(പൊതുഗതാഗതം പോയ പോക്ക് എന്ന തലക്കെട്ടിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അവസാന ഭാഗം)​

കേരളത്തിലെ പൊതുഗതാഗത വ്യവസായം ഇന്ത്യയിൽത്തന്നെ സമാനതകളില്ലാത്ത വിധം സ്വകാര്യ മേഖലയെക്കൂടി പങ്കാളിയാക്കിക്കൊണ്ടുള്ളതായിരുന്നു. ഈ രീതിയിലുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസന മാതൃകയിൽ വഹിച്ച പങ്ക് തള്ളിക്കളയാനാവുകയുമില്ല. വൈദ്യുതീകൃത ബസുകളും എൽ.എൻ.ജി എഥനോൾ ഹൈബ്രിഡ് ബസുകളും കൂടുതലായി നിരത്തിലിറക്കി ഓടിക്കാൻ സ്വകാര്യ സംരംഭകരെ സർക്കാർ പ്രേരിപ്പിക്കുകയാണ് ഇപ്പോൾ വേണ്ടത്.

കൂടുതൽ സ്ഥലം ഏറ്റെടുത്ത്,​ വലിയ ചെലവിൽ ഫാക്ടറികളും ഡാറ്റാ സെന്ററുകളും മറ്റും സ്ഥാപിക്കുന്നതു മാത്രമല്ല വ്യവസായം. സംസ്ഥാനത്തിനാകെ ആവശ്യമായ ഒരു പൊതുസേവനം മലിനീകരണത്തോത് താരതമ്യേന കുറഞ്ഞ സങ്കേതിക വിദ്യകളുപയോഗിച്ച് ഏർപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. പ്രത്യേകിച്ച്,​ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് സ്വകാര്യ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിന് കാര്യക്ഷമമായ ഒരു പൊതുഗതാഗത സംവിധാനം ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിന് സംഘടിതമായ ഒരു നയംമാറ്റം പരിഗണിക്കുകയാണ് ആദ്യം വേണ്ടത്.

കൂടുതൽ സ്വകാര്യം

സ്വകാര്യ സംരംഭകർക്ക് ന്യായമായ വാണിജ്യ നേട്ടമുള്ള അവസരങ്ങൾ ഒരുക്കി,​ മൊബൈൽ ആപ്പുകൾ വഴി ബുക്കിംഗും മലിനീകരണം കുറവുള്ള,​ യാത്രാ സുഖസൗകര്യങ്ങളുളള ബസുകളും,​ സ്ലീപ്പർ ബസുകളുമൊക്കെ പൊതുഗതാഗത മേഖലയിൽ സ്വകാര്യ സംരംഭകരെക്കൊണ്ട് കൂടുതലായി ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. സ്വകാര്യ സർവീസുകൾ റഗുലേറ്റ് ചെയ്യപ്പെടുന്ന ഒരു പുതിയ നയസംവിധാനം തന്നെ ആലോചിക്കാവുന്നതാണ്.

പൊതു സ്വകാര്യ ബസുകളുടെ ശരാശരി നിരത്തുവേഗം സ്വകാര്യവാഹനങ്ങളേക്കാൾ കൂടുതലാവുകയും,​ ബസ്കോറിഡോറുകൾ ദേശീയ- സംസ്ഥാന പാതയിലുടനീളവും നഗരങ്ങളിലും നൽകുകയും വേണം.

