുടെ സമ്പദ്‌വ്യവസ്ഥ, സാമൂഹിക ചുറ്റുപാടുകൾ, സംസ്കാരങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിലും, വലിയ നഗരങ്ങളിൽ ജീവിതച്ചെലവ് ഗണയ്മായി കുറയ്ക്കുന്നതിലും തെരുവോര ഭക്ഷണ കച്ചവടക്കാർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മൈക്രോ-സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് സാമ്പത്തിക പുരോഗതിയുടെ പുതിയ ചക്രവാളങ്ങൾ തുറന്ന് തരുന്നു. നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെൻഡേഴ്‌സ് ഓഫ് ഇന്ത്യയുടെ (NASVI) ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ, തെരുവോര കച്ചവടക്കാർ രാജ്യത്തിന്റെ ജിഡിപിയുടെ ഏഴ് ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ടാണ് കണക്ക്. നഗരങ്ങളിൽ, തെരുവോര കച്ചവടം നിയന്ത്രിക്കുന്നതും കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും  ഒരു വലിയ വെല്ലുവിളിയാണ്. സംസ്ഥാനത്തെ തിരക്കേറിയ നഗരമെന്ന നിലയിൽ കൊച്ചിയിലേക്ക് വന്നാൽ സ്ട്രീറ്റ് ഫുഡ് ബൂത്തുകളുടെ വൈവിധ്യമാർന്ന നിര തന്നെ കാണാനാകും. കൊച്ചി കോർപറേഷൻ്റെ കണക്കുകൾ പ്രകാരം ഏകദേശം 900 തെരുവോര ഭക്ഷണ കച്ചവടക്കാർ നഗരത്തിൽ നിലവിലുണ്ട്.

ഇന്ത്യയിലെ തെരുവോര കച്ചവടക്കാരുടെ ഉപജീവന സംരക്ഷണവും കച്ചവട നിയന്ത്രണവും ഉറപ്പുവരുത്താനായി 2014ലാണ് തെരുവോര കച്ചവട നിയമം (Protection of Livelihood and regulation of Street vending Act)  കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ച് പ്രാദേശിക മുനിസിപ്പാലിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ടൗൺ വെൻഡിംഗ് കമ്മിറ്റിക്ക് (ടിവിസി), വെൻഡിംഗ് സോണുകൾക്കായി പ്രത്യേകം നിയമങ്ങൾ പുറത്തിറക്കാൻ അധികാരമുണ്ട്. വെൻഡിംഗ് സോണുകൾക്കായി   സ്ഥലം നീക്കിവെക്കൽ, വെൻഡിംഗ് സോണുകളെ നിയന്ത്രണ-രഹിത കച്ചവടം (വഴിയോര കച്ചവടക്കാർക്ക് 24 മണിക്കൂറുമുള്ള കച്ചവട സ്വാതന്ത്ര്യം), നിയന്ത്രിത-വെൻഡിംഗ് സോണുകൾ (വെൻഡിംഗ് അനുവദനീയമായ സമയപരിധികൾ), നോ-വെൻഡിംഗ് സോണുകൾ എന്നിങ്ങനെ പരിധികൾ കൊണ്ടുവരനാുള്ള അധികാരം ടൗൺ വെൻഡിംഗ് കമ്മിറ്റിക്കുണ്ട്. ഓരോ അഞ്ച് വർഷത്തിലും  കച്ചവടക്കാരെ സർവേ ചെയ്യുകയും, തിരിച്ചറിയൽ കാർഡുകൾ നൽകുകയും, ടിവിസി അംഗീകരിച്ച വെൻഡിംഗ് സോണിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്യാം. വെൻഡിംങ് സോണുകളിൽ കൂടുതൽ പ്രവർത്തനക്ഷമത, സാമ്പത്തിക വളർച്ച, എന്നിവ കൈവരിക്കുക എന്നതാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യങ്ങൾ. കൊച്ചിയിലെ ടൗൺ വെൻഡിംഗ് കമ്മിറ്റി നഗരത്തിലുടനീളം 65 വെൻഡിംഗ് സോണുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ, 900ത്തോളം തെരുവോര ഭക്ഷണ കച്ചവടക്കാർ ഉൾപ്പെടെ ആകെമൊത്തം 2353 വഴിയോര കച്ചവടക്കാരെ മാറ്റി പാർപ്പിക്കുന്നതും, അവർക്ക്  തുടർച്ചയായ വരുമാനം ലഭിക്കും വിധം ഒരു കച്ചവടന്തരീക്ഷം നിർമ്മിക്കുന്നതിലും കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ നിരവധി വെല്ലുവിളി നേരിടുന്നുണ്ട്.

കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനമായ, തിരക്കേറിയ ഒരു പ്രദേശമാണ് പനമ്പിള്ളി നഗർ. പനമ്പള്ളി നഗറിലെ തെരുവോര ഭക്ഷണ കച്ചവടക്കാർക്കായി ടൌൺ വെൻഡിംഗ് കമ്മിറ്റി നിയോഗിച്ച പുതിയ വെൻഡിംഗ് സോണുകളിലേക്കു മാറാൻ കച്ചവടക്കാർക്ക് താത്പര്യമില്ലെന്ന് സിപിപിആറിൻ്റെ യൂത്ത് ലീഡർഷിപ്പ് ഫെലോഷിപ്പിൻ്റെ ഭാഗമായി നടത്തിയ സർവെയിൽ കണ്ടെത്തി. ഇതിനു നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. ഒന്നാമതായി, അവരുടെ സ്ഥിരം ഉപഭോക്താക്കൾ നഷ്ടപ്പെടുന്നതിൽ കച്ചവടക്കാർക്ക് ആശങ്കയുണ്ട്. കൂടാതെ, നിയുക്ത വെൻഡിംഗ് സോണുകൾ നഗര മധ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് വിൽപ്പനക്കാർ പറയുന്നു. പനമ്പിള്ളി നഗറിൽ, കെഎംസി രണ്ട് വെൻഡിംഗ് സോണുകൾ തിരഞ്ഞെടുത്തിട്ടുണ്ട്: പനമ്പിള്ളി ട്രയാങ്കിളിന് സമീപം 30 മീറ്റർ നീളമുള്ള ഒരു പ്രത്യേക വെൻഡിംഗ് സോൺ, ധരംബീർ എൻക്ലേവിന് സമീപത്തായി 12 മീറ്റർ നീളത്തിൽ മറ്റൊരു വെൻഡിംഗ് സോണുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് വെൻഡിംഗ് സോണുകളും പനമ്പിള്ളി നഗറിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ്. പനമ്പിള്ളി നഗറിലെ എല്ലാ തെരുവോര ഭക്ഷണ കച്ചവടക്കാരെയും മാറ്റി പാർപ്പിക്കാൻ മതിയായ സ്ഥലസൗകര്യം നിലവിൽ നിശ്ചയിച്ചിരിക്കുന്ന വെൻഡിംഗ് സോണുകളിൽ ഇല്ല. അത് കൂടാതെ വെൻഡിംഗ് സോണുകൾക്ക് അടിസ്ഥാന സൗകര്യം എന്ന നിലയിൽ പാർക്കിങ്ങിന് അനുവദിക്കാനുള്ള സ്ഥലവും നിർദ്ധിഷ്ട വെൻഡിംഗ് സോണുകളിൽ ഇല്ല. പനമ്പിള്ളി നഗറിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഫുഡ് സ്പോട്ടുകൾ മറയ്ക്കുകയും കച്ചവടകാരുടെ വരുമാന സ്രോതസ്സിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നടപടി. 

വെൻഡിംഗ് സോണുകളെ നിർണയിക്കാൻ നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിർദേശിച്ചുകൊണ്ട് പാർലമെൻ്റ് നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്ത്യൻ പാർലമെന്റിന് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിൽ പരാമർശിച്ചിരിക്കുന്നത് പ്രകാരം പാർക്കുകൾ, കമ്മ്യൂണിറ്റി സെൻ്ററുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി അവയെ വെൻഡിംഗ് സോണുകളായി നിർണയിക്കാൻ നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിർദേശിക്കുന്നുണ്ട്. ഇത് വഴിയോര കച്ചവടക്കാർക്ക് കൂടുതൽ അവസരമൊരുക്കുന്നതാണ്. നഗര കേന്ദ്രങ്ങളിൽ നിന്ന് അകലെയുള്ള വെൻഡിംഗ് സോണുകൾ വിഭവങ്ങൾ പാഴാക്കുന്നതിന് സമമാണ്.