ഇത്തരത്തിൽ,​ സ്വകാര്യ മേഖല പുതിയ വ്യവസായ,​ സാങ്കേതിക,​ സുരക്ഷാ മാനദണ്ഡങ്ങളോടെ കരുത്താർജ്ജിച്ചുവരണം. അതോടൊപ്പം കെ.എസ്.ആർ.ടി.സി കരാർ സേവനങ്ങളിലേക്കും അധിക നിഷ്‌ക്രിയ ആസ്തി വിറ്റഴിക്കലിലേക്കും കടക്കേണ്ടതുണ്ട്. സേവനത്തിന് ആവശ്യമായവ ഒഴികെയുള്ള അധിക നിഷ്‌ക്രിയ ആസ്തി ദീർഘകാല പാട്ടത്തിന് പൊതു പ്രസക്തിയുളള ആവശ്യങ്ങൾക്കായി ക്രയവിക്രയം ചെയ്യണം. ഇത് സ്വകാര്യ- പൊതു പങ്കാളിത്ത മാതൃകയിലാകാം. നിഷ്‌ക്രിയ ആസ്തികളുടെ മിച്ചമൂല്യം ഗതാഗതം മെച്ചപ്പെടുത്താൻ ഉപയോഗിക്കണം. ഇതിലൂടെ കടത്തിന്റെ തോതു കുറയ്ക്കാനും അധിക ജീവനക്കാർക്ക് ഒറ്റത്തവണ വിരമിക്കൽ ആനുകൂല്യം നൽകി ശിഷ്ടജീവിത സൗകര്യം ഉറപ്പാക്കിയുള്ള മാറ്റത്തിനും തയ്യാറാകണം.

പെൻഷൻ ഫണ്ട്,​ബജറ്റ് റൂട്ട്

കൃത്യമായി ക്രമീകരിച്ച,​ സർക്കാർ പിന്തുണയ്ക്കുന്ന ഒരു പൊതു പെൻഷൻ ഫണ്ടിന്റെ പ്രയോജനം വിരമിക്കാൻ താത്പര്യമുളള എല്ലാവർക്കും ലഭിക്കുക എന്നത് അനിശ്ചിതമായ പെൻഷനേക്കാളും ശമ്പളത്തേക്കാളും എത്രയോ മികച്ചതാണ്. ഇപ്രകാരം റണ്ണിംഗ് സ്റ്റാഫിലും ഓഫീസ് ജീവനക്കാരിലും അധികമുള്ളത് നിയന്ത്രണവിധേയമാക്കിയ ശേഷം കൂടുതൽ ലാഭം നൽകുന്ന ചെലവു കുറഞ്ഞ ബിസിനസുകളിലേക്കു മാറാം. കോർപ്പറേഷനെ രണ്ടോ മൂന്നോ മേഖലാ കമ്പനികളാക്കാം. സർക്കാരിന്റെ അഭിപ്രായത്തിൽ സബ്സിഡി നിർബന്ധമായും നൽകേണ്ട റൂട്ടുകൾക്കും യാത്രികർക്കും വേണ്ടി തദ്ദേശസ്ഥാപനങ്ങളോടു ചേർന്ന് ബജറ്റ് നിരക്കിലുള്ള സേവനം നൽകാം.സബ്സിഡി സേവനം നൽകലും ബിസിനസും കൂട്ടിക്കെട്ടിയുളള സമീപനം ധനകാര്യ സ്ഥിരത ഇല്ലാതാക്കുകയേയുള്ളൂ. കൂടുതൽ റൂട്ടുകൾ പൊതു ആഭിമുഖ്യത്തിലാവുകയും,​ ഇവയിൽ തൃപ്തികരമായ സേവനം നൽകാനാകാതിരിക്കുകയും ഇതിനൊപ്പം മൂലധന സേവന ഘടകങ്ങൾ പോരാതെ വരികയും ചെയ്താൽ എന്താകും സ്ഥിതി?​ ഇങ്ങനെ പൊതുസേവനം മുരടിക്കുന്ന ഇടങ്ങൾ തുടർച്ചയായി സ്വകാര്യ വാഹനനിർമ്മാണ മേഖല നേടുകയും,​ ഇവയ്ക്കായി വലിയ തോതിൽ റോഡ് വിസ്തൃതിയും നീളവും വർദ്ധിപ്പിക്കേണ്ടി വരികയും,​ കൈകാര്യം ചെയ്യാവുന്നതിലും അധികം സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ പെരുകുകയും ചെയ്യുമ്പോഴോ?

​ചർച്ചയല്ല,​ ഇനിവേണ്ടത് മാറ്റം

ഈ പെരുക്കം മറിക്കടക്കാൻ സിൽവർലൈൻ പോലുള്ള,​ സാങ്കേതികമായി മെച്ചപ്പെട്ടവയെങ്കിലും വലിയ മുതൽമുടക്കും പരിസ്ഥിതി ക്ലിയറൻസുകളും വേണ്ടുന്ന നിക്ഷേപ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടി വരും. ഹാലിയുടെ വാൽനക്ഷത്രം പോലെ വന്നു മടങ്ങുമ്പോൾ പൊതു ഇടമാകെ ചർച്ച ചെയ്യുന്ന കെ.എസ്.ആർ.ടി.സിയിലെ ശമ്പള- പെൻഷന്റെ താത്കാലിക മുടക്കം മാത്രമല്ല ഈ രംഗത്തെ പ്രശ്നം. 10,000 ബസിന്റെ സ്ഥാനത്ത് ഗതാഗതത്തിന് ദിനംപ്രതി നിരത്തിൽ ഒരു ലക്ഷം പാസഞ്ചർ കാർ വേണമെന്നത് മറക്കരുത്. ഇവയുടെ മലിനീകരണത്തോത് എത്ര വലുതാകും?​ അതുണ്ടാക്കുന്ന അപകടങ്ങൾഎത്ര കൂടുതലായിരിക്കും?​ആത്യന്തികമായി,​ സിൽവർലൈനിനു പോലും പരിഹരിക്കാനാവാത്ത ഗുരുതരമായ ഒരു പ്രതിസന്ധി സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിലുണ്ട്. ഇതിന്റെ എല്ലാ വശങ്ങളും പരിഗണിച്ച്,​ സംസ്ഥാനത്തിന്റെ ദുർബലമായ പരിസ്ഥിതിക്ക് കൂടുതൽ ഇണങ്ങും വിധം ഗതാഗത വ്യവസായം മെച്ചപ്പെടുത്താനുള്ള ഒരു സമീപനം ഉരുത്തിരിയേണ്ടതുണ്ട്. ഇത് സാമ്പത്തികമായും സാങ്കേതികമായും എങ്ങനെ സുസ്ഥിരമാക്കാം എന്നൊരു ചോദ്യമുണ്ട്. ഈ ചോദ്യത്തിനു പകരം,​ കോർപ്പറേഷൻ ജീവനക്കാരുടെ താത്കാലിക ക്ഷേമം മാത്രം തുടർച്ചയായി ചർച്ചചെയ്യുന്നതിൽ കാര്യമില്ല. താത്കാലിക ധനലഭ്യത മാത്രമല്ല ഗതാഗത രംഗത്തെ പ്രശ്നം. നയസമീപനത്തിലും നടപടികളിലും കാലികമായ മാറ്റങ്ങളില്ലാത്ത സുസ്ഥിര വികസനം പൊതുഗതാഗത രംഗത്ത് അസാദ്ധ്യമാണ്.

(ഡോ. ബി. അശോക് കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറും സംസ്ഥാന കാർഷികോത്പാദന കമ്മിഷണറുമാണ്. ‌ഡോ. ഡി. ധനുരാജ് കൊച്ചി ആസ്ഥാനമായ സെന്റർ ഫോർ പബ്ളിക് പോളിസി റിസർച്ച് ഡയറക്ടർ)


The article was first published on Kerala Kaumudi

(D Dhanuraj is Chairman of CPPR, and Dr B Ashok is Principal Secretary of Government of Kerala)

Views expressed by the author are personal and need not reflect or represent the views of the Centre for Public Policy Research.

Chairman at Centre for Public Policy Research | + posts

Dr Dhanuraj is the Chairman of CPPR. His core areas of expertise are in international relations, urbanisation, urban transport & infrastructure, education, health, livelihood, law, and election analysis. He can be contacted by email at [email protected] or on Twitter @dhanuraj.

Dr B Ashok IAS
+ posts

Leave a Reply

Your email address will not be published. Required fields are marked *