 പനമ്പിള്ളി നഗറിൽ മതിയായ വീതിയും നല്ല കണക്ഷനുമുള്ള മികച്ച സർവീസ് റോഡുകളുണ്ട്. അതിനാൽ തന്നെ റോഡ് ഗതാഗതത്തിൽ തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ ഒരു സ്ട്രീറ്റ് ഫുഡ്‌ വെൻഡർ പോലും അവിടെ  കച്ചവടം ചെയ്യുന്നില്ല. നിലവിൽ പനമ്പിള്ളി നഗറിൽ മുപ്പതോളം തെരുവോര കച്ചവടക്കാർ വിപണനം നടത്തി വരുന്നു. 30 പേരെയും നിർദ്ധിഷ്ട രണ്ട് വെൻഡിംഗ് സോണുകളിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടേറിയതാണ്. രണ്ട് നിർദ്ധിഷ്ട വെൻഡിംഗ് സോണുകളുടെയും കൂടി ആകെ നീളം 42 മീറ്ററാണ്. വെൻഡിംഗ് കാർട്ടുകൾക്കിടയിലുള്ള ഇടങ്ങൾ കണക്കിലെടുക്കുമ്പോൾ, 10 മീറ്ററിനുള്ളിൽ  പരമാവധി നാല് കച്ചവടക്കാരെ മാത്രമെ  ഉൾക്കൊള്ളാൻ കഴിയു. അങ്ങനെ വരുമ്പോൾ, നിർദ്ധിഷ്ട രണ്ട് വെൻഡിംഗ് സോണുകളിലുമായി പരമാനവധി 16 വെൻഡർമാരെ ഉൾക്കൊള്ളാൻ കഴിയൂ. ബാക്കിയുള്ള കച്ചവടക്കാരെ നിലവിലുള്ള വെൻഡിംഗ് സോണുകളിൽ പാർപ്പിക്കേണ്ടി വരും, ആ സ്ഥലങ്ങൾ അധിക വെൻഡിംഗ് സോണുകളായി കണക്കാക്കുകയും അവിടെ കച്ചവടം ചെയ്യാൻ അനുവദിക്കുകയും ചെയേണ്ടതുണ്ട്. തെരുവോര കച്ചവടക്കാരെ അവർ വിൽക്കുന്ന ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി വിവിധ ക്ലസ്റ്ററുകളായി തരംതിരിച്ചതിനു ശേഷം അവരെ മാറ്റിസ്ഥാപിക്കുന്നതാണ് ഉചിതം. അടുത്തിടെ ലൈസൻസ് നേടിയ വ്യാപാരികളെയും യാദൃശ്ചികമായി റോഡ് കൈയേറിയവരെയും പുതിയ വെൻഡിംഗ് സോണുകളിലേക്ക് മാറ്റാവുന്നതാണ്. കൂടാതെ, എല്ലാ തെരുവോര ഭക്ഷണ കച്ചവടക്കാർക്കും ഒരു തുല്യ പരിഗണന ഉറപ്പാക്കാൻ 25 ചതുരശ്ര അടി സ്ഥല വിനിയോഗം എന്നത് കർശനമായി നിലനിർത്തിക്കൊണ്ട്, പനമ്പിള്ളി നഗറിലെ തെരുവോര കച്ചവടക്കാരെ യൂണിഫോം വെൻഡിംഗ് കാർട്ടുകൾ ഉപയോഗിക്കാനായി നിർദ്ദേശിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് വെള്ളം, ടോയിലറ്റ് സൗകര്യം, എന്നിവ ഉറപ്പാക്കാൻ കെഎംസി അടിയന്തര നടപടി സ്വീകരിക്കണം.

 വഴിയോര ഭക്ഷണ കച്ചവടക്കാർക്ക് അവരുടെ ബിസിനസ് വളർത്തുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അവരെ സാമ്പത്തിക വികസനത്തിന്റെ പ്രധാന പങ്കാളികളാക്കാനും കൊച്ചിയുടെ മൊത്തം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കാനും കഴിയും.


(This article was first featured in Kerala Kaumudi Online)

The authors are youth leadership fellows at CPPR

Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.

Deepa Prabha
+ posts

Leave a Reply

Your email address will not be published. Required fields are marked *